
തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി തേടിക്കൊണ്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും കതിരൂര്‍ മനോജ് വധക്കേസ് പ്രതിയുമായ പി. ജയരാജന് നല്കിയ ഹരജി ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ശ്രീകല സുരേഷ് തള്ളി. 17ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കുപോകാനും 18ന് ജില്ലാ പഞ്ചായത്തംഗം കാരായി രാജന്റെ മകളുടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാനും ഒന്‍പതിന് അടുത്തിടെ ജനിച്ച മകന്റെ കുട്ടിയെ കാണാന്‍ പോകാനും അനുമതി തേടിക്കൊണ്ട് രണ്ടു ഹരജികളാണ് ജയരാജന് നല്‍കിയിരുന്നത്. 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കോടതി നേരത്തേ ജയരാജന് അനുമതി നല്‍കിയിരുന്നു.
ഈ ദിവസംതന്നെ ഇപ്പോള്‍ ഹരജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ചെയ്യുന്നതിനു തടസമില്ലെന്ന് കോടതി പറഞ്ഞു. അതിനിടെ, ജയരാജനെ പരിശോധിക്കാറുള്ള ഡോ. അഷ്റഫ് 17ന് പരിയാരം മെഡിക്കല്‍ കോളജില്‍ രോഗികളെ പരിശോധിക്കാറില്ലെന്ന കാര്യം വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗം ഹാജരാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നുതന്നെയാണ് ഇക്കാര്യം കോടതി കണ്ടെത്തിയത്. അതേസമയം, കേസിലെ 12ാം പ്രതിയായ കിഴക്കെകതിരൂരിലെ പുത്തലത്തുപൊയില്‍ രാമന് എന്ന രാമചന്ദ്രനു സഹോദരപുത്രന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്കി. 12ന് രാവിലെ ആറുമുതല്‍ വൈകീട്ട് ഏഴുവരെ ജില്ലയില്‍ പ്രവേശിക്കാനാണ് അനുമതി നല്‍കിയത്.