2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

കണ്ണൂര്‍ ജില്ലാഭരണകൂടത്തിന്റെ തീരുമാനം നഴ്‌സിങ് കൗണ്‍സില്‍ വ്യവസ്ഥയുടെ ലംഘനം

വിജിന്‍ വിജയപ്പന്‍

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം നേരിടാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം ചട്ട വിരുദ്ധം. നഴ്‌സിങ് വിദ്യാര്‍ഥികളെ ഇറക്കി കണ്ണൂര്‍ ജില്ലയിലെ സമരം നേരിടാനുള്ള ജില്ലാ ഭരണകൂട നീക്കം നഴ്‌സിങ് കൗണ്‍സില്‍ വ്യവസ്ഥയുടെ ലംഘനമെന്ന് നഴ്‌സുമാര്‍. വിദ്യാര്‍ഥികളെ ജോലിക്ക് നിയോഗിക്കാന്‍ പാടില്ലെന്ന് നഴ്‌സിങ് കൗണ്‍സില്‍ വ്യക്തമാക്കുന്നുണ്ട്. കൗണ്‍സിലിന്റെ ഈ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടം സമരത്തെ നേരിടുന്നതെന്ന് വ്യക്തം. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സ്വന്തം നാട്ടിലാണ് ചട്ടവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതെന്നതും ശ്രദ്ധേയം.
സ്റ്റാഫ് നഴ്‌സിന്റെയോ ട്യൂട്ടറിന്റെയോ സാന്നിധ്യമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് ആശുപത്രിയില്‍ പ്രാക്ടിക്കല്‍ നല്‍കരുതെന്നാണ് വ്യവസ്ഥ. ഡ്യൂട്ടി സ്റ്റാഫ് നഴ്‌സിന്റെ മേല്‍നോട്ടത്തിലായിരിക്കണം വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പഠനം. എന്നാല്‍, കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം നഴ്‌സുമാരും സമരത്തിലായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ നഴ്‌സുമാരുണ്ടാകില്ല. ഈ സ്ഥിതിയില്‍ വിദ്യാര്‍ഥികള്‍ സ്വതന്ത്രമായി ജോലി ചെയ്യേണ്ടി വരും.
രോഗികളുടെ ജീവന്‍ പോലും അപകടത്തിലാകാനുള്ള സാധ്യതയും ഏറെയാണ്. ആരോഗ്യ മേഖലയെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് തള്ളിവിടുവാനേ പുതിയ തീരുമാനം ഉപകരിക്കൂവെന്നും നഴ്‌സുമാര്‍ പറയുന്നു.
സമരം നേരിടാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം നഴ്‌സിങ് കൗണ്‍സിലിനോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ഐ.എന്‍.എ പ്രസിഡന്റ് ലിബിന്‍ തോമസ് പറഞ്ഞു. അവസാന വര്‍ഷ പരീക്ഷ വിജയിച്ചതിന് ശേഷമേ വിദ്യാര്‍ഥികള്‍ക്ക് ട്രെയിനിയായി പ്രവേശിക്കാന്‍ കഴിയൂ. നഴ്‌സിങ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവരെ ജോലിയില്‍ പ്രവേശിപ്പിച്ചാല്‍ ആശുപത്രി ഉടമയ്‌ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിയും.
എന്നാല്‍, ഇക്കാര്യങ്ങള്‍ മറച്ചുവച്ചാണ് ജില്ലാ ഭരണകൂടം സമരത്തെ നേരിടാനൊരുങ്ങുന്നത്. 150 വിദ്യാര്‍ഥികളെ പത്ത് സ്വകാര്യ ആശുപത്രികളിലായി നിയമിക്കാനാണ് തീരുമാനം. അതേസമയം, ഇതിനെ ശക്തമായി എതിര്‍ക്കുമെന്ന് ഐ.എന്‍.എ,യു.എന്‍.എ ഭാരവാഹികള്‍ വ്യക്തമാക്കി.

സമരത്തെ നേരിടാന്‍ രോഗികളെയും നഴ്‌സിങ് വിദ്യാര്‍ഥികളെയും ബലിയാടാക്കരുത്

കോഴിക്കോട്: ന്യായമായ ആവശ്യത്തിന് വേണ്ടിയുള്ള നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ രോഗികളേയും നഴ്‌സിങ് വിദ്യാര്‍ഥികളെയും ബലിയാടാക്കരുതെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനും (യു.എന്‍.എ), യുനൈറ്റഡ് നഴ്‌സസ് പാരന്റ്‌സ് അസോസിയേഷനും(യു.എന്‍.പി.എ) സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളെ ആശുപത്രി ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് യുനൈറ്റഡ് നഴ്‌സസ് ഫാക്കല്‍റ്റി അസോസിയേഷനും (യു.എന്‍.എഫ്.എ) ചൂണ്ടിക്കാട്ടി.
കലക്ടറുടെ ഉത്തരവനുസരിച്ച് ജോലിക്ക് ഹാജരാകാത്ത നഴ്‌സിങ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് കലക്ടറുടെ ഉത്തരവിനെ ഉദ്ധരിച്ച് മാനേജ്‌മെന്റുകള്‍ പറയുന്നത്. എന്നാല്‍, നിയമവിരുദ്ധമായി ജോലിക്ക് കയറുന്നവരുടെ ഭാവിയാവും പിന്നീട് അവതാളത്തിലാവുകയെന്ന് യു.എന്‍.എസ്.എ സംസ്ഥാന പ്രസിഡന്റ് എം.യു വിഷ്ണുവും ജനറല്‍ സെക്രട്ടറി അരുണ്‍ ജോസഫും പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.