2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കണ്ണൂരില്‍ ആര്‍ട്ട് ഗാലറി ഒരുങ്ങുന്നു

കണ്ണൂര്‍: സഹപ്രവര്‍ത്തകന്റെ ഓര്‍മയ്ക്കായി അധ്യാപകരുടെ കൂട്ടായ്മയില്‍ കണ്ണൂര്‍ ട്രെയിനിങ് സ്‌കൂളില്‍ ആര്‍ട്ട് ഗാലറി ഒരുങ്ങുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ അന്തരിച്ച ചിത്രകലാധ്യാപകന്‍ മോഹനന്‍ ചാലാടിന്റെ ഓര്‍മയ്ക്കായാണ് ഒരുലക്ഷത്തോളം രൂപ ചെലവിട്ട് ആര്‍ട്ട് ഗാലറി തയാറായത്.
കണ്ണൂരില്‍ ഒരു ആര്‍ട്ട് ഗാലറിയില്ലെന്ന തിരിച്ചറിവിലാണ് സ്‌കൂള്‍ പ്രന്‍സിപ്പല്‍                     പി.ആര്‍ വസന്തകുമാര്‍ ആശയം മുന്നോട്ടുവച്ചത്. ഒരു നിയോഗം പോലെ എല്ലാവരും ആശയം അംഗീകരിച്ചു. ഇതിനായി കോംപൗണ്ടിലെ 200 വര്‍ഷത്തോളം പഴക്കമുള്ള ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്ന പഴയ കെട്ടിടവും കണ്ടെത്തി. കെട്ടിടം പുരാവസ്തു സ്മാരകം പോലെ സംരക്ഷിക്കണമെന്ന ഉദ്ദേശത്തോടെ അറ്റകുറ്റപ്പണി ചെയ്തു പഴയമോടിയില്‍ പ്രവര്‍ത്തിയാരംഭിച്ചു.
അതിനിടെയാണ് ഗാലറിക്കുവേണ്ട നിര്‍ദേശവും സഹായവും നല്‍കിയ സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ മോഹനന്‍ ചാലാട് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് ഇനി ഗാലറി പ്രവര്‍ത്തിക്കുക. മറ്റുള്ള കലാകാരന്മാര്‍ക്കും പ്രദര്‍ശനത്തിനായി ഗാലറി വിട്ടുനല്‍കും.
മോഹനന്റെ കുടുംബം നടത്തുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചിത്രപ്രദര്‍ശനത്തോടെ ഗാലറി കലാസ്വാദകര്‍ക്കായി 30ന് തുറന്നുകൊടുക്കും. മോഹനന്‍ ചാലാട് വരച്ച ജീവന്‍ തുടിക്കുന്ന 30ഓളം ചിത്രമാണ് പ്രദര്‍ശനത്തിലുണ്ടാവുക. 30ന് വൈകുന്നേരം മൂന്നിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഗാലറി ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.