2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കണ്ണൂരില്‍ അമ്പരിപ്പിച്ച് ഇടതു മുന്നേറ്റം

എല്‍.ഡി.എഫ് -8

യു.ഡി.എഫ് -3
-കണ്ണൂരും കൂത്തുപറമ്പും എല്‍.ഡി.എഫ് പിടിച്ചെടുത്തു
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ ഇടതു തരംഗം. ആറു സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിയതിനൊപ്പം യു.ഡി.എഫില്‍ നിന്ന് രണ്ടു സീറ്റുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് വിജയിച്ച രണ്ടും മുസ്‌ലിം ലീഗ് വിജയിച്ച ഒരു സീറ്റുമടക്കം യു.ഡി.എഫ് ജില്ലയില്‍ മൂന്നു സീറ്റിലൊതുങ്ങി.
സിറ്റിങ് സീറ്റുകളായ പയ്യന്നൂര്‍, കല്യാശേരി, മട്ടന്നൂര്‍, തളിപ്പറമ്പ്, തലശേരി, ധര്‍മടം എന്നിവ ഇടതുമുന്നണി നിലനിര്‍ത്തി. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ കണ്ണൂര്‍ മണ്ഡലത്തില്‍ ഇടതുമുന്നണി ചരിത്ര വിജയം നേടി. മന്ത്രി കെ.പി മോഹനന്‍ കഴിഞ്ഞ തവണ വിജയിച്ച കൂത്തുപറമ്പ് ഇടതുമുന്നണി പിടിച്ചെടുത്തു. മന്ത്രി കെ.സി ജോസഫിന്റെ തട്ടകമായ ഇരിക്കൂറും പേരാവൂരും അഴീക്കോടും യു.ഡി.എഫ് നിലനിര്‍ത്തി.
ഇരിക്കൂര്‍ (കെ.സി ജോസഫ്), പേരാവൂര്‍ (അഡ്വ.സണ്ണി ജോസഫ്), അഴീക്കോട് (കെ.എം ഷാജി), പയ്യന്നൂര്‍ (സി കൃഷ്ണന്‍), കല്യാശേരി (ടി.വി രാജേഷ്), മട്ടന്നൂര്‍ (ഇ.പി ജയരാജന്‍), തളിപ്പറമ്പ് (ജെയിംസ് മാത്യു), തലശ്ശേരി (എ.എന്‍ ഷംസീര്‍), ധര്‍മടം (പിണറായി വിജയന്‍), കൂത്തുപറമ്പ് (കെ.കെ ശൈലജ), കണ്ണൂര്‍ (കടന്നപ്പള്ളി രാമചന്ദ്രന്‍) എന്നിവരാണ് വിജയിച്ചവര്‍. കനത്ത മത്സരം നടന്ന അഴീക്കോട് മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് നികേഷ് കുമാറിനെതിരെ മുസ്‌ലിം ലീഗിലെ കെ.എം ഷാജി ഉജജ്ജ്വല വിജയം നേടിയത്.

ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തി ഇടതുകോട്ടകള്‍
കണ്ണൂര്‍: കണ്ണൂരിലെ ഇടതു തട്ടകങ്ങള്‍ ഇളക്കമില്ലാത്തതാണെന്ന് തെളിയിക്കുകയാണ് ജില്ലയിലെ ആറു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. ഇടതിന്റെ കണ്ണൂരിലെ കരുത്തായ പയ്യന്നൂര്‍, കല്യാശേരി, മട്ടന്നൂര്‍, തളിപ്പറമ്പ്, തലശേരി, ധര്‍മടം മണ്ഡലങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം ഇടതു നേതാക്കളുടെ കണക്കുകളെ പോലും ഞെട്ടിച്ചു.
ആറുമണ്ഡലങ്ങളിലും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ഉയര്‍ത്തിയാണ് ഇടതു സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. സിറ്റിങ് എം.എല്‍.എ സി കൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി വിവാദമുണ്ടായ പയ്യന്നൂരില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്തിയാണ് സി കൃഷ്ണന്‍ വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മേധാവിത്വം നിലനിര്‍ത്തിയ അദ്ദേഹം മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 40,263 വോട്ടുകള്‍ക്കാണ് വിജയിച്ച് കയറിയത്.
മട്ടന്നൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂരില്‍ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍ വിജയിച്ചത് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 43381 നാണ്. വിമാനത്താവളം യാഥാര്‍ഥ്യമാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്ന പ്രചാരണം എവിടെയും ഏശിയില്ലെന്നതാണ് ഇടതുകോട്ടയായ ഭൂരിപക്ഷം തെളിയിക്കുന്നത്. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിച്ച ധര്‍മടത്ത് 36905 വോട്ടും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എന്‍ ഷംസീര്‍ മത്സരിച്ച തലശ്ശേരിയില്‍ 34117 വോട്ടും നേടി വിജയിച്ചു. തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ 40617 വോട്ടിന്റെയും കല്യാശേരിയില്‍ ടി.വി രാജേഷ് 42891 വോട്ടിന്റെയും ഭൂരിപക്ഷത്തിനും വിജയിച്ചതോടെ കണ്ണൂര്‍ ജില്ലയിലെ ഇടതുകോട്ടകള്‍ സുഭദ്രമാണെന്ന് വ്യക്തമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.