2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കണ്ണുരുട്ടി ബി.ജെ.പി; കൈയൊഴിഞ്ഞ് കോണ്‍ഗ്രസ്; നട്ടെല്ലോടെ തരൂര്‍

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍ ഇന്ത്യ ഒരു ‘ഹിന്ദു പാകിസ്താന്‍’ ആവുമെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂരിന്റെ പ്രസ്താവനയെച്ചൊല്ലി രാഷ്ട്രീയ വിവാദം.
കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടന്ന പരിപാടിക്കിടെ തരൂര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്. പ്രസ്താവനക്കെതിരേ ബി.ജെ.പി നേതാക്കള്‍ രംഗത്തുവരികയും കോണ്‍ഗ്രസ് തരൂരിനെ കൈയൊഴിയുകയും ചെയ്തതിനു പിന്നാലെ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി തരൂര്‍ വ്യക്തമാക്കിയതോടെ വിഷയം ചൂടേറിയ ചര്‍ച്ചയായിരിക്കയാണ്.
‘നിലവില്‍ ഇരുപതിലധികം സംസ്ഥാനങ്ങള്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ് ഭരിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് രാജ്യസഭയില്‍ സ്വന്തംനിലയ്ക്ക് ഭൂരിപക്ഷം കിട്ടും. അതോടെ അവര്‍ ഭരണഘടന ഭേദഗതി ചെയ്യാനിടയുണ്ട്.
ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിട്ടായിരിക്കും പുതിയ ഭരണഘടന. ഇത് സാധ്യമാവുന്നതോടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടും…’ ജനാധിപത്യത്തിന് അതിജീവനം നഷ്ടപ്പെടുന്നതോടെ അതുവഴി ഇന്ത്യ ഒരു ഹിന്ദു പാകിസ്താനായി മാറുമെന്നുമായിരുന്നു തരൂരിന്റെ പ്രസംഗം. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരേ ബി.ജെ.പി നേതാക്കള്‍ രൂക്ഷമായാണ് പ്രതികരിച്ചത്.
ഇന്ത്യയെയും ഹിന്ദുക്കളെയും അവഹേളിക്കുന്ന പരാമര്‍ശം നടത്തിയ തരൂരും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാപ്പുപറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അധികാരം ഇനി ലഭിക്കില്ലെന്ന തിരിച്ചറിവാണ് തരൂരിന്റെ പ്രസ്താവന തെളിയിക്കുന്നതെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് പ്രതികരിച്ചു.
അതേസമയം, പരാമര്‍ശം രാഷ്ട്രീയ വിവാദമായതോടെ തരൂരിനെ കോണ്‍ഗ്രസ് കൈയൊഴിഞ്ഞു. പരാമര്‍ശങ്ങള്‍ വ്യക്തിപരം മാത്രമാണെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
തരൂര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം തന്നെ വിശദമാക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ പറഞ്ഞു. ഏതു സര്‍ക്കാര്‍ വന്നാലും ഇന്ത്യയെ മറ്റൊരു പാകിസ്താനാക്കാന്‍ ഇവിടത്തെ ജനാധിപത്യം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗിലും പറഞ്ഞു. പ്രസ്താവനകള്‍ സൂക്ഷിച്ചുമാത്രം മതിയെന്ന് കോണ്‍ഗ്രസ് ഉപദേശിച്ചെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഉച്ചയോടെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ തരൂര്‍ വ്യക്തമാക്കി.
മതത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ട പാകിസ്താന്‍ ന്യൂനപക്ഷങ്ങളോടു വിവേചനം കാട്ടുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുകയാണ്. രാജ്യം മതത്തിന്റെ പേരില്‍ വെട്ടിമുറിക്കപ്പെട്ടതിന്റെ യുക്തി അംഗീകരിക്കാന്‍ ഇന്ത്യക്ക് ഇതുവരെ ആയിട്ടില്ല.
ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പ്പം പാകിസ്താന്റെ തനിപ്പകര്‍പ്പാണ്. മതാധിപത്യത്തിലൂന്നി ന്യൂനപക്ഷങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്ന ഇടമാകും അത്. അതൊരു ഹിന്ദു പാകിസ്താന്‍ ആയിരിക്കും.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടം അത്തരം രാജ്യത്തിനു വേണ്ടിയായിരുന്നില്ല.
പാകിസ്താന്റെ ഹിന്ദു പതിപ്പായി മാറാതെ നമ്മുടെ രാജ്യത്തെ കാത്തുസൂക്ഷിക്കുകയാണു വേണ്ടതെന്നും മുന്‍പും ഇക്കാര്യം താന്‍ പറഞ്ഞിട്ടുണ്ടെന്നും ഇനിയും പറയുമെന്നും പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്നും തരൂര്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.