2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

കണ്ണിലെ അമിതസമ്മര്‍ദ്ദം വിനയാകും

മാര്‍ച്ച് 11-17 ലോക ഗ്ലോക്കോമ വാരാചരണം

കണ്ണിന്റെ പല ഭാഗത്തുനിന്നുമുള്ള നാഡീഞരമ്പുകള്‍ ചേര്‍ന്നുണ്ടാകുന്നതാണ് ഒപ്ടിക് നേര്‍വ് എന്ന നാഡി. നേത്രാന്തര ഭാഗത്തെ സമ്മര്‍ദ്ദം ഈ നാഡീഞരമ്പുകള്‍ക്ക് താങ്ങാനാവാതെ വരുമ്പോള്‍ അവ പതുക്കെ ക്ഷയിക്കുന്നു. ഈ അവസ്ഥയാണ് ഗ്ലോക്കോമ

 

തന്‍ഫി കാദര്‍ (ബി.എസ്.സി ഒപ്‌ടോമെട്രി)

ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആറ് കോടിയിലധികം പേരെ അന്ധതയിലേക്ക് നയിക്കുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. സാവധാനത്തില്‍ കാഴ്ച്ച കവര്‍ന്നെടുക്കുന്ന നേത്രരോഗമാണിത്. കണ്ണിലുണ്ടാകുന്ന അമിതസമ്മര്‍ദ്ദമാണ് കാരണം. കണ്ണിലെ അമിതസമ്മര്‍ദ്ദം (ഇന്‍ട്രാ ഓക്യുലാര്‍ പ്രഷര്‍) തുടര്‍ന്നാല്‍ സ്ഥിരമായ അന്ധത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കും.
ഏതു പ്രായത്തിലുള്ളവര്‍ക്കും ബാധിക്കാവുന്ന അസുഖമാണിത്. ടി.വി, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം സാധാരണയായി ഗ്ലോക്കോമയ്ക്ക് കാരണമാവുന്നില്ല. 2004 ല്‍ ജപ്പാനില്‍ നടന്ന ഒരു പഠനത്തില്‍ മാത്രമാണ് കൂടുതല്‍ സമയം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ ഗ്ലോക്കോമ സാധ്യത കൂടിയേക്കാമെന്ന് സംശയമുണ്ടായത്.

 

ഗ്ലോക്കോമ എന്ത്?

കണ്ണിന്റെ പല ഭാഗത്തുനിന്നുമുള്ള നാഡീഞരമ്പുകള്‍ ചേര്‍ന്നുണ്ടാകുന്നതാണ് ഒപ്ടിക് നേര്‍വ് എന്ന നാഡി. നേത്രാന്തര ഭാഗത്തെ സമ്മര്‍ദ്ദം ഈ നാഡീഞരമ്പുകള്‍ക്ക് താങ്ങാനാവാതെ വരുമ്പോള്‍ അവ പതുക്കെ ക്ഷയിക്കുന്നു. ഈ അവസ്ഥയാണ് ഗ്ലോക്കോമ. ചില രോഗികളില്‍ കണ്ണിലെ നാഡീഞരമ്പുകളിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതു ഞരമ്പുകള്‍ ചുരുങ്ങാനും പൊട്ടാനും (ഹെമറേജ്) ഇടയാവുന്നതിലൂടെ അന്ധത സംഭവിക്കുന്നു. സാധരണയായി ഇന്‍ട്രാ ഓക്യുലാര്‍ പ്രഷര്‍ 11നും 21നും ഇടയിലാണുണ്ടാവുക. എന്നാല്‍ സാധാരണ സമ്മര്‍ദ്ദം ഗ്ലോക്കോമ ഒഴിച്ചുള്ള രോഗികളില്‍ ഇത് 21ന് മുകളിലായിരിക്കും. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെങ്കിലും ചില മരുന്നുകള്‍ ഒപ്ടിക് നേര്‍വിന്റെ നാശം സാവധാനത്തിലാക്കുന്നു.
ഗ്ലോക്കോമ പ്രാരംഭഘട്ടത്തിലുള്ള മിക്ക രോഗികളുടെയും ഒപ്ടിക് നേര്‍വിന് ചില തകരാറുണ്ടാവാമെങ്കിലും കാഴ്ചയെ കൂടുതലായി ബാധിക്കില്ല. അക്വസ് ഹ്യൂമര്‍ എന്ന സ്രവം ഒഴുകിപ്പോവുന്ന ട്രബ്ക്യുലാര്‍ മെഷ്‌വര്‍ക്കെന്ന ചാലിനു തടസമുണ്ടാവുന്നതാണ് ഗ്ലോക്കോമയുടെ പ്രധാന കാരണം. ഇതിന്റെ കാരണം അജ്ഞാതമാണ്. എങ്കിലും ഇത് പാരമ്പര്യരോഗമായി കരുതപ്പെടുന്നു. കണ്ണിലുണ്ടാകുന്ന രോഗബാധകള്‍, കണ്ണുവീക്കം, കണ്ണിലെ ശസ്ത്രക്രിയ, കണ്ണിലുണ്ടാവുന്ന മുറിവ്, രാസവസ്തുക്കളും മറ്റും കണ്ണില്‍ വീഴുന്നത് എന്നിവ ഗ്ലോക്കോമയ്ക്ക് കാരണമാകാം. ഇത് കാഴ്ചയുടെ വിസ്തൃതിയെയാണ് ആദ്യം ബാധിക്കുന്നത്. ഞരമ്പുകള്‍ ഓരോന്നായി നശിക്കുമ്പോഴും തുടക്കത്തില്‍ രോഗിയുടെ കാഴ്ചയ്ക്ക് പ്രശ്‌നമോ, കണ്ണുകള്‍ക്ക് വേദനയോ, ഭാരമോ അനുഭവപ്പെടുന്നില്ല. രക്തസമ്മര്‍ദ്ദവും കണ്ണിലെ മര്‍ദ്ദവും തമ്മില്‍ നേരിട്ട് ബന്ധമില്ലെങ്കിലും രക്തസമ്മര്‍ദ്ദമുള്ളവരില്‍ ഗ്ലോക്കോമ ബാധ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

ഗ്ലോക്കോമ പലതരം

ലോ ടെന്‍ഷന്‍, അക്യൂട്ട്, കണ്‍ജെനിറ്റല്‍, സെക്കന്‍ഡറി എന്നിങ്ങനെ ഗ്ലോക്കോമ കണ്ടുവരുന്നു. ജന്മനായുള്ള ഗ്ലോക്കോമ വളരെ അപൂര്‍വമായേ കാണാറുള്ളൂ. ഇത് മൂന്നു വയസിനു താഴെയുള്ള കുട്ടികളിലാണ് കാണുന്നത്. ഓപ്പണ്‍ ആംഗിള്‍, ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമകളാണ് സാധാരണയായി കണ്ടുവരുന്നത്. ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ എന്നാല്‍ കണ്ണിന്റെ ആംഗിള്‍ തുറന്നിരിക്കുമെങ്കിലും ദ്രാവകം പുറത്തേക്കു പോകാത്ത അവസ്ഥയാണ്. കോശത്തിന്റെ തകരാര്‍ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. കെട്ടിക്കിടക്കുന്ന ദ്രാവകം കണ്ണിന്റെ മര്‍ദ്ദം വര്‍ധിപ്പിച്ച് ഞരമ്പുകള്‍ക്ക് കേടുവരുത്തും. പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ഇടയ്ക്കിടെ കണ്ണട മാറ്റേണ്ട സാഹചര്യം വരികയാണെങ്കില്‍ ഇതാണെന്ന് സംശയിക്കാം. കണ്ണിന്റെ ആംഗിള്‍ (ഡ്രൈനേജ്) അടഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമ. ഇതുമൂലം ദ്രാവകം പുറത്തേക്ക് പോകാതെവരും.
കണ്ണുകള്‍ക്ക് വേദന, തലവേദന, കാഴ്ച മങ്ങല്‍, പ്രകാശത്തിനു ചുറ്റും വലയം ഉള്ളതുപോലെ തോന്നല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമ സംശയിക്കാം. ഗ്ലോക്കോമ ചിലപ്പോള്‍ പാരമ്പര്യമായി വരാറുണ്ട്. അതുകൊണ്ട് നേരത്തേതന്നെ ഗ്ലോക്കോമ ഉണ്ടോ എന്നുള്ള പരിശോധന നടത്തുന്നത് നല്ലതാണ്. 40 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് സാധാരണയായി ഗ്ലോക്കോമ അധികം കണ്ടുവരുന്നത്. സ്ത്രീകളിലാണ് കൂടുതലായും ഗ്ലോക്കോമ വരുന്നത്. സ്ഥിരം സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിച്ചാലോ എന്തെങ്കിലും ക്ഷതമേറ്റാലോ ഗ്ലോക്കോമ വരാം. രോഗമുള്ള കണ്ണു മാത്രം ചികില്‍സിച്ചാല്‍ പോരാ, മറ്റേ കണ്ണും പരിശോധന നടത്തി ചികില്‍സ നടത്തണം.

 

എങ്ങനെ കണ്ടുപിടിക്കാം

ലക്ഷണങ്ങളൊന്നും ഉണ്ടാകില്ലെന്നതിനാല്‍ പലപ്പോഴും കണ്ണുപരിശോധനയിലൂടെയാണ് ഗ്ലോക്കോമ അവിചാരിതമായി കണ്ടെത്തുന്നത്. ഗ്ലോക്കോമ ലക്ഷണങ്ങള്‍ വളരെ വൈകിമാത്രമാണ് പ്രകടമാവുന്നത്. അതുകൊണ്ടുതന്നെ സാധാരണയായി ഗ്ലോക്കോമ 60 വയസിനോടടുക്കുമ്പോഴാണ് കണ്ടുപിടിക്കപ്പെടുന്നത്. അപ്പോഴേക്കും രോഗിയുടെ കണ്ണിലെ നാഡീഞരമ്പുകള്‍ മിക്കവാറും നശിച്ചിട്ടുണ്ടാകും. പലതരം തുള്ളിമരുന്നുകള്‍ വഴി കണ്ണിലെ അമിതമര്‍ദ്ദം ഫലപ്രദമായി കുറച്ച് ഈ നാഡീഞരമ്പുകളുടെ നാശം ഒഴിവാക്കാന്‍ സാധിക്കും. തുള്ളിമരുന്നുകള്‍ കൊണ്ട് മര്‍ദ്ദം കുറഞ്ഞില്ലെങ്കില്‍ അവരെ ഗ്ലോക്കോമ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കണം. കണ്ണിന്റെ അമിതമര്‍ദ്ദം കുറയ്ക്കുന്നതിന് ചില ലേസര്‍ പ്രയോഗങ്ങളും നിലവിലുണ്ട്.
കുടുംബത്തില്‍ ഗ്ലോക്കോമ രോഗികള്‍ ഉണ്ടെങ്കില്‍ കുടുംബാംഗങ്ങള്‍ വളരെ നേരത്തേ തന്നെ ഈ പരിശോധന നടത്തിയിരിക്കണം. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ഈ രോഗമുണ്ടെങ്കില്‍ രണ്ട് ഇരട്ടിയും സഹോദരങ്ങള്‍ക്കുണ്ടെങ്കില്‍ നാലിരട്ടിയും രോഗസാധ്യതയുണ്ടാകാമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ ഹ്രസ്വകാഴ്ച, പ്രമേഹം, തൈറോയ്ഡ് ഗ്രന്ഥിയുടെ കുഴപ്പം എന്നിവയുള്ളവര്‍ക്കും ഗ്ലോക്കോമയുടെ സാധ്യത സാധാരണയിലും കൂടുതലാണ്.
ഗ്ലോക്കോമ ഉണ്ടെന്ന് സംശയം തോന്നിയാല്‍ ഡോക്ടര്‍ രോഗിയുടെ കണ്ണ് വിശദമായി പരിശോധിക്കും. ആദ്യം കാഴ്ചശക്തിയും പിന്നീട് കണ്ണിന്റെ മര്‍ദ്ദത്തിന്റെ അളവും നോക്കും. കണ്ണിന്റെ നാഡിയെ മര്‍ദ്ദം എത്രമാത്രം ബാധിച്ചു എന്ന് നേരിട്ടുകാണുന്ന പരിശോധനയാണ് അടുത്തത്. ഇതിന് സ്ലിറ്റ് ലാംബ് ബയോ മൈക്രോസ്‌കോപ്പിയാണ് ഉത്തമം.
ഓട്ടോമേറ്റഡ് പെരിമെട്രി പരിശോധനയാണ് അടുത്തത്. ഗ്ലോക്കോമ കാഴ്ചയുടെ വിസ്തൃതിയെ എത്രമാത്രം ബാധിച്ചു എന്ന് ഈ പരിശോധനയിലൂടെ കണ്ടെത്താം. ദൃശ്യമണ്ഡലത്തിന്റെ (ഫീല്‍ഡ്) നിലപരിശോധന (ഫീല്‍ഡ് ടെസ്റ്റ്) നടത്തും. ഇത് സ്ഥൂലക്കാഴ്ച നഷ്ടമായിട്ടുണ്ടോ എന്ന് അറിയാന്‍ വേണ്ടിയാണ്. അതിനു ശേഷം റെറ്റിനല്‍ എക്‌സാമിനേഷന്‍ നടത്തും. ഇതിനു പുറമെ പല പുതിയ പരിശോധനാരീതികളും നിലവിലുണ്ട്.

 

ചികില്‍സ

ഗ്ലോക്കോമ ഉണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞാല്‍ അത് വ്യാപിക്കാതിരിക്കാനും ശേഷിക്കുന്ന കാഴ്ചശക്തി നഷ്ടപ്പെടാതിരിക്കാനുമാണ് ചികില്‍സ നല്‍കുന്നത്. അതിനൊപ്പം കണ്ണിന്റെ മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നും ഉണ്ടാകും. കൃത്യമായി ചികില്‍സ തേടിയിട്ടില്ലെങ്കില്‍ ഗ്ലോക്കോമ തലച്ചോറില്‍നിന്ന് കണ്ണിലേക്ക് വരുന്ന ഒപ്ടിക് ഞരമ്പിനെ തകരാറിലാക്കുകയും കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെടുത്തുകയും ചെയ്യും.
നമ്മുടെ കാഴ്ചയില്‍ ചുറ്റുമുള്ള വസ്തുക്കള്‍കൂടി പതിയുന്നുണ്ടോ എന്ന് അറിയാനുള്ള പെറിഫറല്‍ ഫീല്‍ഡ് നടത്തി അതിന്റെ ഫലം അനുസരിച്ചാണ് ചികില്‍സ തീരുമാനിക്കുക. ആദ്യഘട്ടത്തില്‍ തുള്ളിമരുന്നാണ് നല്‍കുക. പെട്ടെന്ന് മര്‍ദ്ദം കൂടുന്ന സാഹചര്യമാണെങ്കില്‍ കുത്തിവയ്‌പോ ഗുളികകളോ വേണ്ടിവരും. എന്നിട്ടും മാറ്റം കാണുന്നില്ലെങ്കില്‍ മരുന്നുകളുടെ എണ്ണം കൂട്ടും. മര്‍ദ്ദം കുറയുന്നതുകൊണ്ടു മാത്രം ഗ്ലോക്കോമ നിയന്ത്രണവിധേയമാകണമെന്നില്ല.
അതുകൊണ്ട് ഫീല്‍ഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. ആറു മാസം മുന്‍പ് നടത്തിയ ഫീല്‍ഡ് ടെസ്റ്റിന്റെ ഫലവുമായി താരതമ്യം ചെയ്യും. തുള്ളിമരുന്ന് ഫലപ്രദമാകുന്നുണ്ടെങ്കില്‍ അത് തുടരും. ഇല്ലെങ്കില്‍ അടുത്ത ഘട്ടമായ ലേസര്‍ ചികില്‍സയിലേക്ക് കടക്കും. അതിലും മാറ്റം കണ്ടില്ലെങ്കില്‍ മാത്രമാണ് ശസ്ത്രക്രിയ നടത്തുക.
കണ്ണിന്റെ ഐറിസ് എന്ന ഭാഗത്ത് ഒരു ദ്വാരമുണ്ടാക്കി അക്വസ് ഹ്യൂമറിന്റെ ഒഴുക്കിനു വഴി തുറന്നുകൊടുക്കുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുക. ഗ്ലോക്കോമ വന്നാല്‍ ജീവിതകാലം മുഴുവന്‍ ചികില്‍സ വേണ്ടിവരും. ചിലര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞാല്‍ മരുന്നു വേണ്ടിവരാറില്ല. ഭൂരിഭാഗം പേരും മൂന്നു മാസം കൂടുമ്പോള്‍ തുടര്‍പരിശോധന നടത്തി ചികില്‍സ തുടരേണ്ടിവരും.
ദക്ഷിണേന്ത്യയില്‍ നടന്ന ഒരു പഠനത്തില്‍ നഗരവാസികളില്‍ 5.4 ശതമാനത്തിനും ഗ്രാമവാസികളില്‍ 4.1 ശതമാനത്തിനും ഗ്ലോക്കോമ ബാധയുള്ളതായി കണ്ടെത്തി. ഇതില്‍ ഭൂരിഭാഗം ആളുകളും തങ്ങള്‍ ഇങ്ങനെയൊരു രോഗബാധിതരാണെന്നതിനെക്കുറിച്ച് ബോധവാന്‍മാരായിരുന്നില്ല. ആരംഭദശയില്‍ ഗ്ലോക്കോമ കണ്ടുപിടിച്ചാല്‍ മരുന്നുകളുടെ പ്രയോഗം കൊണ്ടു കാഴ്ച നിലനിര്‍ത്താം. കാഴ്ചനഷ്ടപ്പെടാതിരിക്കാന്‍ കണ്ണ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.