2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

കണ്ണപ്പന്‍കുണ്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം സജീവം

കോഴിക്കോട്: ഉരുള്‍പൊട്ടലുണ്ടായ കണ്ണപ്പന്‍കുണ്ടില്‍ രക്ഷാപ്രവര്‍ത്തനം സജീവം. ഗതിമാറി ഒഴുകിയ പുഴ യഥാര്‍ഥ വഴിയിലേക്ക് തിരിച്ചുവിട്ടതോടെ വെള്ളക്കെട്ടിനു ശമനം. ജനവാസ കേന്ദ്രത്തിലൂടെ ഒഴുകിയ പുഴ സൈന്യവും ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്നാണ് ഗതിമാറ്റിയത്. താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
മഴക്കെടുതിയില്‍ താമരശ്ശേരി താലൂക്കില്‍ 14 വീടുകള്‍ പൂര്‍ണമായും 95 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പുതുപ്പാടി പഞ്ചായത്തില്‍ 10 വീടുകള്‍ പൂര്‍ണമായും 20 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൂടരഞ്ഞിയില്‍ നാല് വീടുകള്‍ പൂര്‍ണമായും 75 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവമ്പാടി പഞ്ചായത്തിലെ ഇലന്തുകടവ് തുരുത്തില്‍ മലവെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയവരില്‍ ചിലര്‍ വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് തിരിച്ചെത്തി ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു.
സന്നദ്ധ പ്രവര്‍ത്തകരും സഹായത്തിനുണ്ട്. വില്ലേജ് അധികൃതരും സ്ഥലത്തുണ്ട്. വീടുകളുടെ രണ്ടര മീറ്റര്‍ ഉയരത്തിലാണ് ഇവിടെ വെള്ളം കയറിയത്. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. ഇലന്തുകടവ് തുരുത്ത് റോഡും മറിപ്പുഴ പാലവും റോഡും മഴവള്ളപ്പാച്ചിലില്‍ തകര്‍ന്നു. കണ്ണപ്പന്‍കുണ്ട് പാലത്തില്‍ മരങ്ങളും കല്ലുകളും നീക്കുന്ന പ്രവൃത്തി വൈകിട്ടോടെ പൂര്‍ത്തിയായി. മട്ടിക്കുന്ന് പാലത്തിലും കല്ലുമാറ്റുന്ന പ്രവൃത്തി വൈകിട്ടും തുടര്‍ന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.