2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കണ്ടു പഠിക്കണം ഈ കായിക സംസ്‌കാരം

റിയോയില്‍ നിന്നു മുഹമ്മദ് കുഞ്ഞി

റിയോയില്‍ നിന്നുള്ള കാഴ്ചകള്‍ കണ്ടപ്പോള്‍ ഇന്ത്യയുമായി വെറുതേ താരതമ്യം ചെയ്തു പോയി. ഒളിംപിക്‌സില്‍ മെഡല്‍ വാരുന്ന അമേരിക്ക, ചൈന മറ്റു വിദേശ രാജ്യങ്ങള്‍ എന്നിവരുടെ കായിക സംസ്‌കാരത്തില്‍ നിന്നു നിരവധി പാഠങ്ങള്‍ നമ്മളും നമ്മുടെ ഭരണാധികാരികളും പഠിക്കാനുണ്ട്. കാലമെത്രയായി നാം ഒളിംപിക്‌സില്‍ മത്സരിക്കാന്‍ തുടങ്ങിയിട്ട്. വിരലിലെണ്ണാവുന്ന മെഡലുകളല്ലാതെ നമുക്കൊന്നും നേടാനായിട്ടില്ല.

അത് നമ്മുടെ കായിക സംസ്‌കാരത്തിന്റെ അല്ലെങ്കില്‍ അതിന്റെ നടത്തിപ്പിന്റെ പ്രശ്‌നാമാണെന്നാണ് ഇപ്പോള്‍ റിയോയിലെ കാഴ്ചകള്‍ കാണുമ്പോള്‍ തോന്നുന്നത്. ചൈനയില്‍ വളരെ ചെറു പ്രായത്തില്‍ തന്നെ അത്‌ലറ്റിക്‌സ് സ്‌കൂളുകളിലും മറ്റു കായിക സ്ഥാപനങ്ങളിലും ചേര്‍ന്നു പഠിക്കുന്ന കുഞ്ഞുങ്ങള്‍ പിന്നീട് സര്‍ക്കാരിന്റെ പൂര്‍ണ ചെലവിലും നിയന്ത്രണത്തിലുമായിരിക്കും വളരുന്നത്. മെഡല്‍ കൊയ്ത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മൈക്കല്‍ ഫെല്‍പ്‌സിനെ അമേരിക്കന്‍ കായിക അധികൃതര്‍ ഏറ്റെടുത്തിരിക്കുകയാണ്. മറ്റു രാജ്യങ്ങളുടെ കാര്യവും ഇതുപോലെ തന്നെ. കുഞ്ഞുനാളിലെ താരങ്ങളെ ഉയര്‍ത്തിക്കൊണ്ടു വന്നാല്‍ മാത്രമേ ലോക മാമാങ്കത്തില്‍ എന്തെങ്കിലും ചെയ്യാനാകൂ.

നമ്മുടെ നാട്ടില്‍ സ്‌കൂള്‍ കായിക മേളകളിലെ മത്സരങ്ങളോടെ തീരുന്നു കായിക ജീവിതവും. കൂടുതല്‍ മത്സരത്തിനും മറ്റും ആഗ്രഹമുണ്ടെങ്കിലും നമ്മുടെ അധികൃതരുടെ അവഗണന കൊണ്ടു മാത്രം പലരും കായിക ജീവിതം പാതി വഴിയില്‍ ഉപേക്ഷിക്കുന്നു. ഈ സ്ഥിതിക്ക് മാറ്റം വന്നാല്‍ മാത്രമേ നമ്മുടെ നാട്ടില്‍ നിന്നു ഇത്തരത്തിലുള്ള താരങ്ങളെ പ്രതീക്ഷികേണ്ടതുള്ളു.

അഞ്ചാം ദിനം ഇന്ത്യക്ക് ഏറെ പ്രതീക്ഷകള്‍ വകയുള്ളതായിരുന്നു. പുരുഷ ഹോക്കിയിലെ വിജയത്തിനു ശേഷം വളരെ സന്തോഷത്തിലായിരുന്നു ഇന്ത്യന്‍ ക്യാംപ്. അതാനുവിന്റെ അമ്പെയ്ത്തിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. ഏതായാലും എങ്ങനെയെങ്കിലും മെഡല്‍ നേടണമെന്ന വാശിയോടെയാണ് ഓരോയിനത്തിനും ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.