2018 April 09 Monday
മരണത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. പക്ഷെ സ്‌നേഹത്തിന് കഴിയും, ജീവിതത്തില്‍ നിന്ന് നമ്മെ രക്ഷിച്ചെടുക്കാന്‍
പബ്ലൊ നെരൂദ

കണ്ടല്‍ കാടുകളുടെ നാശത്തിന് കാരണം കൈയേറ്റവും കായല്‍ മലിനീകരണവും

ബിനുമാധവന്‍

നെയ്യാറ്റിന്‍കര: പ്രകൃതിയുടെ സന്തുലിതാവസ്ഥ ഒരു പരിധിവരെ കാത്തു സൂക്ഷിക്കാന്‍ കഴിയുന്ന കണ്ടല്‍ കാടുകള്‍ വംശ ഭീഷണി നേരിടുകയാണ്.
നെയ്യാര്‍ നദീ തീരത്തും പുവാര്‍ കായലോരത്തും അമ്പൂരിയിലെ നെയ്യാര്‍ തീരത്തും കാണപ്പെടുന്ന കണ്ടല്‍ ചെടികള്‍ വിവിധ കാരണത്താല്‍ വംശ ഭീഷണി നേരിടുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കണ്ടലുകളുടെ നാശത്തിന് മുഖ്യകാരണം കായല്‍ കൈയേറ്റവും ജലപ്പരപ്പിലെ മലിനീകരണവും തന്നെയാണ്. കണ്ടലുകളുടെ വംശ നാശം ജൈവവൈവിദ്ധ്യത്തിനും ഭീഷണിയായി മാറുകയാണ്. ഒരു പരിതിവരെ വേലിയേറ്റം മൂലം കരയെ കാര്‍ന്നു തിന്നുന്ന പ്രവണതയ്ക്ക് വിരാമമിടാന്‍ കണ്ടല്‍ കാടുകള്‍ക്ക് കഴിയുന്നു.
തികച്ചും കരയ്ക്ക് ഒരു സംരക്ഷണ ഭിത്തി പോലുള്ള ആവരണമാണ് കണ്ടല്‍ കാടുകള്‍ സമ്മാനിക്കുന്നത്. താലൂക്കില്‍ നെയ്യാര്‍ നദീ തീരത്ത് വ്യാപകമായി കണ്ടല്‍ കാടുകളുണ്ട്. എന്നാല്‍ കണ്ടല്‍ കാടുകള്‍ ശാസ്ത്രീയമായി വെച്ചുപിടിപ്പിക്കുന്നതിന് സര്‍ക്കാരിന് പദ്ധതികള്‍ ഒന്നും തന്നെയില്ല. നഗരസഭയും തീരദേശ പഞ്ചായത്തുകള്‍ ഒന്നും തന്നെ കണ്ടലുകളെ സംരക്ഷിക്കുന്നതിന് ഫണ്ടുകള്‍ ഒന്നും പദ്ധതികളില്‍ വകയിരുത്തിയിട്ടുമില്ല. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചെയ്തു വരുന്നത് ബണ്ടുകളില്‍ ഇല്ലി തൈകല്‍ വച്ചു പിടിപ്പിക്കുക മാത്രമാണ്.
കുറ്റികണ്ടല്‍ , പേകണ്ടല്‍ , കടകണ്ടല്‍ , കണ്ണാംപൊട്ടി തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട കണ്ടല്‍ ചെടികളാണ് നെയ്യാര്‍ പരിസരത്ത് ഏറെയും കണ്ട് വരുന്നത്. പരിസരവാസികള്‍ക്ക് ഓക്‌സിജന്‍ പ്രധാനം ചെയ്യുന്നതില്‍ കണ്ടല്‍ ചെടികള്‍ക്ക് മുഖ്യ പങ്കുണ്ടെന്നാണ് വിദഗ്ധ അഭിപ്രായം. നിരവധി ദേശാടന പക്ഷികള്‍ക്കും നദീതീരത്ത് ഇര തേടി വന്നണയുന്ന പക്ഷിജാലങ്ങള്‍ക്കും കണ്ടലുകള്‍ വളരെയധികം സംരക്ഷണം നല്‍കുന്നു. കൂട് കൂട്ടാനും മുട്ടയിട്ട് വംശ വര്‍ധനവ് ഉണ്ടക്കാനും ചേക്കേറാന്‍ ഒരു ചില്ല എന്ന തരത്തിലാണ് പക്ഷികള്‍ക്ക് ഈ കണ്ടലുകള്‍ പ്രയോജനപ്പെടുന്നത്.
കണ്ടലുകളാല്‍ പ്രകൃതി മനോഹരമായ തുരുത്തുകള്‍ പോലെ നെയ്യാറിലെ ഈരാറ്റിന്‍പുരം തീരം രൂപപ്പെട്ടിട്ടുണ്ട്. നഗരസഭയുടെ ടൂറിസം വികസനം പദ്ധതി ലക്ഷ്യമിടുന്നതും ഇവിടെ തന്നെയാണ്. നദികരയോടു ചേര്‍ന്നുള്ള ഭൂഉടമകള്‍ കണ്ടലുകളെ വെട്ടി നശിപ്പിച്ച് നദി കരഭൂമിയോട് ചേര്‍ത്ത് തങ്ങളുടെ വസ്തുവിന്റെ വിസ്തീര്‍ണം വര്‍ധിപ്പിക്കുന്ന പ്രവണത തുടരുന്നതാണ് കണ്ടല്‍ കാടുകള്‍ നേരിടുന്ന ഏറ്റവും വലിയ വംശ ഭീഷണി.
പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് ഹോട്ടല്‍ മാലിന്യങ്ങളുടെ നിക്ഷേപങ്ങളും കണ്ടല്‍ കാടുകളുടെ നശീകരണത്തിനും കായലുകളിലെ മത്സ്യ സമ്പത്തിനും ഭീഷണിയായി മാറുകയാണ്. പ്രകൃതി ദുരന്തങ്ങളെ പോലും പ്രതിരോധിക്കാന്‍ കണ്ടലുകള്‍ക്ക് സാധിക്കും എന്നാണ് വിദഗ്ധ അഭിപ്രായം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.