2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കണിച്ചാംതുറയിലെ ഓക്‌സ്‌ബോ തടാകം; പ്രദേശവാസികള്‍ക്ക് ആശ്വാസമാകുന്നു

ചാലക്കുടി: വൈന്തല കണിച്ചാംതുറയിലെ ഓക്‌സ്‌ബോ തടാകം കനത്ത വേനലിലും പ്രദേശവാസികള്‍ക്ക് ആശ്വാസം നല്‍കുന്നു. മറ്റ് ജലാശയങ്ങളെല്ലാം വറ്റി വരളുമ്പോഴും ഓക്‌സ്‌ബോ തടാകത്തിലെ ജനവിതാനത്തിന് കുറവ് വന്നിട്ടില്ല. മതിയായ സംരക്ഷണം ലഭിക്കാതെ തടാകം നാശത്തിന്റെ വക്കിലാണെങ്കിലും സമീപപ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഈ തടാകം പരിഹാരമാകുന്നുണ്ട്.
പ്രളയത്തിന് ശേഷമാണ് തടാകത്തില്‍ ജലനിരപ്പ് കൂടുതല്‍ ഉയര്‍ന്നത്. മറ്റ് ജലാശയങ്ങളിലെ ജലവിതാനം കാര്യമായ തോതില്‍ താഴുമ്പോഴും ഈ തടാകത്തില്‍ ജലനിരപ്പില്‍ മാറ്റമുണ്ടായിട്ടില്ല.
ഈ തടാകം ഉപയോഗപ്പെടുത്തി കുടിവെള്ള പദ്ധതികള്‍ ആരംഭിച്ചാല്‍ വേനലില്‍ പ്രദേശത്ത് നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാകും. ഓക്‌സ്‌ബോ തടാകം സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
അപൂര്‍വമായി രൂപപ്പെടുന്ന നദീതട പ്രതിഭാസമാണ് ഓക്‌സ്‌ബോ തടാകങ്ങള്‍. കാടുകുറ്റി പഞ്ചായത്തിലെ വൈന്തലയിലെ കണിച്ചാതുറയിലാണ് കേരളത്തിലെ തന്നെ ഏക ഓക്‌സ്‌ബോ തടാകം രൂപപ്പെട്ടിരിക്കുന്നത്. ഹിമാലയന്‍ മേഖലകളിലാണ് ഇത്തരത്തിലുള്ള ഓക്‌സ്‌ബോ തടകാങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാലക്കുടിപുഴ പഠനത്തിന്റെ ഭാഗമായി ഡോ. സണ്ണി ജോര്‍ജ്ജ് നടത്തിയ പുഴയോര ഗവേഷണത്തിലാണ് ഈ അപൂര്‍വ പ്രതിഭാസം കണ്ടെത്തിയത്. നദികള്‍ സ്വാഭാവിക പ്രയാണത്തില്‍ നിന്നും ദിശമാറി ഒഴുകുമ്പോഴാണ് ഇവ രൂപപ്പെടുന്നത്. പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്ന ചാലക്കുടിപുഴ വൈന്തലയില്‍ വച്ച് ഗതിമാറി കുറച്ച് ദൂരം കിഴക്കോട്ട് ഒഴുകുന്നുണ്ട്. ഇവിടെയാണ് കേരളത്തിലെ തന്നെ ഏക ഓക്‌സ്‌ബോ തടാകമായ കണിച്ചാംതുറ ഓക്‌സ്‌ബോ തടാകം രൂപപ്പെട്ടിട്ടുള്ളത്.
ഗതി മാറി ഒഴുകുന്ന ഭാഗം കാളയുടെ മേല്‍കഴുത്തിന്റെ ആകൃതിയായത് കൊണ്ടാണ് ഇത്തരം തടാകങ്ങള്‍ക്ക് ഓക്‌ബോ എന്ന പേര്‍ വന്നത്. പുഴ ഗതിമാറി ഒഴുകുമ്പോള്‍ ഒരു ഭാഗത്ത് മണ്ണൊലിപ്പിനും മറു ഭാഗകത്ത് മണ്ണ് കുമിഞ്ഞ് കൂടുന്നതിനും കാരണമാകും. ഇതില്‍ ഒരു ഭാഗം പുഴയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യും. വൈന്തലയിലെ ഓക്‌സ്‌ബോ തടാകത്തിന് കരുതല്‍ നല്‍കാത്തതിനെ തുടര്‍ന്ന് തടാകം ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്.
തടാകത്തില്‍ നിന്നും പുഴയിലേക്കുള്ള അറ്റങ്ങള്‍ ഇല്ലാതായി തുടങ്ങി. വശങ്ങള്‍ പലയിടത്തും ഇടിഞ്ഞു പോയിട്ടുണ്ട്. പുഴയോര കൈയേറ്റവും തടാകത്തിന് ഭീഷണിയകുന്നുണ്ട്. തടാകത്തിന്റെ നിലനില്‍പിന് ബന്ധപ്പെട്ടവരുടെ ഇടപെടലുകളാണ് ഇപ്പോള്‍ വേണ്ടത്.
20 ഏക്കറോളം വ്യാപിച്ച് കിടന്നിരുന്ന കണിച്ചാംതുറ ഓക്‌സ്‌ബോ തടാകത്തിന്റെ വിസ്തൃതി ഇപ്പോള്‍ കുറഞ്ഞ് തുടങ്ങി. നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഈ അപൂര്‍വ തടാകം. വംശനാശം നേരിടുന്ന മത്സ്യങ്ങളടക്കമുള്ള നിരവധി ജീവികളും ഈ തടാകത്തില്‍ സുലഭമായി കാണുന്നുണ്ട്.
ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ഈ തടാകം. ഇത്രയൊക്കെ പ്രാധാന്യം ഈ തടാകത്തിന് ഉണ്ടായിട്ടും ഇത് സംരക്ഷിക്കാനോ ഉപയോഗപ്പെടുത്താനോ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടാകുന്നില്ല. കുറച്ച് നാളുകള്‍ക്ക് മുന്‍പ് കേന്ദ്രത്തില്‍ നിന്നുമെത്തിയ ഒരു സംഘം ഇവിടെ സന്ദര്‍ശനം നടത്തിയെങ്കിലും പിന്നീട് തുടര്‍ നടപടികളും ഉണ്ടായില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ വൈന്തലയിലെ കണിച്ചാതുറ ഓക്‌സ്‌ബോ തടാകം സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News