2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കണക്കെടുക്കാന്‍

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗം
മൂന്നാം അധ്യായത്തിനാവശ്യമായ അധിക വിവരം

ടി.പി

ഒരു രാജ്യത്തേയോ പ്രദേശത്തേയോ മനുഷ്യര്‍, വീടുകള്‍, തൊഴില്‍, വരുമാനം തുടങ്ങിയ കാര്യങ്ങളുടെ തോത് ഒരു നിശ്ചിത കാലയളവില്‍ ശേഖരിക്കുന്നതിനെയാണ് സെന്‍സസ് എന്നു പറയുന്നത്. സെന്‍സസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വായിക്കാം.

കാനേഷുമാരി

സെന്‍സസിന് ഇങ്ങനെയും ഒരു പേരുണ്ട്. ഖാനാശുമാരി എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണ് കാനേഷുമാരിയുടെ ഉദയം. ഈ വാക്കിന്റെ അര്‍ഥം വീടിന്റെ കണക്കെടുപ്പ് എന്നാണ്.

ഡെമോഗ്രാഫി

ഒരു രാജ്യത്തെ ജനസംഖ്യയും അവയുടെ എണ്ണത്തില്‍ വരുന്ന മാറ്റവും ഘടനാപരമായ സവിശേഷതകളും വിശകലനം ചെയ്യുന്ന സാമൂഹ്യശാസ്ത്രശാഖയെ ജനസംഖ്യാ ശാസ്ത്രം(ഡെമോഗ്രാഫി) എന്നു വിളിക്കുന്നു.

സെന്‍സസിന്റെ ചരിത്രം

പ്രാചീന ബാബിലോണിയന്‍ കാലത്തുതന്നെ സെന്‍സസ് നടന്നിരുന്നു. ചൈനയിലും ഈജിപ്തിലും പുരാതന കാലത്ത് തന്നെ ഈ രീതി പിന്തുടര്‍ന്നിരുന്നു.

രാജാധിപത്യമുണ്ടായിരുന്ന കാലത്ത് പ്രജകളുടെ എണ്ണവും തൊഴിലും രാജ്യത്തെ സൈനിക തലവന്‍മാര്‍ സൂക്ഷിക്കാറുണ്ടായിരുന്നു. നികുതി പിരിവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും സൈനിക സേവന കാര്യങ്ങള്‍ക്കുമായിരുന്നു ആദ്യ കാലത്തെ സെന്‍സസ്. ആധുനിക സെന്‍സസിന്റെ ഉദയം പതിനേഴാം നൂറ്റാണ്ടു മുതലാണ്.

ഐന്‍ ഇ അക്ബാരി

മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ സെന്‍സസുമായി ബന്ധപ്പെടുത്തി രൂപപ്പെടുത്തിയ വിശദമായ പഠനമാണ് ഐന്‍ ഇ അക്ബാരി. രാജ്യത്തിലെ ജനങ്ങളുടെ എണ്ണം, തൊഴില്‍, വരുമാനം തുടങ്ങിയവ അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ടായിരുന്നു അത്.

ഇന്ത്യയിലെ
സെന്‍സസ്

ഇന്ത്യയില്‍ ആധുനിക രീതിയിലുള്ള സെന്‍സസ് നടന്നത് 1872 ല്‍ ആണ്. എന്നാല്‍ സെന്‍സസ് പൂര്‍ണമല്ലായിരുന്നു എന്നുവേണം പറയാന്‍. 1881 ല്‍ നടന്ന സെന്‍സസ് ആണ് ഇന്ത്യയിലെ ആദ്യത്തെ പരിപൂര്‍ണ സെന്‍സസ്. സ്വാതന്ത്ര്യലബ്ദിക്ക് ശേഷമുള്ള ആദ്യത്തെ സെന്‍സസ് 1951 ല്‍ ആണ് നടന്നത്.
2011 ല്‍ നടന്ന സെന്‍സസ് ആയിരുന്നു അവസാനമായി ഇന്ത്യയില്‍ നടന്ന സെന്‍സസ്.

ജനസംഖ്യാ ദിനം

ലോകജനസംഖ്യാ ദിനമായി ആചരിക്കുന്നത് ജൂലൈ 11 നാണ്. ജനസംഖ്യ വര്‍ധനവുമായി ബന്ധപ്പെട്ട ദുരിത വശങ്ങള്‍ ലോകജനതയ്ക്ക് ബോധ്യമാക്കാനായി ജനസംഖ്യാദിനം ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആചരിക്കുന്നത്.

വേഗത്തിലോടുന്ന
ജനസംഖ്യ

ലോകജനസംഖ്യ നൂറു കോടി പിന്നിട്ടത് 1804 ല്‍ ആയിരുന്നു. 1927 ആകുമ്പോഴേക്കും അത് 200 കോടിയായി. 1960 ല്‍ മൂന്നൂറ് കോടിയായി ജനസംഖ്യ.
1974 ല്‍ ജനസംഖ്യ നാനൂറ് കോടിയും 1987 ല്‍ അഞ്ഞൂറ് കോടിയുമായി. 2011 ആയപ്പോള്‍ ഈ കണക്ക് എഴുന്നൂറ് കോടിയിലെത്തി.

അര്‍ഥശാസ്ത്രം

പ്രാചീന ഇന്ത്യയിലെ ഭരണാധികാരിയായ ചന്ദ്രഗുപ്ത മൗര്യന്റെ ഗുരുവായ കൗടില്യന്‍ തന്റെ അര്‍ഥശാസ്ത്രം എന്ന കൃതിയില്‍ ജനങ്ങളുടെ കണക്കെടുപ്പിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഈ സെന്‍സസിന്റെ മുഖ്യ ഉദ്ദേശ്യം നികുതി പിരിവായിരുന്നു.

ജനപ്പെരുപ്പം

ജനപ്പെരുപ്പത്തിന്റെ ദുരിതങ്ങളിലൊന്നാണ് പട്ടിണി. ലോകത്ത് വര്‍ധിച്ചു വരുന്ന ജനസംഖ്യാവര്‍ധനവ് നിയന്ത്രിക്കാന്‍ പല ലോക രാജ്യങ്ങളും നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു. ഒരു രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍കൊണ്ട് ആ രാജ്യത്തെ ജനങ്ങള്‍ക്കു ജീവിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അവിടെ ജനപ്പെരുപ്പം ഇല്ലെന്നു പറയാം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായാലും അല്ലങ്കിലും ഒരു രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ മൂലം ആ രാജ്യത്തെ ജനങ്ങള്‍ക്ക് തങ്ങളുടെ ആവശ്യം നിറവേറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ രാജ്യം ജനപ്പെരുപ്പം അനുഭവിക്കുന്നു എന്നു വേണം കരുതാന്‍.

സെക്കന്റില്‍ മൂന്ന്

ഒരു സെക്കന്റില്‍ ശരാശരി മൂന്നുപേര്‍ എന്ന രീതിയിലാണ് ഭൂമിയിലെ ജനസംഖ്യ ാ വര്‍ധനവ്. ഒരു വര്‍ഷം ഈ കണക്ക് എട്ടു കോടിയോളമായി മാറുന്നു. ഒരു വര്‍ഷം മരണപ്പെടുന്നവരുടെ എണ്ണം ഏഴു കോടി ആണ്. ഭൂമിയില്‍ ഇന്നുള്ള ജനസംഖ്യയുടെ ഇരട്ടിയാകാന്‍ നാല്‍പ്പതു വര്‍ഷത്തോളം മാത്രമേ ആവശ്യമുള്ളൂ. ഇത്രയും ജനങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് നാം കണ്ടറിയേണ്ടതുണ്ട്.

എന്യൂമറേറ്റര്‍

ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന ആളെയാണ് എന്യൂമറേറ്റര്‍ എന്നു പറയുന്നത്. ഓരോ വീട്ടിലും പോയി വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്യൂമറേറ്റര്‍ ചെയ്യുന്നത്. എന്യൂമറേറ്ററുടെ ഭാഗത്തുനിന്നുള്ള കൃത്യവിലോപം രാജ്യത്തിന്റെ സെന്‍സസിനെ തന്നെ ബാധിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.