2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കണക്കെടുക്കാന്‍ ലോക്പാല്‍ വരുമ്പോള്‍

#എന്‍. അബു

 

സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമയായിരുന്ന കാലത്തും ഗ്രേറ്റ് ബ്രിട്ടന് എഴുതപ്പെട്ട ഭരണഘടനയുണ്ടായിരുന്നില്ല. എന്നാല്‍, ലോകത്തുള്ള മറ്റെല്ലാ രാജ്യങ്ങളും എഴുതിത്തയ്യാറാക്കിയ സ്വന്തം ഭരണഘടനയ്ക്ക് അനുസൃതമായാണു പ്രവര്‍ത്തിക്കുന്നത്.

ലോകരാജ്യങ്ങളില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഭരണഘടന ഇന്ത്യയുടേതാണ്. 135 കോടി ജനതയുടെ ഭാഗധേയം നിര്‍ണയിക്കുന്ന, 69 വര്‍ഷം പിന്നിട്ട നമ്മുടെ മാഗ്നകാര്‍ട്ടയാണത്. വിദേശത്തുനിന്നു ബാരിസ്റ്റര്‍ പദവി നേടി, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രിപദം അലങ്കരിച്ച ഡോ. ഭീംറാവു രാംജി അംബേദ്ക്കര്‍ക്ക് നന്ദി. ബാബാസാഹിബ് അംബേദ്കറെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവാണ് പരമാധികാര, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന പദവിയിലേയ്ക്ക് ഇന്ത്യയെ ഉയര്‍ത്തിയ ഭരണഘടനാശില്പി.

അമേരിക്കയില്‍ നിന്ന് ആമുഖവും ബ്രിട്ടനില്‍നിന്നു പാര്‍ലമെന്ററി രീതിയും കാനഡയില്‍ നിന്നു ഫെഡറല്‍ സംവിധാനവും റഷ്യയില്‍ നിന്നു പഞ്ചവത്സരപദ്ധതിയും ജര്‍മനിയില്‍ നിന്നു അടിയന്തരാവസ്ഥയുമൊക്കെ സ്വീകരിച്ചുകൊണ്ടാണ് ഭരണഘടന രൂപീകരിച്ചത്. പിന്നാലെ, സോഷ്യലിസ്റ്റ് വ്യവസ്ഥിതിയും സ്വീകരിച്ചു. മൂന്നു വര്‍ഷം മുമ്പ് അംഗീകരിച്ച ചരക്കു സേവന നികുതിയടക്കം നൂറില്‍പ്പരം ഭേദഗതികള്‍ വരുത്തിക്കൊണ്ടാണു നമ്മുടെ ഭരണഘടന പരമാവധി കുറ്റമറ്റതാക്കിയിരിക്കുന്നത്.

എന്നാല്‍, ജനാധിപത്യത്തിന്റെ നാല് അടിസ്ഥാന ശിലകളിലൊന്നായ ജുഡീഷ്യറിയെ അര്‍ഹമാംവിധം നാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടോ. നീതിന്യായ വ്യവസ്ഥയും നിയമവാഴ്ചയും തകര്‍ന്നാല്‍ എന്തിന്റെ പേരിലാണു നമുക്കു തലയുയര്‍ത്തി നില്‍ക്കാനാവുക. നീതി വൈകിക്കുന്നതു നീതി നിഷേധമാണ്. നീതിന്യായ രംഗത്തെ പരമാധികാര സ്ഥാപനമായ സുപ്രിംകോടതിയിലെ നീതികേടുകളെ വിമര്‍ശിച്ച് അതേ കോടതിയിലെ നാലു സീനിയര്‍ ന്യായാധിപന്മാര്‍ പത്രസമ്മേളനം നടത്തിയതിനും നാം സാക്ഷികളായി.

അഴിമതിക്കെതിരായ പോരാട്ടത്തില്‍ പ്രധാന നാഴികക്കല്ലായാണു ലോക്പാല്‍ സംവിധാനം കൊണ്ടുവന്നത്. എന്നാല്‍, ആദ്യ ലോക്പാലിനെ നിയമിക്കാന്‍ തന്നെ എത്രകാലം വേണ്ടിവന്നു. സുപ്രിം കോടതി പോലും ശക്തമായി ഇടപെടേണ്ടിവന്നു. അഴിമതി പരാതികള്‍ അന്വേഷിച്ചു നടപടിയെടുക്കാന്‍ കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും വേണമെന്ന നിയമമാണ് അഞ്ചുകൊല്ലത്തോളം കോള്‍ഡ് സ്റ്റോറേജില്‍ കിടന്നത്.

ഏതായാലും നിയമനം നടന്നു കഴിഞ്ഞിരിക്കുന്നു. സുപ്രിം കോടതിയില്‍ നിന്നു രണ്ടുവര്‍ഷം മുമ്പു വിരമിച്ച ജസ്റ്റിസ് പി.സി ഘോഷാണു ലോക്പാല്‍. കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയും ആന്ധ്ര ചീഫ് ജസ്റ്റിസുമായിരുന്നു പിനാക്കി ചന്ദ്ര ഘോഷ്. വിരമിച്ച ശേഷം മനുഷ്യാവകാശ കമ്മിഷനില്‍ തുടരുകയായിരുന്നു. 66 കാരനായ അദ്ദേഹത്തോടൊപ്പം ലോക്പാല്‍ നിയമത്തില്‍ പറയുന്നതു പോലെ എട്ടംഗ സമിതിയെയും നിയമിച്ചിട്ടുണ്ട്.

ലോക്പാലും ലോകായുക്തയും വന്നാല്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കു കുരുക്കു വീഴുമെന്നതു ശരി. തെറ്റുചെയ്യാതെ ശിക്ഷയേല്‍ക്കേണ്ടിവരുന്ന പൊതുപ്രവര്‍ത്തകര്‍ക്കു നിരപരാധിത്വം തെളിയിക്കാനും അവസരം ലഭിക്കും. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നാണല്ലോ നീതിന്യായ വ്യവസ്ഥയുടെ കാതല്‍.
ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ ലക്കും ലഗാനുമില്ലാതെ ഓടിക്കാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയകക്ഷികള്‍ ഇന്നുമിന്നലെയും ആരംഭിച്ചതല്ല. ആദ്യകാലത്ത്, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത്, പീഡനങ്ങളേറ്റുവാങ്ങി, അഴിക്കുള്ളില്‍ കിടക്കേണ്ടിവന്നവരാണു നമ്മെ ഭരിച്ചത്. എന്നാല്‍, പില്‍ക്കാലത്ത് അധികാരത്തിന്റെ ശീതളച്ഛായയിലേയ്ക്കു കുറുക്കുവഴിയിലൂടെ എത്തിയവര്‍ അഴിമതിക്കുറ്റത്തിന് ഒടുവില്‍ ജയിലഴികള്‍ക്കുള്ളില്‍ എത്തിപ്പെടുന്ന കാഴ്ചയാണു പിന്നീടു നാം കാണുന്നത്.

ഈ നാട്ടിലെ ഓരോരുത്തരും എന്തു ധരിക്കണം, ഏതു ഭാഷ സംസാരിക്കണം, എന്തൊക്കെ ഭക്ഷിക്കണമെന്നൊക്കെ ഒരു വിഭാഗം തീരുമാനിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും സംസ്‌കാരത്തിന്റെയും പേരു പറഞ്ഞു ഏതാനും പേര്‍ തീരുമാനിക്കുന്നിടത്തേയ്ക്കു ജനാധിപത്യം വഴുതിപ്പോകുകയാണ്. സ്ത്രീസുരക്ഷയ്ക്കു ഭരണഘടനയില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്ളപ്പോഴും ക്ഷേത്രപ്രവേശനം മുതല്‍ ബഹുഭാര്യത്വം വരെയുള്ളതാണു പ്രധാനപ്രശ്‌നമെന്നു നാം പറഞ്ഞു പരത്തുന്നു.

കക്ഷിഭേദമെന്യേ, മുന്നണിവ്യത്യാസങ്ങളില്ലാതെ ഇതിനെയൊക്കെ പിന്താങ്ങാനും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സന്നദ്ധരാണ്. വ്യക്തികള്‍ മാത്രമല്ല, പാര്‍ട്ടികള്‍പോലും വളഞ്ഞവഴിയിലൂടെ സംഭരിക്കുന്ന പണത്തിനു കൈയും കണക്കുമില്ല. ബക്കറ്റ് ഫണ്ടെന്ന ഓമനപ്പേരു വിളിച്ചു കള്ളക്കണക്കു തയ്യാറാക്കുന്നു. മാര്‍ച്ച് മാസവുമായി ഒരു ബന്ധവും ഇല്ലാതെ പലവിധ മാര്‍ച്ചുകള്‍ നടത്തി മാര്‍ച്ച് ഫണ്ടുകള്‍ സംഭരിക്കുന്നു.

2017-18 വര്‍ഷത്തില്‍ ബി.ജെ.പി 1027 കോടി രൂപ സ്വരൂപിച്ചെന്നും 758 കോടി രൂപ ചെലവഴിച്ചെന്നും തെരഞ്ഞെടുപ്പു കമ്മിഷനെ ഉദ്ധരിച്ച കണക്കില്‍ പറയുന്നു. സംഭാവനകളിലൂടെ 104 കോടി രൂപ കിട്ടിയെന്നും 83 കോടി ചെലവഴിച്ചെന്നും സി.പി.എം പറയുന്നു. ശരത്പവാറിന്റെ എന്‍.സി.പി 8.15 കോടി ചെലവഴിച്ചപ്പോള്‍ 8.15 കോടിയേ കിട്ടിയുള്ളുവെന്നും സത്യവാങ്മൂലം സമര്‍പ്പിക്കുന്നു.

സംഭാവനകളിലൂടെ ആറു ദേശീയ പാര്‍ട്ടികള്‍ക്കാകെ 1041 കോടി രൂപ ലഭിച്ചെന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിസോഴ്‌സ് പുറത്തുവിട്ട കണക്കു കണ്ടപ്പോള്‍, ജനാധിപത്യത്തിന് എന്തുമാത്രം വില എന്നു നാം അതിശയപ്പെട്ടു. നാടു ഭരിക്കുന്ന ബി.ജെ.പി. പറയുന്നത് കടപ്പത്ര പദ്ധതിയിലൂടെ 210 കോടി സമാഹരിച്ചുവെന്നാണ്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച കാലാവധി കഴിഞ്ഞിട്ടും കണക്കു സമര്‍പ്പിച്ചിട്ടില്ല. കര്‍ണാടകയില്‍ മുഖ്യമന്ത്രിപദം ഉറപ്പിക്കാന്‍ ബി.എസ് യെദ്യൂരപ്പയെന്ന ബി.ജെ.പി നേതാവ് പാര്‍ട്ടി നേതാക്കള്‍ക്ക് 1800 കോടി രൂപ വീതിച്ചു നല്‍കിയെന്നും ആരോപണമുയര്‍ന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കാന്‍ പോകുകയാണ്. സ്ഥാനാര്‍ഥികള്‍ നിരന്നു തുടങ്ങി. അവരുടെ സാമ്പത്തിക പശ്ചാത്തലം അറിയാനിരിക്കുന്നതേയുളളു. കഴിഞ്ഞ സഭയിലെ 135 എം.പിമാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരായിരുന്നു. തട്ടിക്കൊണ്ടുപോകലും സ്ത്രീപീഡനവും തുടങ്ങി കൊലപാതകം വരെയുള്ള കേസുകള്‍ അവരില്‍ പലര്‍ക്കുമെതിരേയുണ്ടായി.
അഴിമതിയില്ലാ ഭരണം വാഗ്ദാനം ചെയ്ത് അധികാരമേറിയവര്‍ക്കെതിരേ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പാണു പുറത്തുവന്നത്. കേരളത്തിലെ ഒരു ലോക്‌സഭാംഗം ലക്ഷാധിപതിയായി തുടങ്ങി കോടീശ്വരനായി വളര്‍ന്ന കഥ ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ആദ്യം മത്സരത്തിനിറങ്ങിയപ്പോള്‍ കാണിച്ച ഭൂസ്വത്തിനു പത്തുവര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനവാണതിനു കാരണമെന്നാണ് എം.പിയുടെ ന്യായീകരണം.

ലോക്പാല്‍ വരുന്നതോടെ നമ്മുടെ ജനാധിപത്യം തികച്ചും അഴിമതി മുക്തമാവുമോ. പ്രധാനമന്ത്രി ചെയര്‍മാനും ചീഫ് ജസ്റ്റിസ്, ലോക്‌സഭാ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ അംഗങ്ങളുമായുള്ള സമിതി ലോക്പാലിനെ നിയമിക്കണമെന്നായിരുന്നു നിയമം. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മതിയായ അംഗത്വബലമില്ലാത്തതിനാല്‍ ഔദ്യോഗിക പ്രതിപക്ഷ നേതാവില്ലെന്നു പറഞ്ഞു നിയമനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയുടെ നേതാവെന്ന പരിഗണനപോലും നല്‍കിയില്ല.

സുപ്രിം കോടതിയുടെ അന്ത്യശാസന വന്നതോടെയാണു കമ്മിറ്റി കൂടിയതും ജസ്റ്റിസ് ഘോഷിന്റെ പേരു നിര്‍ദേശിച്ചതും. സമിതിയില്‍ അംഗമാക്കാതെ ക്ഷണിതാവെന്ന മുദ്ര കുത്തിയതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഈ യോഗത്തില്‍ പങ്കെടുത്തില്ല. നിയമപരമായ ഒരു നടപടിപോലും മുടക്കാന്‍ ചെറിയ സാങ്കേതിക കാരണങ്ങളെ കൂട്ടുപിടിക്കണമോ എന്നതാണു ലോക്പാല്‍ നിയമനം നല്‍കുന്നപാഠം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.