2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

കടിഞ്ഞാണ്‍ കൈവിടാതെ മുഖ്യമന്ത്രി അമേരിക്കയിലേക്ക്

ഇ.പി. ജയരാജന്‍ മന്ത്രിസഭായോഗ അധ്യക്ഷനാകും
മുഖ്യമന്ത്രി ഇ-ഫയലിങ്ങിലൂടെ ഫയലുകള്‍ നോക്കും

തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഇന്നലെ പുലര്‍ച്ചെ 4.40ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഭാര്യ കമലയും അദ്ദേഹത്തിന് ഒപ്പമുണ്ട്. മയോ ക്ലിനിക്കില്‍ മൂന്ന് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാകും പിണറായി മടങ്ങിയെത്തുക.

തിങ്കളാഴ്ച പോകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇന്നലെ യാത്രക്ക് തീരുമാനമെടുക്കുകയായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഈ തീരുമാനം. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളവര്‍പോലും യാത്ര സംബന്ധിച്ച് അറിഞ്ഞിരുന്നില്ല. പൊതുഭരണവകുപ്പ് സെക്രട്ടറിയടക്കം മൂന്നുപേര്‍ക്ക് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര സംബന്ധിച്ച് അറിയാമായിരുന്നത്.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭാ യോഗത്തിന്റെ അധ്യക്ഷനായി വ്യവസായവകുപ്പ് മന്ത്രി ഇ.പി.ജയരാജനെ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസനിധി സംഭാവനകള്‍ സ്വീകരിക്കുന്നതിനും ഇ.പി.ജയരാജനാണ് ചുമതല.
അമേരിക്കന്‍ യാത്രക്കു മുന്നോടിയായാണ് കഴിഞ്ഞ ദിവസം ഗവര്‍ണറെക്കണ്ട് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. പ്രധാനപ്പെട്ട ഫയലുകള്‍ ഇ-ഫയല്‍ സംവിധാനം വഴി താന്‍തന്നെ കൈകാര്യം ചെയ്യുമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിരുന്നു.
അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളുണ്ടെങ്കില്‍ അവയില്‍ തീരുമാനമെടുക്കുന്നതിനും ഇ.പി.ജയരാജനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തന്റെ അഭാവത്തില്‍ ചുമതലകള്‍ കൈമാറിക്കൊണ്ട് ഗവര്‍ണറുടെ പ്രത്യേക ഉത്തരവ് വേണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഭരണസ്തംഭനമാരോപിച്ച് പ്രതിപക്ഷം ഗവര്‍ണറോട് പരാതി പറയാനുള്ള സാഹചര്യം മുന്‍കൂട്ടികണ്ടാണ് ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചശേഷം മുഖ്യമന്ത്രി യാത്രതിരിച്ചത്.
ഓഗസ്റ്റ് 19നാണ് മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര നിശ്ചയിച്ചിരുന്നത്. പ്രളയക്കെടുതിയെ തുടര്‍ന്ന് അത് മാറ്റിവെക്കുകയായിരുന്നു. മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിക്ക് ചികിത്സ.
ന്യൂറോളജി, ക്യാന്‍സര്‍, കാര്‍ഡിയോളജി, പ്രമേഹം ചികിത്സകള്‍ക്ക് പ്രസിദ്ധമാണ് മയോ ക്ലിനിക്. ചികിത്സയ്ക്കായി മൂന്ന് ആഴ്ചയോളം ആശുപത്രിയില്‍ കഴിയേണ്ടി വരും.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.