2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

കടല്‍ വഴിയുള്ള ഭീകരാക്രമണങ്ങള്‍ തടയാന്‍ പ്രത്യേക സേന

ശ്രീലങ്കയില്‍ ചൈനീസ് സേനയുടെ സാന്നിധ്യം വര്‍ധിക്കുന്നതുമാണ് മറൈന്‍ കേഡര്‍ രൂപീകരണത്തിന് വഴിതെളിച്ചത്

അന്‍സാര്‍ മുഹമ്മദ്

തിരുവനന്തപുരം: കടല്‍ കടന്നെത്തുന്ന ഭീകരാക്രമണം തടയാന്‍ കേന്ദ്ര സഹായത്തോടെ കേരളം മറൈന്‍ കേഡര്‍ എന്ന പുതിയ സേന രൂപീകരിക്കുന്നു. കടല്‍ വഴി ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിനു നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാഴ്ച മുന്‍പ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ തലസ്ഥാനത്ത് എത്തുകയും ഉന്നതതല യോഗം വിളിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് കേന്ദ്ര സഹായത്തോടെ തീര സംരക്ഷണത്തിനായി മറൈന്‍ കേഡര്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തീരദേശ സുരക്ഷയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി പുതിയ സേനയ്ക്ക് വാഹനങ്ങളും പട്രോള്‍ ബോട്ടുകളും കേന്ദ്രസര്‍ക്കാരിന്റെ പൊലിസ് നവീകരണ ഫണ്ടില്‍ നിന്ന് നല്‍കും.
കഴിഞ്ഞ തിങ്കളാഴ്ച സംസ്ഥാന ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സേനയുടെ രൂപീകരണത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. 600 കിലോമീറ്ററോളം വരുന്ന തീരദേശ മേഖല കേരളത്തിലുണ്ട്. ഇതു വഴി ഭീകരാക്രമണം ഉണ്ടാകാമെന്നും, തിരുവനന്തപുരത്തു നിന്ന് 357.11 കിലോമീറ്റര്‍ മാത്രം അകലെയുള്ള ശ്രീലങ്കയില്‍ ചൈനീസ് സേനയുടെ സാന്നിധ്യം വര്‍ധിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് തീരത്ത് സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് ഇന്ന് നാവിക സേന തിരുവനന്തപുരത്ത് അടിയന്തര തീരസുരക്ഷാ അവലോകന യോഗം വിളിച്ചിട്ടുണ്ട്. ദക്ഷിണ നാവിക കമാന്‍ഡിലെ വൈസ് അഡ്മിറല്‍ ആര്‍.വി കാര്‍വെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കടലില്‍ പട്രോളിങ്ങും ജാഗ്രതയും കര്‍ശനമാക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യും. ചീഫ്‌സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, കോസ്റ്റ് ഗാര്‍ഡ് ഡി.ഐ.ജി ഷെഫിന്‍ മുഹമ്മദ്, കൊച്ചിന്‍ തുറമുഖ ചെയര്‍മാന്‍, കസ്റ്റംസ് കമ്മിഷണര്‍, കേന്ദ്രഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പുതിയ സേന രൂപീകരിക്കുന്ന തീരുമാനം ഇന്നത്തെ യോഗത്തില്‍ ചീഫ് സെക്രട്ടറിയും, ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും അവതരിപ്പിക്കും.
കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലിസ് എന്നിവരുമായി സഹകരിച്ചായിരിക്കും പുതിയ സേനയുടെ പ്രവര്‍ത്തനം. സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ്, പ്രവര്‍ത്തനരീതി തുടങ്ങിയ കാര്യങ്ങള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. കടലില്‍ നീന്താനും കടലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കഴിയുന്ന തീരദേശവാസികളായ യുവാക്കള്‍ക്ക് നിയമനം നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
കൂടാതെ കടല്‍വഴിയുള്ള നുഴഞ്ഞുകയറ്റം തടയാന്‍ വ്യോമനിരീക്ഷണത്തിന് ഹെലികോപ്ടറും 25പേര്‍ക്ക് യാത്രചെയ്യാനാവുന്ന വലിപ്പമേറിയ ബോട്ടുകളും അനുവദിക്കണമെന്ന ആവശ്യവും കേരളം യോഗത്തില്‍ ഉന്നയിക്കും. പുറം കടലില്‍ 24മണിക്കൂര്‍ നിരീക്ഷണവും പട്രോളിങും വേണമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് തീരസംരക്ഷണസേനയും നാവികസേനയും സുരക്ഷയൊരുക്കണമെന്നും അവലോകന യോഗത്തില്‍ സംസ്ഥാനം ആവശ്യപ്പെടും. മഞ്ചേശ്വരം മുതല്‍ പൂവാര്‍ വരെയുള്ള കടല്‍ത്തീരത്തിന്റെ സംരക്ഷണം ഇപ്പോള്‍ കോസ്റ്റല്‍ പൊലിസിന്റെ ചുമതലയിലാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.