2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കടല്‍ക്കൊല: അവധി നീട്ടണമെന്ന് ഇറ്റാലിയന്‍ നാവികന്‍

ന്യൂഡല്‍ഹി: മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലത്തോറെ നാട്ടില്‍ തങ്ങാനുള്ള കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചു.
കേസ് നിലവില്‍ രാജ്യാന്തര കോടതിയുടെ പരിഗണനയിലായതിനാല്‍ അതു തീര്‍പ്പാവുന്നതുവരെ നാട്ടില്‍ തങ്ങാന്‍ അനുവദിക്കണമെന്നാണ് മാസിമിലാനോയുടെ ആവശ്യം. കേസില്‍ കൊലപാതകക്കുറ്റം ചുമതത്തപ്പെട്ട നാവികന് ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ചികില്‍സാര്‍ഥം 2014 സെപ്റ്റംബറില്‍ നാട്ടില്‍ പോയതിനു ശേഷം പിന്നീട് തിരിച്ചുവന്നിട്ടില്ല.
ഇതിനിടെ നാട്ടില്‍ തങ്ങാനുള്ള കാലാവധി പലതവണ സുപ്രിംകോടതി നീട്ടി നല്‍കുകയുംചെയ്തു. കഴിഞ്ഞ മാര്‍ച്ചിലാണ് അവസാനമായി ആറുമാസത്തേക്കു കാലാവധി നീട്ടി നല്‍കിയത്. അത് ഈ മാസം 30ഓടെ അവസാനിക്കുകയാണ്. കേസിലെ കൂട്ടുപ്രതിയും മറ്റൊരു നാവികനുമായ സാല്‍വത്തൊറെ ജിറോണിന് നാട്ടിലേക്കു പോകാന്‍ കഴിഞ്ഞ മെയില്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു.
രാജ്യാന്തര കോടതിയുടെ മുമ്പാകെയുള്ള കേസ് തീര്‍പ്പാവുന്നതു വരെ നാട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന ജിറോണിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി. ഇതേ ആവശ്യം ഉന്നയിച്ചാണു കാലാവധി അവസാനിക്കാന്‍ 20 ദിവസം കൂടി ബാക്കിനില്‍ക്കെ വ്യാഴാഴ്ച മാസിമിലാനോ ഹരജി നല്‍കിയത്.
ജിറോണിനു നല്‍കിയ അതേ ഇളവു മാസിമിലാനോക്കും നല്‍കണമെന്നും ഹരജി വേഗം പരിഗണിക്കണമെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി തുളസി ആശ്യപ്പെട്ടു. ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവേയും എല്‍. നാഗേശ്വരറാവുവും അടങ്ങുന്ന ബെഞ്ച് ഈ മാസം 20നു ഹരജി പരിഗണിക്കും.

ഇറ്റലിയുടെ വിരുന്നില്‍ നിന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വിട്ടുനിന്നു

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ഔദ്യോഗിക സംഘത്തിന് ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കിയ വിരുന്നില്‍ നിന്ന് മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് വിട്ടുനിന്നു.
റോമില്‍ കഴിഞ്ഞയാഴ്ചയായിരുന്നു ഇന്ത്യന്‍ സംഘത്തിന് ഇറ്റലി വിരുന്നൊരുക്കിയത്. എന്നാല്‍ റോമിലെ ബന്ധുവിനെ കാണാനുണ്ടെന്നു പറഞ്ഞ് വിരുന്നില്‍ പങ്കെടുക്കാതെ കുര്യന്‍ ജോസഫ് വിട്ടുനില്‍ക്കുകയായിരുന്നു. കടല്‍ക്കൊലക്കേസില്‍ സുപ്രിംകോടതി മുമ്പാകെയുള്ള പ്രധാന കേസ് പരിഗിക്കുന്ന ബെഞ്ചിലെ അംഗമാണ് കുര്യന്‍ ജോസഫ്. വിരുന്നിനിടെ കടല്‍ക്കൊലക്കേസ് ചര്‍ച്ചയാവാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കുര്യന്‍ ജോസഫ് വിരുന്നില്‍ നിന്നു മാറിനിന്നതെന്നാണ് റിപ്പോര്‍ട്ട്.
വിരുന്ന് കഴിഞ്ഞതോടെ അദ്ദേഹം ഇന്ത്യന്‍ സംഘത്തോടൊപ്പം ചേരുകയും ചെയ്തു. മലയാളി എം.പിമാരായ കെ.വി തോമസ്, ആന്റോ ആന്റണി, ജോസ് കെ. മാണി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News