2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കടലില്‍ മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നില്ല

വി. അബ്ദുല്‍ മജീദ്

തിരുവനന്തപുരം: കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കു ലഭിക്കേണ്ട ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നില്ല. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡും ഒരു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്നുള്ള പദ്ധതിയില്‍ നിന്ന് ലഭിക്കേണ്ട അഞ്ചു ലക്ഷം രൂപ 2010നു ശേഷം മരിച്ച നിരവധിയാളുകളുടെ കുടുംബങ്ങള്‍ക്ക് ലഭ്യമായിട്ടില്ല.
സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളിലായി ഈ കാലയളവില്‍ മരിച്ച 950ഓളം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ ഈ തുകയ്ക്കായി ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. മരണാനന്തര ചെലവിലേക്കായി ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന 5,000 രൂപ മാത്രമാണ് ഈ കുടുംബങ്ങള്‍ക്ക് ഇതുവരെ ലഭിച്ചത്. അതു തന്നെ പല കുടുംബങ്ങള്‍ക്കും ലഭിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്. ഇന്‍ഷുറന്‍സ് തുക ലഭിക്കാനാവശ്യമായ എല്ലാ രേഖകളും സഹിതം അപേക്ഷ നല്‍കിയിട്ടും ദുരൂഹമായ കാരണങ്ങളാല്‍ ഫയലുകള്‍ നീങ്ങാത്തതാണ് ഇതിനു കാരണമെന്ന് മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍ പറയുന്നു.
ക്ഷേമനിധി ബോര്‍ഡും സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് വകുപ്പിനു കീഴിലുള്ള കമ്പനിയായ സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സും ചേര്‍ന്നാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ പദ്ധതി നടപ്പാക്കുന്നത്. നേരത്തെ മറ്റൊരു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയുമായായിരുന്നു കരാര്‍. കൃത്യമായ രേഖകളുമായി അപേക്ഷ ലഭിച്ചാല്‍ മൂന്നു മാസത്തിനകം തുക ലഭ്യമാക്കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്.
അപേക്ഷ കൊടുത്താല്‍ അതിന്‍മേല്‍ എന്തു നടപടിയായെന്ന് ബോര്‍ഡില്‍ നിന്ന് അറിയിപ്പ് ലഭിക്കാറില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം അന്വേഷിച്ചാല്‍ അപേക്ഷ ഇന്‍ഷുറന്‍സ് കമ്പനിക്കു കൈമാറിയിട്ടുണ്ടെന്ന മറുപടിയായിരിക്കും ലഭിക്കുക. ഇന്‍ഷുറന്‍സ് കമ്പനിയില്‍ അന്വേഷിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി വേണ്ടത്ര രേഖകള്‍ അപേക്ഷയോടൊപ്പമില്ലെന്നും അതു തിരിച്ചയച്ചിട്ടുണ്ടെന്നുമൊക്കെയാണെന്നും തൊഴിലാളികള്‍ പറയുന്നു. ക്ഷേമനിധി ബോര്‍ഡ് അംഗമായ തൊഴിലാളി മരിച്ചാല്‍ ഭാര്യക്ക് ബോര്‍ഡ് അംഗത്വം ഒരു മാസത്തിനുള്ളില്‍ കൊടുക്കണമെന്ന് വ്യവസ്ഥയുണ്ട്. ഈ അംഗത്വമുണ്ടെങ്കില്‍ മാത്രമായിരിക്കും ആനുകൂല്യങ്ങള്‍ ലഭിക്കുക.
മരിച്ച പല തൊഴിലാളികളുടെയും ഭാര്യമാര്‍ക്ക് ബോര്‍ഡ് നല്‍കുന്നത് മത്സ്യമേഖലയിലെ അനുബന്ധ തൊഴിലാളികള്‍ക്കുള്ള അംഗത്വ കാര്‍ഡാണെന്നും പരാതിയുണ്ട്. അനുബന്ധ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ കുറവാണ്. മത്സ്യത്തൊഴിലാളി എന്ന വിഭാഗത്തില്‍ പെടുന്ന അംഗത്തിന് 20 ഇനം ആനുകൂല്യങ്ങളുള്ളപ്പോള്‍ അനുബന്ധ തൊഴിലാളിക്കുള്ളത് എട്ടിനം മാത്രമാണ്. മത്സ്യം ഉണക്കല്‍, പീലിങ് തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരാണ് അനുബന്ധ തൊഴില്‍ വിഭാഗത്തില്‍ പെടുന്നത്. അതേസമയം, നടപടിക്രമങ്ങളില്‍ വരുന്ന കാലതാമസവും അപേക്ഷകളോടൊപ്പം വേണ്ടത്ര രേഖകളില്ലാത്തതുമാണ് തുക ലഭിക്കാതിരിക്കാന്‍ കാരണമെന്നാണ് ബോര്‍ഡ് അധികൃതരുടെ വാദം.
മൃതദേഹം കണ്ടെത്താത്ത സംഭവങ്ങളില്‍ ആറു മാസത്തിനു ശേഷം എ.ഡി.എം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാണ് മരിച്ചതായി സ്ഥിരീകരിക്കുക. ഇതിനുള്ള നടപടിക്രമങ്ങള്‍ വൈകുന്നത് ഒരു പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്താത്ത കേസുകളില്‍ നടപടിക്രമം വൈകുന്നു എന്ന വാദം കുറെയൊക്കെ ശരിയായിരിക്കാമെങ്കിലും അതല്ലാത്ത കേസുകളില്‍ എല്ലാ രേഖകളും നല്‍കിയെന്ന് ഉറപ്പാക്കിയിട്ടും തുക ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News