2018 November 19 Monday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കഞ്ഞിക്കുഴി ഇനി മുട്ടഗ്രാമം

തിരുവനന്തപുരം: പച്ചക്കറി ഗ്രാമം എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിക്ക് മുട്ട ഗ്രാമം എന്ന് പേര് കൂടി സ്വന്തം. കഴിഞ്ഞ അഞ്ച് മാസത്തെ പരിശ്രമത്തിനൊടുവിലാണ് മുട്ടഗ്രാമം എന്ന പേര് കഞ്ഞിക്കുഴി സ്വന്തമാക്കിയത്. പച്ചക്കറി ഉല്‍പ്പാദനത്തിലെ വമ്പന്‍ വിജയമാണ് കുടുംബശ്രീ യൂനിറ്റുകളെ അണിനിരത്തി മുട്ട ഉല്‍പ്പാദനം തുടങ്ങാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. പഞ്ചായത്തും, പി.ഡി.എസും സര്‍വിസ് സഹകരണ സംഘവും കൈകോര്‍ത്താണ് മുട്ട ഗ്രാമം പദ്ധതി ആരംഭിച്ചത്. പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ യൂനിറ്റുകളെയും പരിപാടിയുടെ ഭാഗമാക്കി. അഞ്ചു വീടുകള്‍ ഉള്ള ഒരോ യൂനിറ്റുകള്‍ രൂപീകരിച്ചു. ഒരോ യൂനിറ്റിനും 50 കോഴികളെ വീതം നല്‍കി. പരിപാടിയില്‍ ഇപ്പോള്‍ പങ്കാളികളായ 30 ഗ്രൂപ്പുകളും ചേര്‍ന്ന് ശരാശരി 7000 നാടന്‍ കോഴിമുട്ടകളാണ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്.

യൂനിറ്റുകള്‍ക്ക് ആവശ്യമായ കോഴികളെയും അവയെ വളര്‍ത്താനുള്ള കൂടും, തീറ്റയും പദ്ധതിയുടെ ഭാഗമായി നല്‍കിയിരുന്നു. ഇതിനുപുറമെ 1,45,000 രൂപയും കഞ്ഞിക്കുഴി സര്‍വിസ് സഹകരണ ബാങ്ക് മിതമായ പലിശ നിരക്കില്‍ വായ്പയും നല്‍കി.
പി.ഡി.എസിന്റെ പച്ചക്കറി വിപണന കേന്ദ്രം വഴിയാണ് നിലവില്‍ മുട്ടകള്‍ ഏറെയും വിറ്റഴിക്കുന്നത്. എന്നാല്‍ പ്രതിദിനം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മുട്ടകള്‍ ഏറെയും വിറ്റഴിക്കാനാകുന്നുണ്ടെന്ന് പി.ഡി.എസ് മെമ്പര്‍ സെക്രട്ടറി വിക്രമന്‍ സുപ്രഭാതത്തോട് പറഞ്ഞു. 4.50 രൂപയ്ക്കാണ് പി.ഡി.എസ് വഴി മുട്ടകള്‍ വില്‍ക്കുന്നത്. ഇതിനു പുറമെ ആലപ്പുഴയിലെ റിസോട്ടുകളില്‍ സ്ത്രീകള്‍ നേരിട്ട് ചെന്ന് മുട്ടകള്‍ വില്‍ക്കുന്നുണ്ട്.

Egg village story 1

കൂടാതെ ഹൈവേ റോഡിന്റെ ഇരു വശങ്ങളിലുമായി നാടന്‍ കോഴി മുട്ട എന്ന ബോര്‍ഡ് സ്ഥാപിച്ചും മുട്ടകള്‍ വിറ്റഴിക്കുന്നുണ്ട്.
മാസം ശരാശരി 6000 രൂപയോളം വരുമാനം മുട്ട ഗ്രാമം പദ്ധതിയില്‍ നിന്നും ലഭിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കോഴികള്‍ വലുതായി മുട്ടയിടാറാകുന്നതുവരെ ഏതാണ്ട് രണ്ടുമാസം ലോണ്‍ ഹോളിഡേ ആയി ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതി വഴി വിതരണം ചെയ്ത കോഴികള്‍ക്ക് ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴികള്‍ മരണപ്പെട്ടാല്‍ പുതിയവയെ നല്‍കുകയും ചെയ്യും. കഞ്ഞിക്കുഴിയുടെ ജൈവ കൃഷി പാരമ്പര്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട് നാടന്‍ കോഴികളെയാണ് പദ്ധതിയില്‍ വിതരണം ചെയ്തിട്ടുള്ളത്.
പ്രദേശത്ത് മാത്രം വന്‍ തോതില്‍ മുട്ടകള്‍ വിറ്റഴിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും സംസ്ഥാന തലത്തില്‍ മതിയായ മാര്‍ക്കറ്റ് കണ്ടെത്താനാകുന്നില്ലെന്നാണ് അധികൃതരുടെ നിലവിലെ പ്രശ്‌നം. പ്രാദേശിക സംരംഭം എന്ന നിലയില്‍ തുടങ്ങിയ പച്ചക്കറി ഉല്‍പ്പാദനത്തിന് സംസ്ഥാന വ്യാപകമായി വന്‍ പ്രചാരവും വിപണിയുമാണ് ലഭിച്ചത്. ഇത്തരത്തില്‍ മുട്ട ഗ്രാമം പദ്ധിതിയെയും മാറ്റാനാണ് ആലോചനയെന്ന് പി.ഡി.എസ് സെക്രട്ടറി പറഞ്ഞു. നിലവിലെ 30 എന്ന ഗ്രൂപ്പ് 50 ആയി ഉയര്‍ത്തുക വഴി കൂടുതല്‍ മുട്ട ഉല്‍പ്പാദിപ്പിക്കാനാവും. അതുവഴി സംസ്ഥാന വ്യാപകമായി മുട്ടകള്‍ വിറ്റഴിക്കാനുള്ള തുറന്ന വിപണിയും ലഭ്യമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.