2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

കഞ്ചിക്കോട് പാളം ഒലിച്ചുപോയി; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

 

പാലക്കാട്: തകര്‍ത്തുപെയ്ത മഴക്കൊപ്പം ഉരുള്‍പൊട്ടലും പാലക്കാട് നഗരത്തെവെള്ളത്തിനടിയിലാക്കി. പാലക്കാട് – കോയമ്പത്തൂര്‍ റെയില്‍പാതയിലെ ബി ട്രാക്കില്‍ കഞ്ചിക്കോടിനടത്ത് കൊട്ടൊമുട്ടിയില്‍ മലവെള്ളം കയറി റെയില്‍വേ ട്രാക്ക് ഏതാനും മീറ്ററുകള്‍ ഒലിച്ചുപോയി. തുടര്‍ന്ന് എ ട്രാക്കിലൂടെ മാത്രമായിരുന്നു ട്രെയിനുകള്‍ ഓടിക്കൊണ്ടിരിക്കുന്നത്. അതിനിടെ ട്രാക്ക് റിപ്പയറിങിനായി ഷൊര്‍ണൂരില്‍ നിന്നെത്തിച്ച പ്രത്യേക വാഗണ്‍ ഇന്നലെ രാത്രി ബി ട്രാക്കില്‍ പാളം തെറ്റിയതോടെ പാലക്കാട് – കോയമ്പത്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. ഗതാതതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ രാത്രി വൈകിയും തുടരുകയാണ്.
മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ ആനക്കല്ലിനടുത്ത് കവ, പറച്ചാത്തി, എലിവാല്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. ബുധനാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ നാല് അടി വീതം തുറന്നതോടെ കല്‍പ്പാത്തിപുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് പാലക്കാട് നഗരത്തിന്റെ വിവിധഭാഗങ്ങള്‍ വെള്ളത്തിനടിയിലായി.
ആളിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നതിനാല്‍ മൂലത്തറ റെഗുലേറ്ററിലെ വലതുകര കനാലിനു സമീപത്തെ ബണ്ടും തകര്‍ന്നു.ശേഖരിപുരത്ത് ബോട്ട് ഉപയോഗിച്ചാണ് വീടുകളില്‍ കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തിയത്. കഞ്ചിക്കോട് കൊട്ടാമുട്ടി മലയില്‍ ഉരുള്‍പൊട്ടിയതാണ് കഞ്ചിക്കോട് ഭാഗത്ത് വെള്ളപ്പൊക്കത്തിനിടയാക്കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.