2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കഞ്ചാവ് മാഫിയകളുടെ പ്രവര്‍ത്തനം വീണ്ടും സജീവമാകുന്നു

എരുമപ്പെട്ടി: മേഖലയില്‍ കഞ്ചാവ് മാഫിയകളുടെ പ്രവര്‍ത്തനം വീണ്ടും സജീവമാകുന്നു. എരുമപ്പെട്ടി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന വിവിധ പ്രദേശങ്ങളില്‍ കഞ്ചാവിന്റെ വില്‍പ്പനയും ഉപയോഗവും പെരുകി വരികയാണ്. സ്ഥലം മാറിപ്പോയ എസ്.ഐ.ഡി.ശ്രീജിത്തിന്റെ കര്‍ശന നടപടികള്‍ കൊണ്ട് നിര്‍ജ്ജീവമായ കഞ്ചാവ് മാഫിയ സംഘങ്ങള്‍ ഇപ്പോള്‍ പൂര്‍വ്വാധികം ശക്തമായി പ്രവര്‍ത്തനം വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
ദിവസവും നൂറ് കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഒത്ത് ചേരുന്ന എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററിലാണ് പ്രധാനമായും കഞ്ചാവ് സംഘത്തിന്റെ പ്രവര്‍ത്തനം നടക്കുന്നു.
തൊഴില്‍ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനായി ഏജന്റ്മാരെ കാത്ത് നില്‍ക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിലാണ് കഞ്ചാവ് കച്ചവടം സജീവമായി നടക്കുന്നത്. കൂടാതെ സെന്ററിലുള്ള കെട്ടിടത്തില്‍ ഒട്ടനവധി അയല്‍ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്നുമുണ്ട്. ഇവര്‍ക്കിടയിലും കഞ്ചാവിന്റെ ഉപയോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. എരുമപ്പെട്ടി മേഖലയില്‍ യുവാക്കളേയും വിദ്യാര്‍ഥികളേയും ലക്ഷ്യമിട്ടിരുന്ന കഞ്ചാവ് വില്‍പ്പന സംഘത്തിന്റെ പ്രവര്‍ത്തനം സ്ഥലം മാറിപ്പോയ എസ്.ഐ.ഡി.ശ്രീജിത്തിന്റെ ശക്തമായ ഇടപെടലും നിരീക്ഷണവും കൊണ്ട് ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞിരുന്നു. വൈകീട്ടും രാത്രി കാലങ്ങളിലും എസ്.ഐ.ഡി.ശ്രീജിത്ത് സ്റ്റേഷന്‍ പരിധിയിലെ മൂക്കിലും മൂലയിലും പെട്രോളിങ്ങ് നടത്തുകയും വാഹന പരിശോധന കര്‍ശനമാക്കുകയും വെള്ളറക്കാട്, തളി, കടങ്ങോട് മനപ്പടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും യുവാക്കളേയും വിദ്യാര്‍ഥികളേയും ഉപയോഗിക്കാന്‍ കൈവശം സൂക്ഷിച്ച കഞ്ചാവുമായി പിടികൂടുകയും ചെയ്തിരുന്നു. പൊലിസിന്റെ ശക്തമായ നിരീക്ഷണത്തെ തുടര്‍ന്ന് പിന്‍മാറിയ കഞ്ചാവ് മാഫിയ സംഘങ്ങള്‍ ശ്രീജിത്ത് സ്ഥലം മാറിപോയതിന് ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. മേഖലയിലെ കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം തടയാന്‍ പൊലിസ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.