2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

കഞ്ചാവ് ഉപയോഗം; ഏഴ് പ്ലസ്ടു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു

പെരിന്തല്‍മണ്ണ: കഞ്ചാവ് കൈവശംവച്ച് ഉപയോഗിച്ചതിന് ഏഴ് പ്ലസ്ടു വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു. പൊന്ന്യാകുര്‍ശി അക്കരെയില്‍നിന്നാണ് പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനുവും സംഘവും ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയില്‍ പിടിയിലായ മുഖ്യവിതരണക്കാരന്‍ അബ്ദുല്‍ ഹക്കീമിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ക്ലാസില്‍കയറാതെ കഞ്ചാവ് വലിക്കുകയായിരുന്നു ഇവരെന്ന് പൊലിസ് പറഞ്ഞു. അബ്ദുല്‍ ഹക്കീമിന്റെ അറസ്റ്റിനെതുടര്‍ന്ന് മഫ്തിയില്‍ പൊലിസ് പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും വ്യാപക പരിശോധന നടത്തിയിരുന്നു.
വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതിലൂടെ അലനല്ലൂര്‍, പുലാമന്തോള്‍, കൊപ്പം ഭാഗങ്ങളിലെ ചെറുകിട കഞ്ചാവ് വില്‍പനക്കാരെക്കുറിച്ചും ഉപയോഗിക്കുന്നവരെക്കുറിച്ചും സൂചനകള്‍ ലഭിച്ചതായി പൊലിസ് പറഞ്ഞു.
കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെയും പതിവായി ക്ലാസില്‍ കയറാതിരിക്കുന്നവരെയുംകുറിച്ച് വിവരം കൈമാറാന്‍ പെരിന്തല്‍മണ്ണയിലെ സ്‌കൂള്‍ മേധാവികള്‍ക്ക് പൊലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഹരി ഉപയോഗത്തിനെതിരേയുള്ള കര്‍ശന നടപടികള്‍ തുടരുമെന്ന് സി.ഐ അറിയിച്ചു. വനിതാ എസ്.ഐ രമ, സി.പി.ഒമാരായ രാജേഷ്, ശിഹാബ്, വിപിന്‍ചന്ദ്രന്‍, അനീഷ്, പ്രഫുല്‍, ദിനേശ്, ടൗണ്‍ ഷാഡോ പൊലിസ് സംഘം എന്നിവരാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസവും കഞ്ചാവ് ഉപയോഗിച്ച ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.