2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഔഷധമാണ് പപ്പായ

ഷാക്കിര്‍ തോട്ടിക്കല്‍

 

 

പഴങ്ങളില്‍ ഗുണവാനും വീര്യവാനുമാണ് പപ്പായ. ഒന്നാന്തരം ഒരു പഴം. പക്ഷേ എന്തുകൊണ്ടോ, അര്‍ഹിക്കുന്ന സ്ഥാനം മലയാളികളുടെ ഇടയില്‍ ഇതിന് ലഭിച്ചിട്ടില്ല. കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും ഒരു പപ്പായ മരം നട്ടുവളര്‍ത്താം. പഴമായി മാത്രമല്ല, വളരെ ഗുണകരമായ ഒരു പച്ചക്കറിയായും പച്ച പപ്പായ ഉപയോഗിക്കാവുന്നതാണ്. വേറേയുമുണ്ട് ഗുണങ്ങള്‍.
ഓമയ്ക്ക, കപ്ലങ്ങ, പപ്പയ്ക്ക, കപ്പക്ക, പപ്പരയ്ക്ക എന്നിങ്ങനെ മലയാളത്തില്‍ പപ്പായ്ക്ക് ഇഷ്ടംപോലെ പേരുകളുണ്ട്. ഇത്രയും ഓമനപ്പേരുകള്‍ മറ്റൊരു പഴത്തിനുമില്ല. പക്ഷേ ആളൊരുവിദേശിയാണെന്നതാണ് സത്യം. പപ്പായ ഒരു മെക്‌സിക്കന്‍ പഴമാണ് 16ാം നൂറ്റാണ്ടിലാണ് ഈ ഫലവൃക്ഷം ഇന്ത്യയിലെത്തുന്നത്. ഇന്ന് ഇന്ത്യയുടെ വാണിജ്യപ്രാധാന്യമുളള പഴങ്ങളില്‍ നാലാംസ്ഥാനമാണ് പപ്പായക്കുളളത്.
പപ്പായയുടെ വാണിജ്യ ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനം മണിപ്പൂരിനാണ്. തമിഴ്‌നാട്ടിലും മറ്റും പപ്പയിന്‍ എന്ന വിലകൂടിയ എന്‍സൈം എടുക്കുവാനായി പപ്പായമരം തോട്ടങ്ങളില്‍ കൃഷി ചെയ്തുവരുന്നു. ഈ മരത്തിന്റെ കറ റബര്‍ ടാപ്പുചെയ്യുന്നതുപോലെ ശേഖരിച്ച് വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നു. ഒട്ടനവധി വ്യാവസായിക ആവശ്യങ്ങള്‍ക്കും പപ്പായ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.

പോഷകമൂല്യങ്ങള്‍
ഒരു സാധാരണ പപ്പായക്ക് 1.5 മുതല്‍ 2 കിലോഗ്രാം വരെ ഭാരമുണ്ടായിരിക്കും. അങ്ങനെയൊരെണ്ണം വാങ്ങാന്‍ അര കിലോഗ്രാം ആപ്പിളിന്റെയോ മുന്തിരിയുടെയോ വിലയാകില്ലെന്നും ഓര്‍ത്തിരിക്കേണ്ടതാണ്.
നൂറുഗ്രാം പഴുത്ത പപ്പായയിലെ ധാതുക്കളുടെ തൂക്കം 0.5 ഗ്രാമാണ്. ആപ്പിളിലിത് 0.3 ഗ്രാം മാത്രമാണുളളത്. ഇതിലടങ്ങിയിരിക്കുന്ന കാല്‍സ്യത്തിന്റെ അളവ് നാരങ്ങയിലുളളതിലും അധികമാണ്. ഇരുമ്പിന്റെ അംശം ഇതില്‍ 0.5 മില്ലി ഗ്രാമാണെങ്കില്‍ ഓറഞ്ചിലിത് 0.32 മില്ലിഗ്രാം ആണ്. വൈറ്റമിന്‍ ‘സി’ യുടെ കാര്യത്തില്‍ മറ്റു സാധാരണ പഴങ്ങളൊന്നും പപ്പായയുടെ അടുത്തുപോലുംവരില്ല. വൈറ്റമിന്‍ ‘എ’, ‘ബി’, എന്നിവയുടെ സ്ഥിതിയും ഇതുതന്നെ.
എങ്കിലും ഊര്‍ജദായകമായ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഇതില്‍ കുറവാണ്. സാവധാനം ശരീരത്തില്‍ ലയിക്കുന്ന പോഷകങ്ങളാണ് ഇതുതരുന്നത്.

ഔഷധഗുണങ്ങള്‍
പപ്പായ (കര്‍മ്മൂസ്) മരത്തിന്റെ ഇലയും കായും കുരുവും എല്ലാം ഔഷധവീര്യമുളളതാണ്. ഇലയില്‍ ‘കാര്‍പ്പില്‍’ എന്ന ഒരു ആല്‍ക്കലോയിഡ് അടങ്ങിയിട്ടുണ്ട്. ഞരമ്പുതളര്‍ച്ച. വേദന എന്നിവയ്ക്ക് ആശ്വാസം നല്‍കാന്‍ ഇതിനു കഴിയും. പപ്പായ ഇല നല്ലൊരു കീടനാശിനികൂടിയാണ്.
ി പപ്പായക്കുരു അരച്ച് ലേപനം ചെയ്താല്‍ പുഴുക്കടി ശമിക്കും. വിരകളെ അകറ്റാന്‍ ഈ കുരു തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ മതി. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ – ‘എ’ പപ്പായയില്‍ ധാരാളമുണ്ട്. പഴുത്ത പപ്പായയുടെ ഉളളിലെ മാംസളഭാഗം ദിവസേന മുഖത്തുതേച്ച് ഉണങ്ങുമ്പോള്‍ കഴുകിക്കളയുക, ചര്‍മ്മശോഭ വര്‍ദ്ധിക്കും.
ി മാസഭോജികള്‍ക്ക് പപ്പായ ഒരു രക്ഷകന്‍ തന്നെയാണെന്നു പറയാം. കാരണം പപ്പായയില്‍ അടങ്ങിയിട്ടുളള പെപ്‌റാന്‍ എന്ന എന്‍സൈം മാംസത്തെ വളരെയെളുപ്പത്തില്‍ ദഹിപ്പിക്കും.
ി ആര്‍ത്തവം ക്രമത്തിലല്ലാത്ത സ്ത്രീകള്‍ പച്ചപ്പപ്പായ ഒരാഴ്ച്ച തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ആര്‍ത്തവം ക്രമത്തിലാകും.
ി പപ്പായ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുവേദന അപൂര്‍വ്വമാണ്. പ്ലീഹവീക്കമുളളവര്‍ പഴുത്ത പപ്പായ കഴിച്ചാല്‍ പെട്ടെന്ന് ആശ്വാസം ലഭിക്കുന്നു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.