2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഓര്‍മക്കാഴ്ചയായി നൂറ്റാണ്ടിന്റെ രക്തചന്ദ്രന്‍

കെ.ജംഷാദ്

കോഴിക്കോട്: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രക്തചന്ദ്രന്‍ കോഴിക്കോടിനും നൂറ്റാണ്ടിന്റെ വിസ്മയക്കാഴ്ചയായി. മഴമേഘങ്ങള്‍ മാറി നിന്നതോടെയാണ് രക്തചന്ദ്രനെ കാണാനായത്. ഭൂമിയില്‍നിന്ന് ചന്ദ്രന്‍ 53.3 ഡിഗ്രി ഉയരത്തിലായതിനാല്‍ മരങ്ങളും മറ്റും കാഴ്ച മറച്ചില്ല. കഴിഞ്ഞ ജനുവരി 31ലെ സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ കിഴക്കന്‍ ചക്രവാളത്തിലായതിനാല്‍ ഗ്രഹണം കാണാന്‍ മരങ്ങള്‍ തടസമായിരുന്നു.

ഇന്നലെ രാത്രി കോഴിക്കോട്ട് 11.54 നാണ് പെനമ്പ്ര (നിഴലും വെളിച്ചവും പരസ്പരം ലയിച്ചു ചേരുന്ന ഭാഗം) ഗ്രഹണം ദൃശ്യമായത്. അര്‍ധരാത്രി 12.05 ന് തുടങ്ങിയ ഭാഗിക ഗ്രഹണം പുലര്‍ച്ചെ ഒരു മണിയോടെ പൂര്‍ണ ഗ്രഹണം തുടങ്ങുകയും പുലര്‍ച്ചെ 1.51 ന് പൂര്‍ണമായും ചന്ദ്രനെ ഭൂമിയുടെ നിഴല്‍ മറക്കുകയും ചെയ്തു. അതിരാവിലെ 4.58 വരെ പെനമ്പ്രല്‍ ഗ്രഹണം നീണ്ടു.
രക്തചന്ദ്രനെ പൊതുജനങ്ങള്‍ക്ക് കാണാന്‍ കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ സംവിധാനമൊരുക്കിയിരുന്നു. ഒരു ടെലസ്‌കോപും ഇതിനായി തയാറാക്കിയിരുന്നു. നഗ്നനേത്രങ്ങള്‍കൊണ്ടും ഗ്രഹണം കാണാന്‍ കഴിഞ്ഞിരുന്നു. മേഖലാ ശാസ്ത്രകേന്ദ്രം ആന്‍ഡ് പ്ലാനറ്റോറിയം ഡയരക്ടര്‍ വി.എസ് രാമചമന്ദ്രന്‍, ടെക്‌നിക്കല്‍ ഓഫിസര്‍ ജയന്ത് ഗാംഗുലി എന്നിവരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് രക്ത ചന്ദ്രനെ കുറിച്ച് വിവരിച്ചു നല്‍കി. നിരവധി പേരാണ് ഗ്രഹണം കാണാന്‍ ശാസ്ത്രകേന്ദ്രത്തില്‍ എത്തിയത്.

പൂര്‍ണ ഗ്രഹണം 1.43 മിനുട്ട്

10.44 പെനമ്പ്രല്‍ ഗ്രഹണം തുടങ്ങി
11.54 ഭാഗിക ഗ്രഹണം തുടങ്ങി
പുലര്‍ച്ചെ 1 മണി ചുവന്ന നിറത്തില്‍ പൂര്‍ണ ഗ്രഹണം തുടങ്ങി
1.51 ഗ്രഹണം പൂര്‍ണതോതില്‍ ദൃശ്യമായി
2.43 ചുവന്ന നിറത്തില്‍ പൂര്‍ണ ഗ്രഹണം അവസാനിച്ചു
3.49 ഭാഗിക ഗ്രഹണം അവസാനിച്ചു
4.58 പെനമ്പ്രല്‍ ഗ്രഹണം അവസാനിച്ചു


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.