2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഓരിലത്താമരയെ കാണാന്‍ കുരുന്നുകള്‍

തൃക്കരിപ്പൂര്‍: കാടിനെ തൊട്ടറിഞ്ഞ് ഓരിലത്താമരയെ നിരീക്ഷിച്ച് കൗതുകക്കണ്ണുമായി കുരുന്നുകള്‍. വിദ്യാഭ്യാസ വകുപ്പ് ആഹ്വാനം ചെയ്ത ഹരിതോത്സവത്തിലെ നാലാം ഉത്സവമായ ലോക പ്രകൃതിസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഇടയിലെക്കാട് എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കാവ് കാണാനെത്തിയത്.
കേരളത്തിലെ തീരദേശക്കാവുകളില്‍ പ്രധാനപ്പെട്ട ഇടയിലെക്കാട് കാവിലെത്തിയ വിദ്യാര്‍ഥികള്‍ ഇവിടെയുള്ള അത്യപൂര്‍വ സസ്യമായ ഓരിലത്താമരയെ നിരീക്ഷിച്ചും അവയുടെ പ്രാധാന്യമറിഞ്ഞും അവയെ എന്തു വില കൊടുത്തു സംരക്ഷിക്കുമെന്നും കുട്ടിക്കൂട്ടം പ്രതിജ്ഞയെടുത്തു. കേവലം നാലു മാസക്കാലം മാത്രം നീളുന്ന ഓരിലത്താമരയുടെ ജീവിതചക്രം സൂക്ഷ്മമായി കുരുന്നുകള്‍ മനസിലേക്ക് ഏറ്റുവാങ്ങി. മഴ തുടങ്ങിക്കഴിഞ്ഞ് ജൂണിലെ രണ്ടാമത്തെ ആഴ്ചയോടെയാണ് കാവില്‍ ഓരിലത്താമര വിരിഞ്ഞത്. മുളച്ച് ഒരാഴ്ചയ്ക്ക് ശേഷം പൂവും തണ്ടും കരിഞ്ഞുണങ്ങും. തുടര്‍ന്ന് താമരയുടെ ഇലയോട് സാദൃശ്യമുള്ളതും അതിന്റെ മൂന്നിലൊന്ന് വലിപ്പമുള്ളതുമായ ഇല നിലംപറ്റി വളരും.
നീല ഓര്‍ക്കിഡ് വിഭാഗത്തില്‍പ്പെട്ട രണ്ടിനം ഓരിലത്താമരയുടെ ആവാസ കേന്ദ്രമാണ് ഈ കാവ്. നെര്‍വീലിയ പ്രൈനിയാന, നെര്‍വീലിയ ഇന്‍ഫുന്‍ഡിബൈ ഫോളിയ ഇനങ്ങളില്‍പ്പെട്ടതാണിവ. ഒക്ടോബര്‍ മധ്യത്തോടെ വേനലിന്റെ ചൂടേറ്റുവാങ്ങി ഇവ കരിഞ്ഞുണങ്ങി മണ്ണിലേക്ക് മടങ്ങി ജീവിതചക്രം പൂര്‍ത്തിയാക്കും. മണ്ണിനടിയിലെ കിഴങ്ങില്‍നിന്ന് അടുത്ത മഴക്കാലത്ത് വീണ്ടും മുളച്ച് തിരിച്ചുവരും. വൃക്കരോഗങ്ങള്‍ക്കും മാരകമായ ത്വക് രോഗങ്ങള്‍ക്കുമുള്ള വളരെ വീര്യമേറിയ ഔഷധം ഓരിലത്താമരയുടെ കിഴങ്ങില്‍നിന്ന് വൈദ്യന്‍മാര്‍ നിര്‍മിക്കുന്നുണ്ട്.
പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ഈ സസ്യത്തിന്റെ പ്രാധാന്യം തിരുവനന്തപുരത്തെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് അവരുടെ ജനിതകശേഖരത്തില്‍ സസ്യം സംരക്ഷിക്കപ്പെട്ടു വരുന്നുണ്ട്.
ഈയടുത്ത കാലത്ത് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവവൈവിധ്യ പൈതൃക കേന്ദ്രം പദവിയിലേക്ക് കാവിനെ എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകനും ചെറുവത്തൂര്‍ ബി.ആര്‍.സി ട്രെയിനുമായ പി. വേണുഗോപാലന്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.