2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഓണ്‍ലൈന്‍ പച്ചക്കറി വ്യാപാരത്തില്‍ വിജയം കൊയ്ത് യുവ സംരംഭകന്‍

ഹരിമേനോന്‍

കൊടകര: കേരളത്തിന്റെ മെട്രോ നഗരമായ എറണാകുളത്തുള്ളവര്‍ ഒരു കണക്കിന് ഭാഗ്യവാന്മാരാണ്. കാരണം അവര്‍ക്ക് ‘ഫ്രഷ്’ പച്ചക്കറികള്‍ വീടിന്റെ പടിക്കല്‍ തന്നെ എത്തിക്കിട്ടും.

തൃശൂര്‍ ജില്ലാ മറ്റത്തൂര്‍ പഞ്ചായത്തില്‍ കടമ്പോടുള്ള പ്രദീപ്പണ് ആവശ്യക്കാര്‍ക്ക് ഇവ എത്തിച്ചു നല്‍കുന്നതെന്നു മാത്രം.
പ്രദീപ് തന്റെ സുഹൃത്തുക്കളുമായി ആരംഭിച്ച എറണാകുളം എളംകുളത്തുള്ള ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ എന്ന സ്ഥാപനമാണ് നഗരത്തില്‍ ആവശ്യക്കാര്‍ക്ക് പച്ചക്കറികള്‍ വിതരണം ചെയ്യുന്നത്.
ഞങ്ങളുടെ പച്ചക്കറികള്‍ ജൈവവളം മാത്രം ഉപയോഗിച്ചുല്‍പാദിപ്പിച്ച പച്ചക്കറികളല്ല. പക്ഷെ ഭക്ഷിക്കാന്‍ സുരക്ഷിതമായ പച്ചക്കറികളാണ് വിതരണം ചെയ്യുന്നത്. അതുറപ്പാക്കാനായി ഞങ്ങള്‍ വിതരണം ചെയ്യുന്ന പച്ചക്കറികള്‍ സ്ഥിരമായി വെള്ളായണി അഗ്രികള്‍ച്ചറല്‍ കോളജില്‍ പരിശോധനക്ക് വിധേയമാക്കാറുണ്ടെന്ന് ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ പറയുന്നു.
എറണാകുളത്തുള്ള ഉപഭോക്താവിന് പച്ചക്കറികള്‍ ദിവസവും വൈകീട്ട് ആറു വരെ തങ്ങള്‍ക്കാവശ്യമുള്ള പച്ചക്കറികള്‍ ഓണ്‍ ലൈനില്‍ ബുക്കു ചെയ്യാം. ഇവരുടെ കൈവശമുള്ള പച്ചക്കറി ശേഖരം ഓണ്‍ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഏതൊക്കെ ഇനം പച്ചക്കറികളാണ് ഓരോ ദിവസവും ലഭ്യമാമായതു എന്നു ഉപഭോക്താവിന് പെട്ടെന്ന് മനസ്സിലാക്കാം അതനുസരിച്ച് ബുക്ക് ചെയ്യുകയുമാവാം.
വേണമെങ്കില്‍ ഒരു ആഴ്ച മുന്‍പും ആവശ്യം മുന്‍കൂട്ടി കണ്ടു പച്ചക്കറികള്‍ ബുക്ക് ചെയ്യാനും ഉപഭോക്താവിനു സൗകര്യമുണ്ട്. ഓരോ തവണയും ചുരുങ്ങിയത് 120 രൂപക്കുള്ള പച്ചക്കറികളെങ്കിലും ബുക്കു ചെയ്യണമെന്നാണ് നിബന്ധന. നിലവില്‍ കൊച്ചി നഗരത്തില്‍ പതിനായിരത്തോളം ഉപഭോക്താക്കളാണ് ഫാര്‍മേഴ്‌സ് ഫ്രഷ് സോണിനുള്ളത്. മറ്റത്തൂര്‍, മാള, കാന്തല്ലൂര്‍, വട്ടവട, കൊടുമണ്‍, വയനാട്, പാലക്കാട് ഇടങ്ങളിലായി മുന്നൂറിലേറെ കര്‍ഷകരും ഈ സ്ഥാപനത്തിനുണ്ട്.
35 മുതല്‍ 40 വരെ തരത്തിലുള്ള പച്ചക്കറികള്‍ തങ്ങള്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നതായി പ്രദീപ് പറഞ്ഞു.
കൂടാതെ പാഷന്‍ ഫ്രൂട്ട്, ഓറഞ്ച്, പൂവന്‍ പഴം, നേന്ത്ര പഴം തുടങ്ങി ഏതാനും പഴ വര്‍ഗങ്ങളും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നു. ഇപ്പോള്‍ 17 പേരാണ് ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ എന്ന സ്ഥാപനത്തിനു പുറകിലുള്ളത് .
കേരളത്തിലെ കൃഷിയുടെ മിക്കവാറും വിവരങ്ങള്‍ ദത്തങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അതുപയോഗിച്ച് ഏതൊക്കെ കൃഷി എവിടെയൊക്കെ ചെയ്താല്‍ കൂടുതല്‍ ലാഭകരമാകാമെന്നും കര്‍ഷകരെ ബോധവാന്മാരാക്കുന്ന ജോലി കൂടി തങ്ങള്‍ ഈ വര്‍ഷം മുതല്‍ ചെയ്യുമെന്നും പ്രദീപ് പറഞ്ഞു.
പുത്തന്‍ മേഖലകള്‍ തേടിയുള്ള പ്രദീപിന്റെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമായി നോണ്‍ ഐ.ടി വിഭാഗത്തില്‍ ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പിനുള്ള തെലുങ്കാന സര്‍ക്കാരും കൈരളി ടി.വി യും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പുരസ്‌കാരം തൃശൂര്‍ ജില്ലയില്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ കടമ്പോട് പുണര്‍ക്ക വീട്ടില്‍ പ്രദീപ് എന്ന ഈ സംരംഭകനെ തേടിയെത്തി.
കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ കൈരളി ടി.വി എം.ഡി യും മലയാളത്തിന്റെ പ്രിയ നടനുമായ മമ്മൂട്ടിയില്‍ നിന്നും പ്രദീപ് പുരസ്‌കാരം ഏറ്റുവാങ്ങി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.