2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഓട്ടോ ടാക്‌സി പാര്‍ക്കിങ്ങിനെ ചൊല്ലി തളിപ്പറമ്പില്‍ സംഘര്‍ഷം

തളിപ്പറമ്പ്: കടകള്‍ക്ക് മുന്നില്‍ ഓട്ടോ ടാക്‌സികള്‍ പാര്‍ക്ക് ചെയ്തതിനെതിരേ വ്യാപാരികള്‍ തളിപ്പറമ്പില്‍ കടകളടച്ച് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ദേശീയപാതയോരത്ത് ഒരു സംഘം ഓട്ടോടാക്‌സികള്‍ നിര്‍ത്തിയിടാന്‍ തുടങ്ങിയത്. ഓട്ടോടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ എ.ഐ.ടി.യു.സി നേതാവ് സി. ലക്ഷ്മണന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ ആറ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത്. കടകള്‍ക്ക് മുന്നില്‍ ഒരു കാരണവശാലും പാര്‍ക്കിങ്ങിന് സമ്മതിക്കില്ലെന്ന നിലപാടില്‍ വ്യാപാരികള്‍ രംഗത്തുവരികയായിരുന്നു.
തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി. താജുദ്ദീന്റെ നേതൃത്വത്തില്‍ വ്യാപാരി നേതാക്കള്‍ എത്തി ഓട്ടോടാക്‌സിക്കാരുമായി സംസാരിച്ചെങ്കിലും വാഹനം മാറ്റാന്‍ തയാറായില്ല. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രശ്‌നം രൂക്ഷമായതോടെ പൊലിസും എത്തി. പാര്‍ക്കിങ്ങിന് പൊലിസ് തങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നെന്നും വാഹനം മാറ്റില്ലെന്നും ഓട്ടോടാക്‌സിക്കാര്‍ പറഞ്ഞതോടെ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു.
പിന്നീട് എസ്.ഐ കെ. ദിനേശന്റെ സാന്നിധ്യത്തില്‍ ഡ്രൈവര്‍മാരും വ്യാപാരികളും നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളത്തിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി. എസ്.ബി.ഐ ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെയും ജീപ്പ് സ്റ്റാന്റിന്റെയും മധ്യത്തിലായുള്ള സ്ഥലത്തേക്ക് ഓട്ടോ ടാക്‌സി പാര്‍ക്കിങ് മാറ്റാന്‍ തീരുമാനിച്ചു.
ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം ഈസ്ഥലം തന്നെയാണ് നേരത്തേ അനുവദിച്ചിരുന്നത്. ഹൈവേയില്‍ ഗതാഗത തടസമുണ്ടാക്കുമെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഇവിടെ നിന്ന് മാറ്റുകയായിരുന്നു. ഇപ്പോള്‍ പരമാവധി ഗതാഗത തടസം ഒഴിവാക്കിയും കച്ചവടക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെയും നാലു വാഹനങ്ങള്‍ മാത്രം പാര്‍ക്കു ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും മറ്റൊരു സ്ഥലം കൂടി പരിഗണനയിലുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു. തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപാരികള്‍ കടകള്‍ തുറന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.