2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന വന്‍ മദ്യശേഖരം പിടികൂടി

മഞ്ചേശ്വരം: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 175 ലിറ്റര്‍ വിദേശമദ്യശേഖരം വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പിടികൂടി. ശനിയാഴ്ച്ച രാത്രി 11 മണിയോടെ മഞ്ചേശ്വരം ചെക്കുപോസ്റ്റിന് സമീപത്ത് നിന്നാണ് മദ്യം പിടികൂടിയത്. ഓട്ടോയിലുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേ എക്‌സൈസ് കേസെടുത്തു.
842 പാക്കറ്റ് മദ്യവും 150 കുപ്പി മദ്യുമാണ് പിടികൂടിയത്. മംഗ്‌ളുരു ഭാഗത്തു നിന്നും കാസര്‍കോട് ഭാഗത്തേക്ക് കടത്തവെ മഞ്ചേശ്വരം ചെക്കുപോസ്റ്റിനു സമീപത്തു വെച്ചാണ് പിടിയിലായത്. ഓട്ടോ പരിശോധിക്കുന്നതിനിടയിലാണ് മദ്യം കടത്തുകയായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടത്. സ്വര്‍ണ്ണക്കടത്തു പിടികൂടുന്നതിനായി വാണിജ്യ നികുതി ഇന്‍സ്‌പെക്റ്റിംങ് സംഘം പരിശോധന നടത്തുന്നതിനിടയിലാണ് ഓട്ടോറിക്ഷ സംഘം തടഞ്ഞത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കാര്‍ഡ് ബോര്‍ഡ് കവറുകളില്‍ പായ്ക്ക് ചെയ്ത് ഓട്ടോറിക്ഷക്ക് പിറകിലും സീറ്റിലും സൂക്ഷിച്ച നിലയില്‍ മദ്യശേഖരം കണ്ടെത്തിയത്.
വാണിജ്യ നികുതി വകുപ്പ് ഇന്‍സ്‌പെക്റ്റിംഗ് അസിസ്റ്റന്റ് കമ്മീഷണര്‍ പി.സി ജയരാജന്‍, ഇന്റലിജന്‍സ് ഓഫീസര്‍ രമേശന്‍ കോളിക്കര, ശ്രീധരന്‍ എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നു.
250 മില്ലീലിറ്ററിന്റെ 700 കുപ്പികളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. പിടികൂടിയ മദ്യം എക്‌സൈസ് വകുപ്പിന് കൈമാറി. മംഗ്‌ളുരുവില്‍ നിന്നും പാന്‍ ഉല്‍പ്പന്നങ്ങളും മദ്യവും കടത്തുന്നത് വ്യാപകമായിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമാക്കിയാണ് വന്‍ തോതിലുള്ള മദ്യക്കടത്ത് നടത്തുന്നത്.
മദ്യകടത്തു തടയാന്‍ എക്‌സൈസ് വ്യാപക പരിശോധന നടത്തുമ്പോഴും ജില്ലയിലേക്ക് വന്‍ തോതില്‍ മദ്യകടത്തു നടക്കുന്നുണ്ടെന്നാണ് സംഭവം തെളിയിക്കുന്നത്. വാമഞ്ചൂര്‍ ചെക്കുപോസ്റ്റില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ വന്‍ തോതിലുള്ള മദ്യശേഖരവും ലഹരി ഉല്‍പ്പന്നങ്ങളും പിടികൂടിയിരുന്നു. ചെക്കുപോസ്റ്റുകള്‍ വഴിയും ഉള്‍വഴികള്‍ വഴിയും കടത്തി കൊണ്ടുവരുന്ന മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കും വന്‍ വിലയാണ് കേരളത്തില്‍ ലഭിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.