2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

ഓഖി: മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം

തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായപ്പോള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളജനത കേന്ദ്രസേനകളുടെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ചില മാധ്യമങ്ങള്‍ സ്വീകരിച്ച നടപടി പൊതുവികാരത്തിന് ഒപ്പമുള്ളതായിരുന്നോ എന്ന് അവര്‍ ആത്മപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കടലോര ജനത അനുഭവിക്കുന്ന ദുരിതം പരിഹരിക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുടെയും അകമഴിഞ്ഞ സഹായം സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നു.
കേരളാതീരത്ത് ചുഴലി ആഞ്ഞടിക്കുമ്പോള്‍ ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ കടലിലുണ്ടായിരുന്നു. നാവികസേനയും വ്യോമസേനയും കോസ്റ്റ് ഗാര്‍ഡും യോജിച്ചു നടത്തിയ തിരച്ചിലില്‍ 1,130 മലയാളികളടക്കം 2,600 ഓളം പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.
ആഴക്കടലില്‍ ഇത്രയും വിപുലവും സാഹസികവുമായ രക്ഷാപ്രവര്‍ത്തനം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ പ്രതിരോധ വിഭാഗങ്ങളോട് കേരള സര്‍ക്കാര്‍ നന്ദി പ്രകടിപ്പിക്കുന്നു.
കടലില്‍ ആ സമയത്തുണ്ടായിരുന്ന മര്‍ച്ചന്റ് ഷിപ്പുകളും ഇതര ബോട്ടുകളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ ആകാവുന്ന സഹായം ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമനും അല്‍ഫോന്‍സ് കണ്ണന്താനവും കേരളത്തില്‍ വരുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തതിന് സര്‍ക്കാരിനുള്ള പ്രത്യേക നന്ദി പ്രകടിപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.