2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഓഖി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം സഹായം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം നേരിട്ടവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ചു ലക്ഷവും ബദല്‍ ജീവനോപാധിക്കായി ഫിഷറീസ് വകുപ്പില്‍നിന്ന് അഞ്ചു ലക്ഷം രൂപയും ഉള്‍പ്പെടെയാണിത്. ഗുരുതര പരുക്കേറ്റവര്‍ക്ക് ജീവനോപാധിയായി അഞ്ചുലക്ഷം രൂപ നല്‍കും.

മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് ദിനംപ്രതി 60 രൂപയും കുട്ടികള്‍ക്ക് 45 രൂപയും ഏഴു ദിവസത്തേക്ക് അനുവദിക്കും.
ബോട്ടും മത്സ്യബന്ധനോപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് തത്തുല്യമായ നഷ്ടപരിഹാരം നല്‍കും. മരണമടയുകയോ കാണാതാകുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കും. ദുരന്തത്തിനിരകളായ മത്സ്യത്തൊഴിലാളികള്‍ക്ക് നിലവില്‍ നല്‍കിവരുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ച് പഠിച്ച് കാലോചിതമായി പരിഷ്‌കരിക്കുന്നതിന് ശുപാര്‍ശ നല്‍കാന്‍ റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഫിഷറീസ്‌വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തിരച്ചിലിനും ശേഷം ഏതെങ്കിലും മത്സ്യത്തൊഴിലാളിയെ കണ്ടെത്താനാവാതെ വന്നാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കേണ്ട കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കുന്നതിന് സഹായകമായ ശുപാര്‍ശ നല്‍കുന്നതിനും നിലവിലുള്ള നിയമവ്യവസ്ഥകളില്‍ ഇളവ് നല്‍കുന്ന കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കുന്നതിനുമായി റവന്യൂ, ആഭ്യന്തരം, ഫിഷറീസ് വകുപ്പുകളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ ഉള്‍പ്പടുത്തി കമ്മിറ്റി രൂപീകരിക്കും.

മത്സ്യബന്ധനത്തിനു പോകുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളികളും ഫിഷറീസ്‌വകുപ്പ് ഏര്‍പ്പെടുത്തുന്ന സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ബോട്ടുകളില്‍ ജി.പി.എസ് സംവിധാനവും മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും സാറ്റലൈറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് കാലാവസ്ഥ സംബന്ധിച്ച സന്ദേശം നല്‍കാനുള്ള ക്രമീകരണവും ഒരുക്കും.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി പുനഃസംഘടിപ്പിക്കുകയും എസ്.ഡി.ആര്‍.എഫ് രൂപീകരിക്കുകയും ചെയ്യും. സംസ്ഥാനതല എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ തിരുവനന്തപുരത്തും മേഖലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ എറണാകുളത്തും സ്ഥാപിക്കാനും മറ്റു ജില്ലകളില്‍ ജില്ലാതലത്തില്‍ എമര്‍ജന്‍സി ഓപറേഷന്‍ സെന്ററുകള്‍ സ്ഥാപിച്ച് ഫിഷറീസ്, പൊലിസ്, ഫയര്‍, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും കോസ്റ്റ്ഗാര്‍ഡ്, വ്യോമ, നാവിക സേനകളുടെയും സേവനം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. തീരദേശ പൊലിസ് സേനയില്‍ ആവശ്യമായ റിക്രൂട്ട്‌മെന്റ് നടത്തും. ആധുനിക സജ്ജീകരണങ്ങളോടെ സേനയെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. വിഴിഞ്ഞം, നീണ്ടകര, കൊച്ചി, പൊന്നാനി, അഴീക്കല്‍ തുറമുഖങ്ങളോട് ചേര്‍ന്ന് പ്രത്യേക പൊലിസ് സംവിധാനം ആരംഭിക്കും.

മത്സ്യബന്ധനത്തിനിടയില്‍ മറ്റു സംസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നവരെ തിരിച്ചെത്തിക്കാനാവശ്യമായ സഹായം നല്‍കും. ലക്ഷദ്വീപില്‍ മെഡിക്കല്‍ ടീമിനെ അയക്കും. മറ്റു സ്ഥലങ്ങളില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. കാണാതായ അവസാന മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരാന്‍ കോസ്റ്റ്ഗാര്‍ഡ്, നാവിക, വ്യോമ സേനകളോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെടും. ഈ തിരച്ചലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തിയത് തുടരാനും ആവശ്യപ്പെടും.
നിരവധി പേരുടെ മരണത്തിനും നാശനഷ്ടത്തിനും ഇടയാക്കിയ അസാധാരണവും മുമ്പൊന്നും ഉണ്ടായിട്ടില്ലാത്തതുമായ ദുരന്തമായതിനാല്‍ ദേശീയ ദുരന്തമായി കണക്കാക്കി ദീര്‍ഘകാല പുനര്‍നിര്‍മാണ പദ്ധതിക്കാവശ്യമായ ഫണ്ട് (സ്‌പെഷ്യല്‍ പാക്കേജ്) ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ദുരന്തത്തോടനുബന്ധിച്ചുണ്ടായ കൃഷിനാശം, വീടു നഷ്ടപ്പെടല്‍, ചികിത്സാ ചെലവ് എന്നിവയ്ക്കും ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്കും ഉചിതമായ സാമ്പത്തികസഹായം ലഭ്യമാക്കും.

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : ഓഖി ദുരന്തം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ധരിപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ട് നാലുമണിയോടെ രാജ്ഭവനില്‍ എത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത്.
രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വന്നില്ലെന്നും, അവസാനത്തെയാളെയും കണ്ടെത്തിയിട്ടു മാത്രമേ തിരച്ചില്‍ അവസാനിപ്പിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നലെ 23 പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: കടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ എട്ടാംദിനവും തുടരുകയാണ്. ഇന്നലെ വിവിധയിടങ്ങളില്‍ നിന്നായി 23 പേരെ രക്ഷപ്പെടുത്തി. ലക്ഷദ്വീപ് തീരത്ത് തിരച്ചില്‍ നടത്തിയ നാവികസേന 11 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
കൊച്ചി തീരത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് ഓള്‍മൈറ്റി ഗോഡ് എന്ന ബോട്ടിലുണ്ടായിരുന്ന 12 പേരെ കോസ്റ്റ്ഗാര്‍ഡും രക്ഷപ്പെടുത്തി. ഇവരെ കൊച്ചി ഹാര്‍ബറില്‍ എത്തിച്ചു. ഒരു മാസത്തോളമായി കടലില്‍ മീന്‍പിടിത്തത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സംഘത്തെ കോസ്റ്റ്ഗാര്‍ഡ് പൊന്നാനി തീരത്ത് കണ്ടെത്തി. തമിഴ്‌നാട്ടില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട, വിഴിഞ്ഞം, പൂന്തുറ സ്വദേശികളായ 17 പേരടങ്ങുന്ന സംഘമാണിതെന്നാണ് വിവരം. കഴിഞ്ഞ മാസം എട്ടിനാണ് മീന്‍പിടിത്തത്തിനായി പുറപ്പെട്ടത്. ഇവര്‍ കടല്‍ക്ഷോഭത്തില്‍ പെട്ടവരല്ലെന്നാണ് കോസ്റ്റ്ഗാര്‍ഡ് അധികൃതരില്‍ നിന്നു ലഭിക്കുന്ന വിവരം.
ഇന്നലെ നാവികസേനയുടെ ഐ.എന്‍.എസ് കല്‍പ്പേനിയെന്ന കപ്പലും തിരച്ചിലിന് രംഗത്തിറങ്ങി. ആറു മത്സ്യത്തൊഴിലാളികളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു ദിവസം തുടര്‍ച്ചയായി രക്ഷാപ്രവര്‍ത്തനം നടത്താനാണ് സേനയുടെ തീരുമാനം. ഇതുവരെ 359 പേരെയാണ് നാവിക സേന രക്ഷപ്പെടുത്തിയത്. കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ അഭ്യര്‍ഥനപ്രകാരം തിരുവനന്തപുരത്ത് നിന്ന് ഒരു എ.എന്‍32 വിമാനവും ഒരു ഹെലികോപ്റ്ററും 200 നോട്ടിക്കല്‍ മൈല്‍ അപ്പുറത്തേക്ക് തിരച്ചിലിനായി പുറപ്പെട്ടിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News