2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഒളിച്ചുകളിച്ച് റവന്യൂ സ്റ്റാമ്പ്

ഇരിട്ടി: അധികൃതരുടെ അനാസ്ഥകാരണം കണി കാണാന്‍ കിട്ടാതെ റവന്യൂ സ്റ്റാമ്പുകള്‍. റവന്യൂ സ്റ്റാമ്പ് ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെ കൈപ്പറ്റാന്‍ സാധിക്കാതെ സാധാരണക്കാര്‍ നെട്ടോട്ടമോടുന്നു. മൂന്നുമാസമായി ക്ഷാമം രൂക്ഷമായിട്ടും ആവശ്യമായ റവന്യൂ സ്റ്റാമ്പ് ലഭ്യമാക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ അധികൃതര്‍ തയാറാവുന്നില്ല.

നാസിക്കില്‍നിന്ന് അച്ചടിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോ വഴി ജില്ലാ ട്രഷറി മുഖേന അതാതു സബ് ട്രഷറികള്‍ വഴി അതാതു പ്രദേശത്തെ സ്റ്റാമ്പ് വെണ്ടര്‍മാര്‍ മുഖേനയാണു സംസ്ഥാനത്ത് റവന്യൂ സ്റ്റാമ്പ് വിതരണം നടക്കുന്നത്. 5,000 രൂപയ്ക്കു മുകളില്‍ എതു ധനസഹായം കൈപ്പറ്റുന്നതിനും മറ്റു സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തുന്നതിനും റവന്യൂ സ്റ്റാമ്പ് ആവശ്യമാണ്. കാലവര്‍ഷക്കെടുതിയിലും പ്രകൃതിക്ഷോഭവും കാരണമുള്ള ധനസഹായത്തിനും സര്‍ക്കാര്‍ ഭവന നിര്‍മാണ ധനസഹായം കൈപ്പറ്റുന്നതിനും ചികിത്സാ ധനസഹായം ഉള്‍പ്പെടെ സ്വീകരിക്കുന്നതിനും റവന്യൂ സ്റ്റാമ്പ് കിട്ടാത്തതിനാല്‍ സാധാരണക്കാര്‍ വിഷമത്തിലാണ്.
സ്റ്റാമ്പ് ക്ഷാമം എന്തു കാരണത്താലാണെന്നു വ്യക്തമായി മറുപടി നല്‍കാന്‍ വെണ്ടര്‍മാര്‍ക്കും ട്രഷറി ഉദ്യോഗസ്ഥര്‍ക്കും സാധിക്കുന്നുമില്ല. മെച്ചപ്പെട്ട ലാഭമില്ലാത്തതിനാല്‍ പലരും സ്റ്റാമ്പ് വിതരണം ചെയ്യാന്‍ മടിക്കുന്നതായും സ്റ്റാമ്പ് വിതരണത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.