2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ഒറ്റ ലാപ്പില്‍ ഒതുങ്ങില്ല അനന്തുവിന്റെ സങ്കട ജീവിതപ്പാത

തേഞ്ഞിപ്പലം: അനന്തുവിന്റെ ട്രാക്കിലെ പോരാട്ടം വലിയ ലക്ഷ്യങ്ങളുമായാണ്. ആ ലക്ഷ്യത്തിലേക്കുള്ള പാച്ചിലില്‍ മുന്നിലുള്ള പ്രതിബന്ധങ്ങളൊന്നും അനന്തുവിനു തടസമല്ല. ഇന്നലെ ട്രാക്കില്‍ കുതിക്കുമ്പോള്‍ മനസില്‍ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട അച്ഛന്റെ നൊമ്പരപ്പെടുത്തുന്ന ജീവിതവും സമ്പാദ്യമായുള്ള കടങ്ങളും മാത്രമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ 49.99 സെക്കന്റില്‍ സ്വര്‍ണം ഓടിപ്പിടിച്ചപ്പോഴും അനന്തുവിന്റെ കണ്ണുകളില്‍ നിസംഗത മാത്രം. ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തുവിന്റെ ജീവിതം കഷ്്ടപാടുകള്‍ നിറഞ്ഞ വഴികളിലൂടെയാണ്. വീട്ടിലെ ദാരിദ്ര്യവും കട ബാധ്യതയും നൊമ്പരപ്പെടുത്തുന്ന അനന്തുവിനെ കായികാധ്യാപകനും പരിശീലകനുമായ അനീഷ് തോമസ് സ്വന്തം വീട്ടില്‍ താമസിപ്പിച്ചാണ് പരിശീലനം നല്‍കുന്നത്.
കടുത്ത രക്തസമ്മര്‍ദം സൃഷ്ടിച്ച അന്ധതയും പേറി മൂന്നു വര്‍ഷമായി ദുരിത ജീവിതം നയിക്കുന്ന പിതാവ് വിജയന്‍. അച്ഛന്റെ ഇരുള്‍മൂടിയ ജീവിതമാണ് അന്തുവിനെ സങ്കടപ്പെടുത്തുന്നത്. കാഴ്ച തിരിച്ചു പിടിക്കാന്‍ കടം വാങ്ങിയും ആകെയുള്ള മൂന്നു സെന്റ് ഭൂമിയും കൊച്ചുവീടും പണയപ്പെടുത്തി വായ്പയെടുത്തും ചികിത്സ നടത്തിയെങ്കിലും ഫലം കണ്ടില്ല. ചികിത്സ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളതെങ്കിലും പണമില്ലാതെ വലയുകയാണ്. അമ്മ ജയശ്രീ തുണിക്കടയില്‍ ജോലിക്ക് പോയി കിട്ടുന്ന തുച്ഛ വരുമാനമാണ് ഏക ആശ്രയം. ബി.എഡ് വിദ്യാര്‍ഥിനിയായ സഹോദരി അഞ്ജുവിന്റെ പഠനവും മുടങ്ങുന്ന അവസ്ഥയിലാണ്. പരിശീലകന്‍ അനൂപും സ്‌കൂളിലെ മറ്റ് അധ്യാപകരും നല്‍കുന്ന പിന്തുണയും സഹായവുമാണ് അനന്തുവിന്റെ ഈ സുവര്‍ണ നേട്ടത്തിനു പിന്നില്‍.
പുല്ലാട് എസ്.എന്‍.എച്ച്. എസില്‍ നിന്നായിരുന്നു അനന്തു സെന്റ് ജോണ്‍സിലേക്ക് വന്നത്. ഡക്കാത്ത്‌ലണ്‍ താരമായിരുന്ന അനന്തു അടുത്തിടെയാണ് 400 മീറ്ററിലേക്ക് വന്നത്. തന്റെ നേട്ടത്തിനു കാരണം അനീഷ് സാറിന്റെ പരിശീലനവും സഹായവുമാണെന്ന് അനന്തു പറഞ്ഞു. സ്വര്‍ണ നേട്ടത്തിനു പിന്നാലെ പരിശീലകനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുമ്പോഴും പിതാവിന്റെ ഇരുള്‍മൂടിയ ജീവിതം വേദനയായി അനന്തുവിന്റെ ഉള്ളിലുണ്ട്. മത്സര ശേഷം വൈകിട്ടാണ് അമ്മയെ വിളിച്ച് നേട്ടത്തെ കുറിച്ച് അറിയിച്ചത്. തിരുവല്ല പബ്ലിക് സ്റ്റേഡിയവും ചങ്ങനാശേരി എസ്.ബി കോളജ് മൈതാനവുമാണ് അനീഷിന്റെ കുട്ടികളുടെ പരിശീലന കേന്ദ്രം. 14 താരങ്ങളാണ് ശിഷ്യരായുള്ളത്. അനന്തു ഉള്‍െപ്പടെ ഇല്ലായ്മകളിലും ദുരിതത്തിലും കഴിയുന്ന നാലു കുട്ടികള്‍ അനീഷിനൊപ്പം താമസിച്ചാണ് പരിശീലിക്കുന്നതും പഠനം നടത്തുന്നതും.

വനത്തില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും ചികിത്സ കിട്ടാതെ മരിച്ചു
ഇരിട്ടി(കണ്ണൂര്‍): വനത്തിനുള്ളിലെ കുടിലില്‍ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും ചികിത്സകിട്ടാതെ ദാരുണാന്ത്യം.
മാക്കൂട്ടം കോളനിയിലെ ചന്ദ്രന്റെ ഭാര്യ മോഹിനി(20)യും കുഞ്ഞുമാണ് പ്രസവത്തെ തുടര്‍ന്ന് ചികിത്സകിട്ടാതെ മരിച്ചത്. കേരള, കര്‍ണാടക അതിര്‍ത്തിയായ തൊട്ടിപ്പാലത്തില്‍ നിന്ന് ഒന്നര കിലോമീറ്ററോളം അകലെ മാക്കൂട്ടം വനത്തിനുള്ളിലെ കുടിലിലാണ് മോഹനി പ്രസവിച്ചതും രക്തസ്രാവത്തെ തുടര്‍ന്നു മരണമടഞ്ഞതും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മോഹിനി പെണ്‍കുട്ടിക്കു ജന്മം നല്‍കിയത്. മോഹിനിയുടെ അമ്മൂമ്മയും ചന്ദ്രനും ഈ സമയത്ത് കുടിലില്‍ ഉണ്ടായിരുന്നു. അമ്മൂമ്മയാണ് കുട്ടിയെ എടുത്തതെന്നും പുറത്തെടുക്കുമ്പോള്‍ കുട്ടിക്ക് ജീവന്‍ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. പ്രസവത്തെ തുടര്‍ന്ന് ഏറെ അസ്വസ്ഥത പ്രകടിപ്പിച്ച യുവതി അല്‍പം കഞ്ഞികുടിക്കുകയും രണ്ടരയോടെ മരണമടയുകയുമായിരുന്നുവെന്നും ഭര്‍ത്താവ് ചന്ദ്രന്‍ പറഞ്ഞു.
അതേസമയം അമ്മയുടെയും കുഞ്ഞിന്റെയും ജഡം 20 മണിക്കൂറോളം കുടിലിനുള്ളില്‍ അനാഥമായി കിടക്കുകയായിരുന്നു.
വിവരമറിഞ്ഞിട്ടും കര്‍ണാടക വനംവകുപ്പ് അധികൃതരോ പൊലിസോ സ്ഥലത്ത് എത്തിയില്ല. ഏറെവൈകി സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരില്‍ ചിലരും ഇടപെട്ട് ഇരിട്ടിയില്‍ നിന്ന് ആംബുലന്‍സ് എത്തിക്കുകയും ജഡങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ ആറളം ഫാം പുനരധിവാസ മേഖലയില്‍ മോഹിനിയുടെ അമ്മയ്ക്കു പതിച്ചുകിട്ടിയ സ്ഥലത്ത് സംസ്‌കരിക്കുകയും ചെയ്തു. ഈ സമയമായപ്പോഴേക്കും ജഡം അഴുകി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു.
ഇരിട്ടി ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം ആറളം പൊലിസ് സംസ്‌കാര സ്ഥലത്ത് എത്തിയിരുന്നു. ചന്ദ്രന്‍- ലീല ദമ്പതികളുടെ മകളാണ് മോഹിനി. സഹോദരങ്ങള്‍ ഇന്ദിര, സനേഷ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.