2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഒറ്റയാന്‍

ശഫീഖ് കാരക്കാട്

ജീവിതത്തില്‍ വരാനുള്ള സംഭവത്തെ ആദ്യമേ പ്രതീക്ഷിക്കുന്നതിനെ കാത്തിരിപ്പ് എന്നു വിളിക്കാം. പാലക്കാട്ടുനിന്ന് പട്ടാമ്പിയിലേക്ക് ആ രാത്രി ഞാന്‍ എങ്ങനെയാണ് എത്തിപ്പെട്ടത്. ബസില്‍ ഇടക്കുവച്ച് കൊഴിഞ്ഞുപോയ സഹയാത്രികര്‍ കൈവീശി മറഞ്ഞിരുന്നു. എന്റെ യാത്ര തീര്‍ത്തും ഏകാന്തതയുടെ പടവുകള്‍ കയറിത്തുടങ്ങി. ഒട്ടും സുഖകരമല്ലാത്ത സ്വകാര്യബസില്‍ എന്നെ ഒഴിച്ചാല്‍ പത്തുപേര്‍കൂടി കാണും. എല്ലാവരും അവരവരുടെ ലോകം പുതുക്കിപ്പണിയുന്ന തിരക്കിലാണ്, ഞാന്‍ ചുറ്റും കണ്ണോടിച്ചു. ചാര്‍ജ് തീര്‍ന്ന ഫോണ്‍ കീശയില്‍ തണുത്ത് പ്രവര്‍ത്തനരഹിതമായിരിക്കുന്നു.

ഇന്നു രാവിലെ എത്ര തിരക്കുകൂട്ടിയാണ് പാലക്കാട്ട് സാഹിത്യ ക്യാംപിലെത്തിയത്. അത്ര നേരത്തെ പോവണ്ടായിരുന്നു. കൂട്ടിനുള്ള അബു എത്താന്‍ പതിവുപോലെ നേരം പിന്നെയും പിന്നിടേണ്ടിവന്നു. സാഹിത്യചര്‍ച്ചകള്‍ ത്രില്ലടിപ്പിച്ചിരുന്നു.
ഹലോ! ഇവിടെ എങ്ങോട്ടാ? കണ്ടക്ടറുടെ കൈ നീണ്ടുവന്നു.
ഒന്നുഞെട്ടി!
എന്താ?
താന്‍ എങ്ങോട്ടാ? വീണ്ടും ചോദ്യം.
അന്‍പതുരൂപ നീട്ടി, ‘പട്ടാമ്പി’
ഏട്ടാ എത്ര സമയമാവും?
കണ്ടക്ടര്‍, ഒരൊന്നര മണിക്കൂര്‍.
പുറത്തെ ഇരുട്ട് കണ്ണിനെ ഉള്ളിലേക്കു വലിച്ചു. കാണാന്‍ കൊള്ളാവുന്ന ഒരു പയ്യന്‍ വാട്ട്‌സാപ്പില്‍ എന്തോ തിരയുകയും ചിരിക്കുകയും ചെയ്യുന്നു. ഞാന്‍ ഉള്ളില്‍ പൊട്ടിച്ചിരിച്ചു.
ഏകാന്തതയുടെ ഭൂതങ്ങള്‍ അപ്പോഴും പിന്തുടരുന്നുണ്ടായിരുന്നു. ഒറ്റയ്ക്കുള്ള ഇത്തരം യാത്രകള്‍ അത്ര വശമില്ല.
മണിക്കൂറുകള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇനി ഏകദേശം മുക്കാല്‍ മണിക്കൂര്‍ കാണും. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തി. ബസില്‍ കയറിയ കടലവില്‍പനക്കാരന്‍ എന്നെ ആകര്‍ഷിച്ചു.
മധ്യവയസ്‌ക്കന്‍. നീണ്ടുമെലിഞ്ഞ ശരീരം. കൈയില്‍ ഒരു ചുവപ്പ് വട്ടുപാത്രം അതില്‍ തുരുതുരാ നിറച്ച കടലപ്പൊതികള്‍. അടുത്തു വരുംമുന്‍പേ ഞാന്‍ പത്തുരൂപ നീട്ടി. പോകുമ്പോള്‍ പിതൃസ്‌നേഹത്തിന്റെ ചിരി ഫ്രീയായി കിട്ടിയതുപോലെ തോന്നി.
സഹയാത്രികനെ ഉണര്‍ത്തി, ഏട്ടാ കടല വേണോ?
‘നോ ടാങ്‌സ്, മോന്‍ കഴിച്ചോ’ അയാള്‍ തന്റെ ലോകത്തേക്ക് ഊളിയിട്ടിറങ്ങി.
ബസില്‍ കയറുമ്പോള്‍ ബാലന്‍സ് തെറ്റി അബദ്ധത്തില്‍ പിടിച്ച നീളന്‍മുടിയുള്ള സ്ത്രീ എന്നെ ഇടക്കിടെ നോക്കുന്നുണ്ടായിരുന്നു, ഒരു സോറി പറയണമെന്നുണ്ട്. ഞാന്‍ കണ്ടില്ലെന്ന് നടിച്ചു. അപ്പോഴാണ് എഴുത്തിന്റെ കുഞ്ഞിക്കയുടെ സ്മരണ എന്റെ കടല പൊതിഞ്ഞ സത്യം ഞാനറിഞ്ഞത്. ഇന്നേക്കു പതിനാല്‍ ദിവസമായി വിടപറഞ്ഞിട്ട്. വായിച്ചു കൊതിതീരാത്ത സുല്‍ത്താന്‍. അല്‍പം ധൃതികൂട്ടി തൊലി കളഞ്ഞ കടലകള്‍ വായിലാക്കി ജനാലയിലൂടെ പുറത്തേക്കിട്ടു. വായന തുടങ്ങുംമുന്‍പേ പിറകിലേക്കു തിരിഞ്ഞുനോക്കി.
ദേഷ്യം കൊണ്ടു ചുവന്ന കണ്ണുകള്‍ എന്നെ കടിച്ചുകീറുമെന്നുതോന്നി. ദേഹം മുഴുവന്‍ തൊലിപരന്ന അയാള്‍ എന്തും ചെയ്യാം. കണ്ണു രണ്ടും അടച്ചു നെറ്റിചുളിച്ച് എന്തു പുകിലാ ഇനി ഉണ്ടാക്കുക, ഭയം നൂറ് ഡിഗ്രിയായി. മുഖഭാഷ സൃഷ്ടിച്ച രോധനത്തിന്റെ വരികള്‍ വായിച്ചുകാണും, ഫോണും ഇയര്‍ഫോണുമായി അയാള്‍ സമരസപ്പെട്ടു.
സീറ്റില്‍ താഴേക്കു നോക്കിയിരുന്നു. അപ്പോഴും നാട്ടുവര്‍ത്തമാനം പറയുന്ന അധ്യാപകരെന്നു തോന്നിപ്പിക്കുന്ന രണ്ടുപേര്‍ ചിരിക്കുന്നുണ്ടായിരുന്നു. ബസില്‍ ഇതൊന്നുമറിയാത്തത് മുന്നിലേക്കു മാത്രം നോക്കിയിരിക്കുന്ന ഡ്രൈവറാണ് !
അര മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ ഈ തടവറയില്‍നിന്നു പൂര്‍ണമോചിതനാവും. ഒച്ചവച്ചു നിന്ന ബസില്‍ ചെറിയ കുട്ടിയും വലിയുമ്മയും കയറി, യാത്ര വീണ്ടും തുടര്‍ന്നു. രാത്രി ഇത്ര ധൈര്യത്തല്‍ ഇവരിതെങ്ങോട്ടാ പോകുന്നതെന്ന് ആലോചിച്ചുതീരും മുന്‍പേ ഏഴുവയസു പ്രായം തോന്നിക്കുന്ന ആ കുട്ടി എന്നെ നോക്കി ചിരിച്ചിരുന്നു.
ഇവയിലെവിടയോ ഇറങ്ങിയ യാത്രക്കാരന്റെ വിക്‌സിന്റെ ഡപ്പി ശേഷം കയറിയ യാത്രികന്‍ ആരുമറിയാതെ സ്വന്തമാക്കി, ദൈവവും ഞാനും കണ്ടതയാള്‍ അറിഞ്ഞുകാണില്ല.
പുറത്ത് കടകളുടെ പേരുകള്‍ മനസിലായി തുടങ്ങി. സ്ഥലം എത്താന്‍ പത്തു മിനിട്ടുമാത്രം. ഒറ്റയ്ക്കുള്ള രാത്രിസഞ്ചാരത്തില്‍ പ്രത്യേക ത്രില്ല് തോന്നി.
‘പട്ടാമ്പി… പട്ടാമ്പി’ കണ്ടക്ടര്‍ വിളിച്ചുകൂവി. ബെല്ലുമുഴങ്ങി. ഞാന്‍ നടുനിവര്‍ത്തി എണീറ്റു. ബസ് നിന്നതും ബാഗും തോളിലിട്ട് ഇറങ്ങി. അധികം വൈകാതെ ബെല്ലുമുഴങ്ങി ബസ് ചലിക്കാന്‍ തുടങ്ങി. അതിനു പിറകില്‍ ‘പ്രതീക്ഷകള്‍ക്ക് സ്വാഗതം’ എന്നു വലുതാക്കി എഴുതിവച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.