2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത്  20 ലക്ഷം യൂനിറ്റ്

ബാസിത് ഹസന്‍

 
 
 
 
തൊടുപുഴ: സംസ്ഥാനത്ത് ചൂട് കുതിച്ചുയരുന്നതിനൊപ്പം വൈദ്യുതി ഉപഭോഗവും കുതിക്കുന്നു. ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം യൂനിറ്റിന്റെ വര്‍ധനവാണ് സംസ്ഥാനത്തുണ്ടായത്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 77.9646 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വ്യാഴാഴ്ച ഇത് 75.9951 ദശലക്ഷം യൂനിറ്റായിരുന്നു. അതായത് 19,69,500 ലക്ഷം യൂനിറ്റിന്റെ വര്‍ധനവ്. 
ഫെബ്രുവരി മാസത്തെ ചരിത്രത്തിലെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ്ടു അടക്കമുള്ള പരീക്ഷകള്‍ തുടങ്ങുന്നതോടെ ഉപഭോഗം ഇനിയും ഉയരും. ഈ നില തുടര്‍ന്നാല്‍ മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ പ്രതിദിന വൈദ്യുതി ഉപഭോഗം 90 ദശലക്ഷം യൂനിറ്റിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. 2019 മാര്‍ച്ച് 29 ലെ 84.215 ദശലക്ഷം യൂനിറ്റാണ് നിലവിലെ ഉയര്‍ന്ന ഉപഭോഗം. 2018 ഏപ്രില്‍ 30 ന് 80.935 ദശലക്ഷം യൂനിറ്റിലെത്തിയിരുന്നു. കാലവര്‍ഷത്തിനായി 108 ദിവസം കൂടി അവശേഷിക്കെ സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുകയാണ്. 
ഉപഭോഗം കൂടിയ പീക്ക് സമയങ്ങളിലും ഓഫ് പീക്ക് സമയങ്ങളിലും നിലവില്‍ പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നുണ്ട്. ശരാശരി 50 ദശലക്ഷം യൂനിറ്റാണ് പ്രതിദിനം കേന്ദ്രപൂളില്‍ നിന്ന് ദീര്‍ഘകാല കരാര്‍ പ്രകാരം സംസ്ഥാനത്തിന് ലഭിക്കുന്നത്. യൂനിറ്റിന് 2.70-2.90 വരെ രൂപയ്ക്കാണ് വൈദ്യുതി ലഭിക്കുന്നത്. കായംകുളം വൈദ്യുതിക്ക് യൂനിറ്റിന് 7.27 രൂപയാണ്. 8.059 ദശലക്ഷം യൂനിറ്റ് കായംകുളം വൈദ്യുതി ഇന്നലെ വാങ്ങി. 3.06 രൂപ നിരക്കില്‍ 54,910 യൂനിറ്റ് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭിച്ചിരുന്നു. 
വേനല്‍ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് നാമമാത്രമായി. 2.537 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഇന്നലെ എല്ലാ അണക്കെട്ടുകളിലുമായി ഒഴുകിയെത്തിയത്. 2679.918 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. മൊത്തം സംഭരണശേഷിയുടെ 65 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 148.694 ദശലക്ഷം യൂനിറ്റ് കൂടുതലാണിത്.  
വൈദ്യുതി ബോര്‍ഡിന്റെ പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തില്‍ ഇങ്ങനെയാണ്. ഇടുക്കി 65, ഇടമലയാര്‍ 57, പമ്പ 59, ഷോളയാര്‍ 81, മാട്ടുപ്പെട്ടി 76, പൊന്മുടി 94, നേര്യമംഗലം 46, ലോവര്‍ പെരിയാര്‍ 42, കുറ്റ്യാടി 85, കുണ്ടള 96, തര്യോട് 53, ആനയിറങ്കല്‍ 99 ശതമാനം. 17.853 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉല്‍പ്പാദനം.  
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.