2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ഒരു വര്‍ഷത്തിനകം ജില്ലയെ പൂര്‍വസ്ഥിതിയിലാക്കും: കലക്ടര്‍

കല്‍പ്പറ്റ: ഒരു വര്‍ഷത്തിനുള്ളില്‍ വയനാട് പൂര്‍വ സ്ഥിതിയിലാകുമെന്ന് കലക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു.
ജില്ലയെ ഒരു വര്‍ഷത്തിനകം പഴയ സ്ഥിതിയില്‍ കൂടുതല്‍ വികസനത്തോടെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് വികാസ് പീഡിയ, നബാര്‍ഡ്, കോഫീ ബോര്‍ഡ്, വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി എന്നിവയുടെ ആഭിമുഖ്യത്തില്‍ കൃഷി നശിച്ച കാപ്പി കര്‍ഷകര്‍ക്കുള്ള മാനസികാരോഗ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയവും ദുരിതവും ഉരുള്‍പ്പൊട്ടലും അതിനെ തുടര്‍ന്നുള്ള കെടുതിയും കാരണം 1500 കോടി രൂപയുടെ നഷ്ടം വയനാട്ടിലുണ്ടായി എന്നാണ് പ്രാഥമിക കണക്ക്. വിശദമായ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ അത് അയ്യായിരം കോടി രൂപ വരെയാകാം. ദുരിതകാലത്ത് ധാരാളം പേര്‍ വയനാട്ടിലേക്ക് സഹായവുമായി വന്നു. ഇനിയും ഇതുണ്ടാകും. സാധ്യമായതെല്ലാം ചെയ്യാനാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും ശ്രമിക്കുന്നത്. പരമാവധി സഹായം കാലതാമസം കൂടാതെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ പ്രാഥമിക കണക്കനുസരിച്ച് 120 കോടി രൂപയുടെ കാപ്പി കൃഷി നശിച്ചിട്ടുണ്ടെന്നും വിശദമായ കണക്ക് സഹിതം കേന്ദ്ര ഗവണ്‍മെന്റിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. കറുത്ത മണി പറഞ്ഞു. വിളനഷ്ടവും ഉല്‍പാദന നഷ്ടവും കണക്കാക്കിയാല്‍ ആകെ നഷ്ടം 200 കോടി കവിയുമെന്ന് കാപ്പി കര്‍ഷകര്‍ പറഞ്ഞു.
അര്‍ഹമായ നഷ്ട പരിഹാരവും സഹായങ്ങളും കര്‍ഷകര്‍ക്ക് നല്‍കണമെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. എന്‍ നൗഷാദ്, ജുനൈദ് കൈപ്പാണി കര്‍ഷകര്‍ക്ക് കൗണ്‍സിലിങ് നടത്തി. വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എം.കെ ദേവസ്യ ചടങ്ങില്‍ അധ്യക്ഷനായി. വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി ഷിബു, വേവിന്‍ സി.ഇ.ഒ കെ. രാജേഷ്, ഡയരക്ടര്‍മാരായ സന്‍മതിരാജ്, സി.ടി പ്രമോദ്, ജി. ഹരിലാല്‍, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.പി അനൂപ് സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.