2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ഒരു ഉച്ചക്കഞ്ഞി ജിഹാദ് റിലീസാവാതെ പോയ കഥ

കൊല്ലം പത്തനാപുരത്തെ ചെമ്പനരുവി സ്‌കൂളില്‍ നിന്നാണ്  കഴിഞ്ഞ ദിവസം സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന വാര്‍ത്ത വന്നത്. ചെമ്പനരുവിയും പത്തനാപുരവും പുറംനാടിനു പരിചയപ്പെടുത്തണമെങ്കില്‍ കൊല്ലം ജില്ലയിലെന്നു പറയണം. അനന്തപുരിയോടു ചേര്‍ന്ന ജില്ല, സെക്രട്ടറിയേറ്റിന്റെ മൂക്കിനു താഴെയൊന്നൊക്കെ പറയുന്നതിലൊരു ‘ഇത്’ ഉണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കണമെന്നാണ് രാഷ്ട്രീയ,മാധ്യമരംഗത്തെ പറച്ചിലുകള്‍. വിഷംകലര്‍ത്തിയ പ്രതിയുടെ നടപടി പിഞ്ചുകുഞ്ഞുങ്ങളില്‍ ഏശാതെ പോയതു ഭാഗ്യം. അതുപോലെ കേസ് മലപ്പുറത്തോ, മലപ്പുറത്തോടു ചേര്‍ന്നു കിടക്കുന്ന ജില്ലയിലോ ആകാതെ പോയതും നിഷ്ഠൂര ഭീരതയുടെ ഉദാഹരണമാകാതെ ചര്‍ച്ച അവസാനിക്കുമെന്നു വേണം കരുതാന്‍.

കൊല്ലത്തിനുമേറെയകലേ മലപ്പുറത്തുമുണ്ട് ഒരു പത്തനാപുരം. കഥയവിടെയെവിടെങ്കിലുമായിരുന്നെങ്കില്‍ സ്ഥിതി മാറുമായിരുന്നു. പ്രതിയുടെ പേര് സത്യന്‍ എന്നായതും സ്വാദിഖ് എന്നാവാതിരുന്നതും ഭാഗ്യം. മലപ്പുറത്തെ സ്‌കൂള്‍ കേന്ദ്രീകരിച്ചു പരിശീലനം നേടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാകുമായിരുന്നു പിന്നെയുള്ള ‘ഇന്നു രാത്രി ഒമ്പത് മണി’. തീവ്രവാദ റിക്രൂട്ട്‌മെന്റിലെ പരീക്ഷണ പറക്കലായി ആഘോഷിക്കുകയാകും സ്റ്റുഡിയോകളില്‍ നിന്നും.

ക്യാമറാമാനൊപ്പം റിപ്പോര്‍ട്ടര്‍ ഒളിഞ്ഞും തെളിഞ്ഞുമിരുന്നു പറഞ്ഞുതരും ഉച്ചക്കഞ്ഞി ജിഹാദിന്റെ കഥ. രാവും പകലും തീരാത്ത ലൈവ് സ്റ്റോറികള്‍. വിഷം പുരട്ടിയ ഭക്ഷണം നല്‍കി കുഞ്ഞുങ്ങളെ കൊല്ലാനുളള മാനസികാവസ്ഥക്കു പ്രതികാരത്തിന്റെ പേരാകില്ല പിന്നെ പറഞ്ഞുകേള്‍ക്കുക. നിഷ്‌കളങ്കരായ കുട്ടികളെ നിഷ്ഠൂരമായി പിടയുമ്പോള്‍, ഭീകരമനസുകളെ വാര്‍ത്തടുക്കുന്നതിലെ ഒളിയജണ്ടകളാകും പത്ര, ചാനല്‍ വിശാരദന്‍മാരെത്തിച്ചേരുന്ന നിഗമനങ്ങള്‍. അതു ഐ.എസ് ഭീകരതയിലേക്കു, മുഴച്ചാലും ഏച്ചുകെട്ടി കൊടുക്കുമ്പോഴാണ് ഉച്ചക്കഞ്ഞി ജിഹാദ് ക്ലൈമാക്‌സ് ആവുന്നത്.

മതം മാറ്റത്തിലെ ദുരൂഹത വായിക്കുമ്പോള്‍ എഴുത്തിലെ ദുരൂഹത ശരിക്കും വരികളില്‍ തെളിഞ്ഞുതന്നെ കാണുന്നുണ്ട്. പ്രാര്‍ഥിക്കാന്‍ സമയം തേടുന്നുവെന്നും മുഖവും കൈകാലുകളും മറക്കുകയാണെന്നും പറഞ്ഞു പറഞ്ഞൊരു ദുരൂഹത. അറബിക് ഗ്രന്ഥങ്ങള്‍ വീട്ടിലുണ്ടെന്നു പറഞ്ഞാല്‍ വാര്‍ത്തയല്ലന്നറിയാം, എന്നാലും അറബി ലിപിയില്‍ അച്ചടിച്ച പുസതകം കണ്ടെടുത്തുവെന്നു പറയുന്നതിലു വേറെയാണ് ഉദ്ദേശം. സമുദായവും മലപ്പുറവും കേട്ടാല്‍ വിരോധം തിളക്കുകയെന്നത്  ചിലര്‍ക്കു പോളിസിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.