2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഒരു അടിയന്തരപ്രമേയം പോയ പോക്ക്

വി. അബ്ദുല്‍ മജീദ്

ഒരു അടിയന്തരപ്രമേയം അതുമായി ഒട്ടും ബന്ധമില്ലാത്തതടക്കമുള്ള വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ ചര്‍ച്ചയ്ക്കു പതിവില്ലാത്ത ചൂടും വീര്യവും. ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് വീണ്ടുമുണ്ടായ കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നത്. എന്നാല്‍ അതിനു മുഖ്യമന്ത്രി നല്‍കിയ മറുപടിയും പ്രതിപക്ഷനേതാവിന്റെ പ്രസംഗവും അതിന്‍മേല്‍ മറ്റുള്ളവര്‍ നടത്തിയ ഇടപടലുകളുമൊക്കെ ലാവ്‌ലിന്‍, മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം, വിലക്കയറ്റം, മുജാഹിദ് പ്രവര്‍ത്തകരുടെ ലഘുലേഖ വിതരണം, മതേതരത്വം എന്നിവയൊക്കെ കടന്ന് ദേശീയപതാകയില്‍ വരെയെത്തി.
അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കെ.സി ജോസഫിനു മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസിനെക്കുറിച്ചു ചില പരാമര്‍ശങ്ങള്‍ നടത്തിയതോടെയാണ് ചര്‍ച്ച വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങിയത്. ദശാബ്ദങ്ങളായി തന്നെ വേട്ടയാടാന്‍ ുപയോഗിച്ച ലാവ്‌ലിന്‍ കേസിനു പിന്നില്‍ ചില നിഗൂഢ ശക്തികളുണ്ടെന്നും അതിന്റെ സൂത്രധാരന്‍ പ്രതിപക്ഷത്തിന്റെ കൂട്ടത്തിലുണ്ടെന്നും പിണറായിയുടെ ആരോപണം. നാണവും മാനവുമുണ്ടെങ്കില്‍ മന്ത്രി ശൈലജ രാജിവയ്ക്കൂ എന്നൊക്കെ പ്രതിപക്ഷം സഭയില്‍ മുദ്രാവാക്യം വിളിക്കുന്നു. അതു തങ്ങള്‍ക്കു ബാധകമല്ലെന്നും പിണറായി.
സന്തോഷം കൊണ്ട് ചിലര്‍ നില മറന്നുപോകുമെന്നും അങ്ങനെയുള്ള അവസ്ഥയില്‍ മുഖ്യമന്ത്രി ചിലരോടു കണക്കുതീര്‍ക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ തിരിച്ചടി. ആ കണക്കുതീര്‍ക്കല്‍ പ്രതിപക്ഷത്തോടല്ല. ഇടതു ഭരണകാലത്ത് പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ മന്ത്രിസഭയില്‍ സമ്മര്‍ദം ചെലുത്തിയത് യു.ഡി.എഫുകാരല്ല. ആ നിഗൂഢശക്തി ഭരണപക്ഷത്തു തന്നെയുണ്ടെന്നും ഇപ്പോള്‍ സഭയിലുണ്ടെന്നുമൊക്കെ പറഞ്ഞ് ചെന്നിത്തല മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തിലേക്കു കടന്നപ്പോള്‍ ആരോപണം തെളിയിച്ചാല്‍ താന്‍ രാജിവയ്ക്കാമെന്ന് തോമസ് ചാണ്ടി. അങ്ങനെയാണെങ്കില്‍ നിയമസഭാ സമിതിയെക്കുറിച്ച് അന്വേഷിപ്പിക്കാന്‍ ചെന്നിത്തല ഭരണപക്ഷത്തെ വെല്ലുവിളിച്ചപ്പോള്‍ അത് അടിയന്തരപ്രമേയത്തിന്റെ വിഷയത്തില്‍ വരുന്നില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.
നിയമം നിയമത്തിന്റെ വഴിക്കല്ല പിണറായിയുടെ വഴിക്കാണ് പോകുന്നതെന്നും അതുകൊണ്ടാണ് ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരേ മതനിന്ദാ കേസ് എടുക്കുകയും അവരെ ക്രൂരമായ മര്‍ദിച്ച ആര്‍.എസ്.എസുകാരെ ഗൗരവം കുറഞ്ഞ കേസെടുത്ത് ഉടന്‍ ജാമ്യത്തില്‍ വിട്ടതെന്നും ചെന്നിത്തല. മുജാഹിദ് പ്രവര്‍ത്തകര്‍ ഏകദൈവ വിശ്വാസം പ്രചരിപ്പിക്കുന്നത് എങ്ങനെ മതനിന്ദയാകുമെന്ന് വി.ഡി സതീശന്റെ ചോദ്യം. എന്നാല്‍ ആരെയെങ്കിലും ആക്രമിക്കാന്‍ അവസരം നോക്കിയിരിക്കുന്ന ആര്‍.എസ്.എസുകാര്‍ക്ക് അതിനു മരുന്നിട്ടു കൊടുക്കുകയാണ് മുജാഹിദ് പ്രവര്‍ത്തകര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി.
അടിയന്തരപ്രമേയത്തിനു ശേഷമുള്ള നടപടികള്‍ യു.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനാല്‍ ധനവിനിയോഗ ബില്ലും സമുദ്ര മത്സ്യബന്ധന നിയന്ത്രണ ഭേദഗതി ബില്ലും തര്‍ക്കങ്ങളൊന്നുമില്ലാതെ വേഗത്തില്‍ പാസായി. ഇതിനിടയില്‍ സഭാസമ്മേളനം ഇന്നലെ അവസാനിക്കുന്ന സാഹചര്യത്തില്‍ അഞ്ച് യു.ഡി.എഫ് അംഗങ്ങള്‍ സഭാകവാടത്തില്‍ നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിക്കുകയും ചെയ്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.