2019 December 11 Wednesday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ഒരുമയോടെ ഒറ്റക്കെട്ടായി…

അയലത്തെ കണ്ണീരൊപ്പാന്‍ കോഴിപ്പാലത്തിന്റെ നന്മ മനസ്സ്

ക്ഷേത്ര-മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എത്തിച്ചത് 20 ടണ്‍ ഭക്ഷ്യോല്‍പന്നങ്ങള്‍

പൊഴുതന: മതങ്ങള്‍ക്ക് മീതെ മനുഷ്യത്വം ഉയര്‍ത്തിയ കോഴിപ്പാലത്തിന്റെ നന്മ മനസില്‍ വയനാട്ടിലെ പ്രളയം ദുരിതം തീര്‍ത്ത പൊഴുതനയിലേക്കെത്തിയത് 20 ടണ്‍ ഉല്‍പ്പന്നങ്ങള്‍.
കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം കോഴിപ്പാലം മസ്ജിദു ത്തഖ്‌വയിലെ ഇമാം സല്‍മാന്‍ റഹ്മാനി കേരളത്തില്‍ പ്രളയം തീര്‍ത്ത ദുരിതത്തെ കുറിച്ച് മഹല്ല് നിവാസികളെ ഉണര്‍ത്തിയിരുന്നു. ഒപ്പം അയല്‍ ജില്ലയായ വയനാട്ടിലെ ദുരിതങ്ങളുടെ കണ്ണീര്‍ക്കഥകളും ശ്രദ്ധയില്‍പ്പെടുത്തി. ഇവര്‍ക്കായി നമുക്ക് എന്തെങ്കിലും സഹായങ്ങള്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതൊരു നല്ല കാര്യമായിരിക്കുമെന്നും ഇമാം ഉണര്‍ത്തിച്ചു. പ്രാര്‍ഥന കഴിഞ്ഞ് പുറത്തിയറങ്ങിയ നാട്ടുകാരും മഹല്ല് ഭാരവാഹികളും ഇമാം ആരംഭിച്ച ചര്‍ച്ച തുടര്‍ന്ന് എങ്ങിനെ സഹായമെത്തിക്കാമെന്ന ചിന്തയിലായി.
ഇവിടെ നിന്നാണ് പള്ളിപ്പടി കോഴിപ്പാലം ശ്രീ മുത്തുമാരിയമ്മന്‍ ക്ഷേത്ര കമ്മിറ്റി, നന്തട്ടി ശ്രീ മുരുകന്‍ ക്ഷേത്ര കമ്മിറ്റി എന്നിവരുടെ ഭാരവാഹികളെ കൂടി വിഷയമറിയിക്കാമെന്ന് അഭിപ്രായമുയര്‍ന്നത്. ഉടന്‍ രണ്ട് ക്ഷേത്ര കമ്മിറ്റിയുടെയും ഭാരവാഹികളെ ഇവര്‍ കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.
പിന്നീടുള്ള മൂന്ന് ദിവസങ്ങള്‍ കോഴിപ്പാലം പ്രദേശം ഉറക്കമൊഴിച്ചുള്ള പ്രവര്‍ത്തനത്തിലായിരുന്നു. തങ്ങളുടെ അയല്‍ക്കാര്‍ക്ക് തങ്ങളാലാവുന്ന തരത്തിലുള്ള സഹായങ്ങള്‍ സ്വരൂക്കൂട്ടുന്നതിനായി. അങ്ങിനെ മൂന്ന് ദിവസം കൊണ്ട് ഒരു നാടൊന്നിച്ച് സ്വരൂപിച്ചതാണ് 20 ടണ്‍ ഉല്‍പ്പന്നങ്ങള്‍. അരി, പലവ്യഞ്ജനങ്ങള്‍, ബേക്കറി, പച്ചക്കറികള്‍, വാഴക്കുലകള്‍, സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങള്‍, നാപ്കിന്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളാണ് ഇവര്‍ സ്വരൂപിച്ചത്. തുടര്‍ന്ന് ഇന്നലെ വയനാട്ടിലേക്ക് തിരിച്ച സംഘം ഏറ്റവും ദുരിതമനുഭവിക്കുന്ന പ്രദേശത്ത് സാധനങ്ങള്‍ വിതരണം ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു. അങ്ങിനെയാണ് ദുരിതത്തിലായ പൊഴുതനയിലേക്ക് ഇവരുടെ ട്രക്കെത്തുന്നത്. പൊഴുതനയിലെത്തിയ കോഴിപ്പാലത്തുകാര്‍ക്ക് ഇവിടെയും മതസൗഹാര്‍ദത്തിന്റെ നന്മയില്‍ ചാലിച്ച സ്വീകരണമാണ് പൊഴുതനയിലെ മഹല്ല്, ക്ഷേത്രം കമ്മിറ്റികള്‍ നല്‍കിയത്. പള്ളിയങ്കണത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ട്രക്കും സധനങ്ങളും ഇവര്‍ പൊഴുതന പ്രദേശത്തുകാരെ ഏല്‍പ്പിച്ചു.
ഇവിടുത്തെ 300ലധികം കുടുംബങ്ങള്‍ക്കായാണ് ഈ സ്‌നേഹസമ്മാനം കോഴിപ്പാലത്തുകാര്‍ സമര്‍പ്പിച്ചത്. ഇവ പൊഴുതനയിലെ ക്ഷേത്രം പള്ളി കമ്മിറ്റികള്‍ സംയുക്തമായി ദുരിതത്തിലായവരുടെ വീടുകളില്‍ എത്തിച്ച് നല്‍കും.
നീലഗിരിയിലെ തോട്ടം തൊഴിലാളികളായ കുറഞ്ഞ കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന കോഴിപ്പാലത്ത് നിന്നാണ് ഈ വിലമതിക്കാന്‍ കഴിയാത്ത മനുഷ്യത്വ മുഖം കാണിച്ചതെന്നത് ഏറെ പ്രശംസനീയമാണ്.
കോഴിപ്പാലം മഹല്ല് പ്രസിഡന്റ് ഹംസ മുസ്‌ലിയാര്‍, ഖത്തീബ് സല്‍മാന്‍ റഹ്മാനി, സെക്രട്ടറി ഉബൈദുല്ല, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ വെള്ളയന്‍, ഗണേഷ്, യോഗരാജ്, വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ട്രക്കുമായി വന്നത്. പൊഴുതന മഹല്ല് ഭാരവാഹികളും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമായ യു കുഞ്ഞിമുഹമ്മദ്, എം.വി സാജിദ് മൗലവി, വാസിഅ് യമാനി, നൗഷാദ്, അജി, ഉണ്ണി, രവി തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

വെണ്ണിയോട് മഹാവിഷ്ണു ക്ഷേത്രം ശുചീകരിച്ച് മുസ്‌ലിം യുവാക്കള്‍

വെണ്ണിയോട്: മനുഷ്യത്വത്തിന്റെ വര്‍ണങ്ങള്‍ തീര്‍ക്കുന്ന വാര്‍ത്തകളാണ് പ്രളയം തകര്‍ത്ത വയനാടിന്റെ മുക്കിലും മൂലയില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. അത്തരത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കാവുന്ന വാര്‍ത്തയാണ് വെണ്ണിയോട് നിന്നുമുള്ളത്. വെള്ളപ്പൊക്കംമൂലം പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍പ്പെട്ട വെണ്ണിയോട് മഹാവിഷ്ണു ക്ഷേത്രം കോഴിക്കോട് മുക്കം ഗ്രാമ പഞ്ചായത്തിലെ പൂളപ്പൊയില്‍ നിവാസികളായ ഒരു കൂട്ടം മുസ്‌ലിം ചെറുപ്പക്കാരെത്തിയാണ് ശുചീകരിച്ച് ആരാധനായോഗ്യമാക്കിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള മഹാവിഷ്ണു ക്ഷേത്രം നാട്ടിലേ മതമൈത്രിയുടെ അടയാളങ്ങിലൊന്നാണ്. വെണ്ണിയോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ സഹായത്തോടെയാണ് ക്ഷേത്ര കമ്മറ്റിയുടെ ആവശ്യപ്രകാരം സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തതോടെ ക്ഷേത്രവും പരിസരവും ശുദ്ധീകരിച്ചത്. വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്ന ഇരുപതോളം വീടുകളും കോട്ടത്തറ പഞ്ചായത്തിലേ വയോജനവേദിയുടെ പകല്‍വീടും ഇവര്‍ ശുചീകരിച്ചു. നാടിനാകെ മാതൃകയായ സന്നദ്ധസേവനങ്ങര്‍ക്ക് ഗഫൂര്‍ വെണ്ണിയോട്, ക്ഷേത്രം പൂജാരി സുബ്രഹ്മണ്യം എമ്പ്രാന്തിരി, മൈലാടി മസ്ജിദ് ഇമാം അന്‍സാര്‍ ബദ്‌രി മൂവാറ്റുപുഴ എന്നിവര്‍ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.