2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഒരുപാട് സ്‌നേഹിച്ചവര്‍ ഏറെ ജീവിക്കാറില്ല; നൊമ്പരമായി അമ്പിളിയുടെ ഡയറിക്കുറിപ്പ്

എന്‍.സി ഷെരീഫ് കിഴിശ്ശേരി

മഞ്ചേരി: മനസ്സ് മനസ്സിനെ തിരിച്ചറിയുമ്പോള്‍ ലഭിക്കുന്ന അനുഭൂതി എനിക്ക് ലഭിച്ച് തുടങ്ങിയത് എന്റെ കൃഷ്‌ണേട്ടനില്‍ നിന്നാണ്. ഒരുപാട് സ്‌നേഹിച്ചവര്‍ ഏറെ ജീവിക്കാറില്ലെന്നല്ലെ പറയാറ്?. നമ്മള്‍ അങ്ങനെയാകുമോ കൃഷ്‌ണേട്ടാ..
കഴിഞ്ഞ 16ന് ഓടക്കയം നെല്ലിയായി കോളനിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ തന്റെ പ്രിയതമനെ ചേര്‍ത്തു പിടിച്ച് കാടിനോട് വിടപറഞ്ഞ അമ്പിളി(20)യുടെ ഡയറിക്കുറിപ്പാണിത്. ഏഴു പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ അമ്പിളിയുടെ സഹോദരി ഷിംല (12) യും മരിച്ചിരുന്നു.
ചാത്തല്ലൂരിലെ ചോലാറ കോളനിക്കാരിയായ അമ്പിളിയെ ഉണ്ണികൃഷ്ണന്‍ ജീവിതസഖിയാക്കിയത് രണ്ട് വര്‍ഷം മുന്‍പാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനത്തിനിടെ മലയില്‍ നിന്ന് വന്ന് പതിച്ച മണ്ണിനടിയില്‍ നിന്ന് ചലനമറ്റ മൃതദേഹങ്ങള്‍ ഓരോന്നായി എടുക്കുന്നതിനിടെയാണ് അമ്പിളിയുടെയും ഷിംലയുടെയും പാഠപുസ്തകങ്ങള്‍ ലഭിച്ചത്. ഓടക്കയം ഗവ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഷിംല. ദുരന്തഭൂമിയില്‍ നിന്ന് ലഭിച്ച പാഠപുസ്തകങ്ങള്‍ ഇവരെ കണ്ടെത്തിയ ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണിപ്പോള്‍. എന്നാല്‍ മഴ വന്ന് നനഞ്ഞിട്ടും മലവെള്ളപ്പാച്ചിലില്‍ മണ്ണില്‍ ആഴ്ന്നിട്ടും തെളിഞ് നില്‍ക്കുന്ന ഒത്തിരി അക്ഷരങ്ങളുടെ കൂട്ടമായി നെല്ലിയായിക്കുന്നില്‍ ഒരു ഗ്രന്ഥമുണ്ട്. മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്.ടു വിദ്യാര്‍ഥിയായ അമ്പിളിക്ക് ഭര്‍താവിനോടും പ്രിയപ്പെട്ട കൂട്ടുകാരോടുമുള്ള മരിക്കാത്ത സ്‌നേഹമാണ് അതില്‍ നിറയെ.
നീ എനിക്ക് ജീവിതത്തിലേക്കുള്ള വഴി കാണിച്ചു തന്നു. ഞാന്‍ അതിലൂടെ നടന്നു. നീ എനിക്ക് സ്‌നേഹം എന്താണെന്ന് പറഞ്ഞുതന്നു. ഞാന്‍ അത് അനുഭവിച്ചു. സന്തോഷമെന്താണെന്ന് നീ എനിക്ക് കാണിച്ചു തന്നു. ഞാന്‍ ആസ്വദിച്ചു. ഈ ജന്മം മുഴുവനും സുഖദു:ഖങ്ങളില്‍ ഒന്നിച്ചുനില്‍ക്കാമെന്ന് പറഞ്ഞതും നീ തന്നെയാണ്. എന്നാലും ആശങ്കയാണ് കൃഷ്‌ണേട്ടാ.. അറുതിയില്ലാത്ത ഈ പേമാരിയില്‍ മലയെങ്ങാനും ഇടിഞാല്‍ നമ്മള്‍ക്ക് ഒരുമിച്ച് യാത്ര പോകാനാകുമൊ?..
മഴകനത്തതോടെ ജൂലൈ 31 ന് പുലര്‍ച്ചെ 3ന് കുരീരിക്കുന്നില്‍ നിന്ന് കേട്ട കാലന്‍ പക്ഷി (തുക്കിടി പക്ഷി) യുടെ ശബ്ദം വലിയ ദുരന്തമായി കാലേക്കൂട്ടി കണ്ടത്‌പോലെയാണ് അമ്പിളിയുടെ ഡയറിക്കുറിപ്പുകള്‍. തുക്കിടി പക്ഷി ശബ്ദമുണ്ടാക്കുന്നത് ആപത്ത് വരാനിരിക്കുന്നതിന്റെ സുചനയായിട്ടാണ് ഇവര്‍ കാണുന്നത്.
വിവാഹം കഴിഞ്ഞെങ്കിലും പഠിക്കാന്‍ അമിതമായ ആഗ്രഹം പ്രകടിപ്പിച്ച അമ്പിളിയെ ഉണ്ണിക്കൃഷ്ണന്‍ തന്നെയാണ് മൂര്‍ക്കനാട് സുബുല്ലസലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിന് ചേര്‍ത്തത്. എങ്ങനെയെങ്കിലും പഠിച്ച് ഒരു സര്‍ക്കാര്‍ ജോലി വാങ്ങണം എന്ന അമ്പിളിയുടെ അടങ്ങാത്ത ആഗ്രഹമാണ് അവളെ ഓരോ ദിവസവും ഓടക്കയം മലയിറങ്ങി കിലോമീറ്ററുകള്‍ താണ്ടി മൂര്‍ക്കനാട്ടെത്തിച്ചത്. ഭര്‍ത്താവായ ഉണ്ണിക്കൃഷ്ണന്റെ പിന്തുണ അമ്പിളിക്ക് വലിയ ഊര്‍ജമായിരുന്നു. അമ്പിളിയെപ്പോലെ തന്നെ പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടാണ് അനിയത്തി ഷിംല (12) സ്വന്തം നാടായ ചാത്തലൂര്‍ വിട്ട് ചേച്ചിയുടെ വീട്ടില്‍ താമസമാക്കിയത്. സ്‌നേഹം പറയുന്ന ഡയറിക്കുറിപ്പുകള്‍ക്ക് പുറമെ അമ്പിളി എഴുതിവച്ച മലയാളപ്പാട്ടുകളുടെ വരികളും ഇന്ന് ഏകയായി നെല്ലിയായിക്കുന്നിലെ ദുരന്തഭൂമിയില്‍ മഴനനഞ്ഞ് കിടപ്പുണ്ട്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News