2020 July 07 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഒരുക്കാം അകവും പുറവും കുളിര്‍പ്പിക്കും പച്ചക്കറിത്തോട്ടം

ഒരു കുഞ്ഞു പച്ചക്കറിത്തോട്ടം നമുക്ക് തരുന്നത് വിഷമില്ലാത്ത പച്ചക്കറി മാത്രമല്ല. ഒരു കൊട്ട സന്തോഷം കൂടിയാണ്. പൂത്തും കായ്ച്ചും തളിര്‍ത്തും പച്ചക്കറികള്‍ നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു ചന്തമാണ്. വേനല്‍ക്കാലമാണ് പച്ചക്കറിത്തോട്ടമൊരുക്കാന്‍ ഏറെ ഉചിതം. വെള്‌ലത്തിന് പ്രയാസമനുഭവപ്പെടുന്നവര്‍ക്കും പരീക്ഷിക്കാന്‍ കഴിയുന്ന ഒട്ടനവധി രീതികള്‍ ഇപ്പോഴുണ്ട്. സ്ഥലമില്ലാത്തവര്‍ക്ക് ഗ്രോബാഗിനേയും ആശ്രയിക്കാം.

വെള്ളരി, തക്കാളി, മുളക്, ചീര…വേനലിന് എല്ലാം ചേരും
വെള്ളരി തന്നെയാണ് വേനല്‍ക്കാലത്ത് പച്ചക്കറികളിലെ സൂപ്പര്‍ സ്റ്റാര്‍. ധാരാളം ജലാംശമുള്ളതു കൊണ്ട് വെള്ളരി ചൂടുകാലത്ത് കഴിക്കുന്നത് നല്ലതാണ്. പയര്‍, വെണ്ട, തക്കാളി, മുളക്, വഴുതന, പാവല്‍, പടവലം, ചീര തുടങ്ങി മിക്ക വിളകളും ഇപ്പോള്‍ നടാം. തണ്ണിമത്തനാണ് മറ്റൊരു പ്രധാന ഇനം. തണ്ണിമത്തന്റെ കുരുനട്ടാല്‍ നല്ല പോലെ വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് ദാഹം മാറ്റാനും ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനുമിതു നല്ലതാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തനില്‍ നിരവധി രാസവസ്തുക്കളാണ് ചേര്‍ക്കുന്നത്.

വിത്ത് തെരഞ്ഞെടുക്കുമ്പോള്‍

കലര്‍പ്പില്ലാത്ത വിത്താവണം നടാന്‍ ഉപയോഗിക്കേണ്ടത്. പലയിനങ്ങളും ഒരേസ്ഥലത്ത് കൃഷിചെയ്യുമ്പോള്‍ മറ്റിനങ്ങളുടെ കലര്‍പ്പുണ്ടാകം. രോഗകീടബാധ ഇല്ലാത്ത വിത്ത് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. കായ്കള്‍ ശരിയായി മൂത്തുപഴുത്ത ശേഷമുള്ളവയില്‍ നിന്നു വേണം വിത്തെടുക്കാന്‍. തക്കാളി, മുളക്, വഴുതന എന്നിവയുടെ കായ്കള്‍ നന്നായി പഴുത്ത ശേഷമേ വിത്തെടുക്കാവൂ. പാവല്‍ പടവലം എന്നിവയുടെ മുക്കാല്‍ഭാഗം പഴുത്താല്‍ വിത്തിനായെടുക്കാം.
വെള്ളരി കുമ്പളംഎന്നിവയുടെ കായ്കള്‍ പഴുത്ത് ഞെട്ട് വാടി ഉണങ്ങിയ ശേഷമാണ് വിത്തെടുക്കേണ്ടത്.
കായ് ഉണങ്ങിയശേഷമാണ് പയര്‍വെണ്ട എന്നിവയുടെ വിത്ത് എടുക്കേണ്ടത്.

നടേണ്ട രീതി

പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത് ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.

നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്‌പ്രേ ചെയ്ത്’ നനക്കണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.

മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്‍ത്തിമാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.

ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.

ടെറസ്സ്‌കൃഷിയില്‍ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. . ചെടി നടുന്നത് ടെറസ്സിലാവുമ്പോള്‍ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട് നേരമെങ്കിലും കര്‍ഷകന്‍ ടെറസ്സില്‍ കയറണം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേര്‍ത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.