2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇരുപത് ലക്ഷത്തിലേറെ പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും

കൊല്ലം: മറ്റന്നാള്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രവും നീതിപൂര്‍വകവുമായ നടത്തിപ്പിന് ജില്ലയില്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി കൊല്ലം ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു. കുറ്റമറ്റ തെരഞ്ഞെടുപ്പ് സംവിധാനമാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്. സുതാര്യത ഉറപ്പാക്കുന്നതിനായി വി.വി പാറ്റ് സംവിധാനം വോട്ടിങ് മെഷീനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും ഇരുപത് ലക്ഷത്തിലേറെ പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം 11 അസംബ്ലി മണ്ഡലങ്ങളിലായി 20,81,905 സമ്മതിദായകരാണ് ജില്ലയില്‍ ഉള്ളത്. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ് മണ്ഡലങ്ങളിലായി 12,96,720 വോട്ടര്‍മാരാണ് ഉള്ളത്.
കരുനാഗപ്പള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ (2,04,583) വോട്ടര്‍മാര്‍. കൊല്ലം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കുറവ് (1,70,130) വോട്ടര്‍മാര്‍. സ്ത്രീ വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് പുനലൂര്‍ നിയോജക മണ്ഡലത്തിലും(1,06,497) ഏറ്റവും കുറവ് കൊല്ലം നിയോജകമണ്ഡലത്തിലുമാണ്(87,889).
ഭിന്നലിംഗക്കാരെ ഉള്‍പ്പെടുത്തിയുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും 12 ഭിന്നലിംഗ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജില്ലയില്‍ 1,856 വോട്ടര്‍മാര്‍ പ്രവാസികളാണ്. ഇവരില്‍ 1,209 പേര്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ പ്രവാസി വോട്ടര്‍മാരാണ്. ചടയമംഗലം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാര്‍ ഉള്ളത്. ജില്ലയില്‍ ആകെ 1,947 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ മാത്രം 1,212 പോളിങ് സ്റ്റേഷനുകളുണ്ട്. ജില്ലയില്‍ ആകെ 3,066 ബാലറ്റ് യൂനിറ്റുകളും 2,314 കണ്‍ട്രോള്‍ യൂനിറ്റുകളും 2,674 വിവി പാറ്റ് മഷീനുകളും ആദ്യഘട്ടത്തില്‍ പരിശോധന പൂര്‍ത്തിയാക്കി വിതരണത്തിനായി ജില്ലാ ഇലക്ഷന്‍ ഡിപ്പോയില്‍ സൂക്ഷിച്ചിരുന്നതാണ്. അതില്‍ ഒന്നാം ഘട്ട റാന്റമൈസേഷനും രണ്ടാംഘട്ട റാന്റമൈസേഷനും ശേഷം ജില്ലയിലെ 11 നിയോജക മണ്ഡലത്തിലേക്കുമായി 2314 കണ്‍ട്രോള്‍ യൂനിറ്റുകളും അത്രയും തന്നെ ബാലറ്റ് യൂനിറ്റകളും 2674 വി.വി പാറ്റ് മെഷീനുകളും എല്ലാ ഉപവരണാധികാരികള്‍ക്കും വിതരണം ചെയ്യുകയും അതത് മെഷീനുകള്‍ ഇ.വി.എം കമ്മിഷന്‍ നടത്തി അതത് നിയോജക മണ്ഡലത്തിലെ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ളതാണ്. ഇതിന് പുറമേ 195 ബാലറ്റ് യൂനിറ്റുകളും 195 കണ്‍ട്രോള്‍ യൂനിറ്റുകളും 351 വി.വി പാറ്റ് മഷീനുകളും റിസര്‍വില്‍ അധികമായി സൂക്ഷിക്കുന്നതിനുവേണ്ടിയും സെക്ടര്‍ ഓഫിസര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയും എല്ലാ ഉപവരണാധികാരികള്‍ക്കും നല്‍കിയിട്ടുണ്ട്.
ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സി.ഐ.എല്‍) നിര്‍മിച്ചുനല്‍കിയിട്ടുള്ള ഇലക് ട്രോണിക് വോട്ടിങ് മെഷീനുകളാണ് പോളിങ് സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്നത്. കരിക്കോട് വെയര്‍ഹൗസിങ് ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന ഇ.വി.എം മെഷീനുകള്‍ ആദ്യ റാന്റമൈസേഷന് ശേഷം അതത് ഉപവരണാധികാരികള്‍ക്ക് ഇ.എം.എസ് സോഫ്റ്റ്‌വെയര്‍ മുഖേന വിതരണം ചെയ്തിട്ടുണ്ട്. രണ്ടാംഘട്ട റാന്റമൈസേഷനു ശേഷം സ്ഥാനാര്‍ഥികളുടെ പേര്, ഫോട്ടോ, ചിഹ്നം ഇവ സ്ഥാപിക്കുന്ന ഇ വി എം കമ്മിഷനിങ് നടപടി സ്ഥാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ എല്ലാ കേന്ദ്രങ്ങളിലും നിര്‍വഹിച്ചിട്ടുണ്ട്. ഇ.സി.ഐ.എല്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് കമ്മിഷനിങ് നടന്നത്.
ഇ.വി.എം സ്‌ട്രോങ് റൂമുകളില്‍ സി.സി ടി.വി സംവിധാനവും സായുധ പൊലിസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഷിനുകള്‍ തെരഞ്ഞെടുപ്പിന്റെ തലേദിവസം മാത്രമേ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയുള്ളു. ഇ.സി.ഐ.എല്‍ സാങ്കേതിക വിദഗ്ധരുടെ സേവനം തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. വി.വി പാറ്റ് മെഷിനുകള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കും സെക്ടറല്‍ ഓഫിസര്‍മാര്‍ക്കും പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിവസം പോളിങ് സ്റ്റേഷനുകളില്‍ ഉണ്ടാകുന്ന മെഷിന്‍ തകരാറുകളും മറ്റും പരിഹരിക്കുന്നതിന് സെക്ടര്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റിസവര്‍ മെഷിനുകലും തയാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിവസം സ്ഥിതി വിവരക്കണക്കുകള്‍ ലഭ്യമക്കുന്നതിന് ‘പോള്‍ മാനേജര്‍’ എന്ന് ആപ് സജ്ജമാക്കിയിട്ടുണ്ട്. ഇതിന് എല്ലാ വിതരണ കേന്ദ്രങ്ങളിലും ജില്ലാ ആസ്ഥാനത്തും പ്രത്യേകം കണ്‍ട്രോള്‍ റൂം ഒരുക്കിയിട്ടുള്ളതും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഒരു നിയോജക മണ്ഡലത്തിന് അഞ്ച് വീതം 55 മാതൃകാ പോളിങ് സ്റ്റേഷനുകളും 11 സ്ത്രീസൗഹൃദ പോളിങ് സ്റ്റേഷനുകളും (വനിതാ ജീവനക്കാര്‍ മാത്രം നിയന്ത്രിക്കുന്ന) സജ്ജമാക്കിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡങ്ങളിലുമായാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന അതിര്‍ത്തി പോളിങ് സ്റ്റേഷനുകള്‍ നാലെണ്ണമാണുള്ളത്. ഗവ. ഹൈസ്‌കൂള്‍ അച്ചന്‍കോവിലുള്ള രണ്ട് ബൂത്തുകള്‍, ആര്യങ്കാവ് എല്‍.പി.എസിലുള്ള രണ്ട് ബൂത്തുകളുമാണ് അവ. കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ ഗവ. എച്ച്.എസ്.എസ് പെരുങ്ങാലത്ത് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോകാന്‍ ബോട്ട് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ ആകെ 167 ലൊക്കേഷനുകളിലായി 298 സെന്‍സിറ്റീവ് പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ മത്രം 103 ലൊക്കേഷനുകളിലായി 261 സെന്‍സിറ്റീവ് ബൂത്തുകള്‍ ഉണ്ട്. ജില്ലയില്‍ ആകെ 40 ലൊക്കേഷനുകളിലായി 87 ക്രിട്ടിക്കല്‍ പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ 25 ലൊക്കേഷനുകളിലായി 56 ക്രിട്ടിക്കല്‍ പോളിങ് സ്റ്റേഷനുകള്‍ ഉണ്ട്. ഈ ലൊക്കേഷനുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരുടെയും സി.പി .എഫ് എന്നിവരുടെയും നിരീക്ഷണവും വെബ്കാസ്റ്റിങ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഇക്കുറി ഉറപ്പ് വരുത്തിയിട്ടുണ്ട്. ജില്ലാ സാമൂഹ്യനീതി ഓഫിസറുടെ മേല്‍നോട്ടത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാരെ വീട്ടില്‍ നിന്ന് പോളിങ് സ്റ്റേഷനുകളില്‍ എത്തിക്കുന്നതിന് പ്രത്യേക വാഹന സൗകര്യം, റാമ്പ്, വീല്‍ചെയര്‍ സൗകര്യം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും. ഇവര്‍ക്ക് പ്രത്യേക ക്യൂ സംവിധാവും ഉണ്ടാവും.

മൂന്ന് ക്യൂ; തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം

ഇത്തവണ പോളിങ് സ്റ്റേഷനില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ക്യൂ സംവിധാനം ഉള്‍പ്പെടെ മൂന്ന് ക്യൂ ഉണ്ടാവും. സ്ത്രീകള്‍ പുരുഷന്‍മാര്‍ എന്നിവര്‍ക്കായിട്ടാണ് മറ്റ് ക്യൂകള്‍ ക്രമീകരിച്ചിട്ടുള്ളത്. ബി.എല്‍.ഒമാര്‍ നല്‍കുന്ന ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ മാത്രം ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ സാധിക്കില്ല. ഇത് വോട്ടറെ തിരച്ചറിയുന്ന ഔദ്യോഗിക രേഖയല്ല. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ് പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, സര്‍വീസ് തിരച്ചറിയല്‍ രേഖ (സംസ്ഥാന-കേന്ദ്രസര്‍ക്കാര്‍, പൊതുമഖല സ്ഥാപനങ്ങള്‍-കമ്പനികള്‍), ഫോട്ടോ പതിച്ച പാസ് ബുക്ക് (ബാങ്ക്, പോസ്റ്റോഫിസ്), പാന്‍ കാര്‍ഡ്, സ്മാര്‍ട്ട് കാര്‍ഡ് (കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ചിട്ടുള്ളത്), തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ്, ഔദ്യോഗിക തിരിച്ചറിയല്‍ രേഖ (എം.പി, എം.എല്‍.എ, എം.എല്‍.സി), ആധാര്‍ കാര്‍ഡ് എന്നീ രേഖകളാണ് പോളിങ് സ്റ്റേഷനുകളില്‍ തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കുക.

മാതൃകാ പെരുമാറ്റചട്ടം

മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിനായി 12 ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍, 11 വിഡിയോ സര്‍വെയിലന്‍സ് ടീമുകള്‍, 33 ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍, 33 സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീമുകള്‍, സംസ്ഥാനാന്തര സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീം(ആര്യങ്കാവ് ചെക്ക് പോസ്റ്റ്) എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്.

പോളിങ് രാവിലെ
ഏഴുമുതല്‍ ആറുവരെ

കൊല്ലം: ജില്ലയില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായി തെരഞ്ഞെടുപ്പ് നടത്തിപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 11 നിയമസഭാ നിയോജക മണ്ഡലങ്ങളിലും നിശ്ചയിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ നിന്ന് അതാത് ഉപവരണാധികാരികളുടെ മേല്‍നോട്ടത്തില്‍ പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ 22ന് രാവിലെ എട്ടുമുതല്‍ തുടങ്ങും. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ബൂത്തുകളിലെത്തുന്നതിന് വാഹന സൗകര്യവും ഏര്‍പ്പെടുത്തി.

സി വിജില്‍
(0474 2794080)

നിലവില്‍ സി വി ജില്‍ ആപ്പ് മുഖേന ലഭിച്ച 905 പരാതികളില്‍ 759 കേസുകള്‍ മാതൃതാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്ന വിവിധ സ്‌ക്വാഡുകള്‍ മുഖേന തീര്‍പ്പാക്കി. 146 കേസുകള്‍ പരാതി അടിസ്ഥാന രഹിതമാണെന്ന് കണ്ട് തള്ളി.

സുവിധ (0474 2794090)

സുവിധ ആപ് മുഖേന പ്രചരണത്തിനുള്ള അനുമതിക്കായുള്ള അപേക്ഷ 636 ലഭിച്ചു. ഇതില്‍ 535 വാഹനങ്ങള്‍ക്ക് അനുമതി നല്‍കിട്ടുള്ളതും 101 അപേക്ഷ നിരസിച്ചിട്ടുള്ളതുമാണ്. യോഗങ്ങള്‍ക്കുള്ള അനുമതിക്കായി 170 അപേക്ഷകളില്‍ 132 അപേക്ഷകള്‍ക്ക് അനുമതി നല്‍കി. 38 അപേക്ഷകള്‍ നിരസിച്ചു.

എം.സി.എം.സി

പത്രമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കുള്ള 18 സര്‍ട്ടിഫിക്കേഷനുകള്‍ ഇന്നുവരെ എം.സി.എം.സി മുഖേന നല്‍കി. മാതൃകാ പെരുമാറ്റചട്ടങ്ങളുടെ ലംഘനം ഉണ്ടോ എന്ന് മനസിലാക്കുന്നതിനും നടപടി എടുക്കുന്നതിനും എം.സി.എം.സി സെല്ലിലൂടെ അച്ചടി ദൃശ്യ-സാമൂഹ്യ മാധ്യങ്ങളിലെ 24 മണിക്കൂറും നിരീക്ഷണം നടത്തി.

ഡിസ്ട്രിക്റ്റ് കോള്‍ സെന്റര്‍ ടോള്‍ ഫ്രീ 1950

വോട്ടര്‍ സഹായ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പരായ 1950ല്‍ 1644 കോളുകള്‍ വരുകയും അതിന് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തു. നാഷണല്‍ ഗ്രിവന്‍സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 116 പരാതികള്‍ പരിഹരിച്ചു.

കൗണ്ടിങ് ഒരുക്കല്‍

വോട്ടണ്ണലിന് വേണ്ടി കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന് 123 കുണ്ടറ, 125 ഇരവിപുരം, 126 ചാത്തന്നൂര്‍ എന്നിവയ്ക്കായി കൊല്ലം ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന് കൗണ്ടിങ് ഹാളുകളും 117 ചവറ, 122 ചടയമംഗലം, 121 പുനലൂര്‍, 124 കൊല്ലം എന്നീ നിയോജക മണ്ഡലങ്ങള്‍ക്ക് വേണ്ടി കൊല്ലം സെന്റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡി സ്‌കൂളില്‍ നാല് കൗണ്ടിങ് ഹാളും ഒരുക്കിയിട്ടുണ്ട്.
വോട്ടിങ് പൂര്‍ത്തിയായാല്‍ പുനലൂര്‍, ചടയമംഗലം, ചവറ നിയോജക മണ്ഡലങ്ങളിലെ വോട്ടിങ് മെഷിനുകള്‍ കൊല്ലം സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അതത് നിയോജകമണ്ഡലങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളില്‍ അന്നേദിവസം രാത്രിതന്നെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും പൊലിസിന്റേയും അകമ്പടിയോടെ കവചിത വാഹനങ്ങളില്‍ എത്തിച്ച് സൂക്ഷിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.