2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ഒമാനിലെ നഴ്‌സിന്റെ മരണം: മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നടക്കുന്നത് കുപ്രചരണങ്ങളെന്ന് ഗള്‍ഫിലെ സഹോദരി

സി.എച്ച്.ആര്‍ കൊമ്പംകല്ല്

മനാമ: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെക്കുറിച്ചുള്ള അപവാദ പ്രചരണം ശരിയല്ലെന്നും
ചില മാധ്യമങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും കൊല്ലപ്പെട്ട നഴ്‌സിന്റെ ഗള്‍ഫിലുള്ള സഹോദരി. ബഹ്‌റൈനില്‍ ഒരു മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സഹോദരിയാണ് അപവാദ പ്രചരണമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി അസീസി നഗറില്‍ തെക്കേതില്‍ ഐരുകാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു റോബര്‍ട്ട് (27) എന്ന മലയാളി നഴ്‌സാണ് കഴിഞ്ഞ ബുധനാഴ്ച സലാലയിലെ ഫ്‌ളാറ്റില്‍ കുത്തേറ്റ് മരിച്ചത്. മോഷണ ശ്രമത്തെ തുടര്‍ന്നാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം ഒമാന്‍ പൊലിസ് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഭര്‍ത്താവിനെയും തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവരെയും പൊലിസ് വിളിപ്പിക്കുകയും വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു. ഇതിനെയാണ് ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ഭര്‍ത്താവാണ് പ്രതിയെന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ചിക്കുവിന്റെ മരണം ഭര്‍ത്താവ് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന രീതിയിലാണിപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന വാര്‍ത്ത. ഇത്തരം വാര്‍ത്തകള്‍ ചിക്കുവിന്റെ മരണത്തില്‍ തകര്‍ന്നിരിക്കുന്ന കുടുംബത്തെ അതിലേറെ ദുഃഖത്തിലാഴ്ത്തുന്നതാണെന്നും സഹോദരിയായ മാധ്യമ പ്രവര്‍ത്തക വിശദീകരിച്ചു.

chikku-robertt

ചിക്കുവും ഭര്‍ത്താവ് ലിന്‍സണും

ചിക്കുവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനും നേരിട്ട് അറിയാനും വേണ്ടിയാണ് ഭര്‍ത്താവിനെ പൊലി സ്റ്റേഷനില്‍ വിളിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവം നടന്നയുടനെയും ഒമാനിലുള്ള ചിക്കുവിന്റെ സഹപ്രവര്‍ത്തകയുമായി താന്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ നല്‍കിയ വിശദീകരണം ഇപ്രകാരമാണ്- ‘ചിക്കുവും ഭര്‍ത്താവ് ലിന്‍സണും ഒമാനിലെ ബദര്‍ അല്‍സമാ ആശുപത്രി ജീവനക്കാരാണ്. ലിന്‍സണ്‍ വൈകീട്ട് ആറു മണിയോടെ ജോലിക്ക് പോയി. ആ സമയത്ത് ചിക്കു ഉറങ്ങുകയായിരുന്നു. രാത്രി 10 മണിക്കാണ് ചിക്കുവിനു ജോലിയ്ക്ക് കയറേണ്ടിയിരുന്നത്. എന്നാല്‍ 10.30 ആയിട്ടും ചിക്കു ആശുപത്രിയിലെത്തിയില്ല. മാത്രമല്ല ഫോണ്‍ വിളിച്ചിട്ട് പ്രതികരിച്ചതുമില്ല. ലിന്‍സണ്‍ ഉടന്‍ ഫ്‌ളാറ്റിലേയ്ക്ക് പോയി. ഫ്‌ളാറ്റിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയില്‍ തന്നെയാണ് കണ്ടത്. വീട് തുറന്ന് അകത്തു കയറിയ ലിന്‍സണ്‍ കണ്ടത് കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചിക്കുവിനെയാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിക്കുവിന്റെ ദേഹത്ത് മുഴുവന്‍ ആഴമേറിയ മുറിവുകള്‍ ഉണ്ടായിരുന്നു. പിന്‍ഭാഗത്തും, കാലിലും, അടിവയറിലുമാണ് പ്രധാനമായും മുറിവുകള്‍ ഉണ്ടായിരുന്നത്. ഏകദേശം ഏഴു മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിക്കുവിന്റെ ആഭരണങ്ങള്‍ മുഴുവന്‍ മോഷണം പോയിരുന്നു. ഈ അവസരത്തില്‍ ആ ഭര്‍ത്താവിനെ സംശയിക്കുന്നത് തന്നെ അസംബന്ധമാണ്.’

അതിനിടെ സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം തുടരുകയാണ്. സംഭവസമയം വീട് അകത്തു നിന്നു പൂട്ടിയിരുന്നതിനാല്‍ ബാല്‍ക്കണിയിലൂടെയാവും മോഷ്ടാവ് അകത്ത് കടന്നതെന്നാണ് പൊലിസിന്റെ നിഗമനം. ഇതടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന് സമീപത്ത് പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിലെ നിര്‍മ്മാണ തൊഴിലാളികളെയാണിപ്പോള്‍ പൊലിസ് സംശയിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News