2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഒന്ന്…രണ്ട്…മൂന്ന്… എണ്ണം പറഞ്ഞ് റയല്‍

ലണ്ടന്‍: ഇന്നലെ നടന്ന ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോളുകളുടെ പെരുമഴ. ഇതില്‍ സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ ആറെണ്ണം എതിര്‍വലയില്‍ നിക്ഷേപിച്ച റയല്‍ മാഡ്രിഡാണ് കൂടുതല്‍ ആക്രമണകാരിയായത്.
അവരുടെ വാഴ്ചയില്‍ വീണതാവട്ടെ, പാവം ഗലത്സറെയും. ഇന്നലെ നടന്ന എട്ട് മത്സരങ്ങളില്‍ നാലു ചുവപ്പുകാര്‍ഡുകളാണ് താരങ്ങള്‍ ഇരന്നു വാങ്ങിയത്. ഇതില്‍ ടോട്ടനവും ബയേണും യുവന്റസും പി.എസ്.ജിയും ജയം കണ്ടപ്പോള്‍ സിറ്റി സമനിലയോടെ ഞെട്ടി.

റിയല്‍ റോഡ്രിഗോ
ഇന്നലെ സാന്റിയാഗോ ബര്‍ണാബുവില്‍ വീണ ആറു ഗോളുകളില്‍ പകുതിയും 18കാരന്‍ ബ്രസീല്‍ താരത്തിന്റെ വകയായിരുന്നു, പേര് റോഡ്രിഗോ. മത്സരത്തില്‍ ഗോളിന് തുടക്കമിട്ട താരം തന്നെയാണ് ഗോള്‍നേട്ടം ആറ് തികച്ചതും. നിലവില്‍ റയലിന്റെ ‘റോണോ’ എന്നറിയപ്പെടുന്ന കരിം ബെന്‍സേമ രണ്ട് ഗോളുമായി കളം നിറഞ്ഞു.
മത്സരം തുടങ്ങി നാലാം മിനുട്ടിലെ മാഴ്‌സലോ- റോഡ്രിഗോ കൂട്ടുകെട്ട് ഗോളില്‍ കലാശിച്ചപ്പോള്‍ മൂന്ന് മിനുട്ടുകള്‍ക്കകം ഇതേ ജോടി റയലിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
ഇത്തവണയും റോഡ്രിഗോയുടെ കാലില്‍നിന്നായിരുന്നു വലയിലേക്കുള്ള അവസാന ടച്ച്. 14ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ റാമോസ്, 45ാം മിനുട്ടില്‍ റോഡ്രിഗോയുടെ അസിസ്റ്റില്‍ ബെന്‍സേമ എന്നിവരുടെ ലക്ഷ്യവും വല തുളച്ചതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ റയല്‍ 4-0ന് മുന്നില്‍. എന്നാല്‍ രണ്ടാം പകുതിയില്‍ പ്രതിരോധം കടുപ്പിച്ച ഗലത്സറെയ്‌ക്കെതിരേ രണ്ടുഗോള്‍ കൂടി നേടിയാണ് റയല്‍ പോരാട്ടം അവസാനിപ്പിച്ചത്.
81ാം മിനുട്ടില്‍ ബെന്‍സേമ തന്റെ രണ്ടാംഗോള്‍ സ്വന്തമാക്കിയപ്പോള്‍ എക്‌സ്ട്രാ ടൈമില്‍ ബെന്‍സേമയുടെ പാസില്‍നിന്ന് റോഡ്രിഗോ ഹാട്രിക് പോക്കറ്റിലാക്കി. ജയത്തോടെ എ ഗ്രൂപ്പില്‍ പി.എസ്.ജിക്ക് പിന്നിലായി റയല്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.