2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഒന്നാണ് നാം; ഒന്നാമതാണ്

പിണറായി വിജയന്‍ (കേരള മുഖ്യമന്ത്രി)

 

എല്‍.ഡി.എഫ് സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നത് ആഘോഷങ്ങളില്ലാതെയാണ്. കൊവിഡ് 19 മഹാമാരിയെ അതിജീവിക്കാനുള്ള പോരാട്ടത്തിനിടയിലാണ് ഈ മെയ് 25 കടന്നുവരുന്നത്. ‘ഒന്നാണ് നാം; ഒന്നാമതാണ് ‘ എന്ന് അഭിമാനത്തോടെ നമുക്ക് പറയാന്‍ കഴിയുന്നത് ഏതു പ്രതിസന്ധിയെയും നേരിട്ട അനുഭവം കൊണ്ടുതന്നെയാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ വലിയ പരീക്ഷണങ്ങള്‍ നമ്മെ തേടിയെത്തി. 2018ലെ മഹാപ്രളയം, കഴിഞ്ഞവര്‍ഷത്തെ അതിതീവ്ര മഴ, ഓഖി, നിപാ എന്നിവ കേരളത്തെ കഠിനമായി ബാധിച്ചു. അവയുടെ ആഘാതത്തില്‍നിന്ന് കരകയറാന്‍ കേരള പുനര്‍നിര്‍മാണ പദ്ധതി ആവിഷ്‌കരിച്ച് മുന്നോട്ടുവരുമ്പോഴാണ് കൊവിഡ് എത്തിയത്. ഒരുപക്ഷെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും സ്തംഭിച്ചുപോകുമായിരുന്നു. അത്തരമൊരു ദുരവസ്ഥയിലേക്ക് നാടിനെ തള്ളിവിടാതെ നവകേരള സൃഷ്ടിക്കായുള്ള ഉറച്ച ചുവടുവയ്പിന് നമുക്ക് കഴിഞ്ഞു- അതാണ് ഈ വാര്‍ഷികവേളയില്‍ അഭിമാനപൂര്‍വം പറയാവുന്ന കാര്യം.
ഓരോ വര്‍ഷവും ചെയ്യുന്ന കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി താരതമ്യം ചെയ്ത് പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുക എന്നത് മറ്റെവിടെയും പതിവില്ലാത്തതാണ്. അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോഴും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അക്കമിട്ട് നടപ്പാക്കിയതിന്റെ രേഖയായി പ്രോഗ്രസ് റിപ്പോര്‍ട്ട് ഈ സര്‍ക്കാര്‍ വയ്ക്കുകയാണ്. അടിസ്ഥാനസൗകര്യ വികസനം, പുതിയ നിക്ഷേപങ്ങള്‍, തൊഴിലവസരങ്ങള്‍, സാമൂഹ്യസുരക്ഷ, പൊതു-പാരമ്പര്യ-സഹകരണ മേഖലകളുടെ ശാക്തീകരണം എന്നിവയാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കി നടപ്പാക്കിയത്. അതിനൊപ്പം ദുരന്തനിവാരണം എന്ന അനിവാര്യമായ ചുമതല കൂടി ഏറ്റെടുത്തു. നാല് മിഷനുകള്‍ നടപ്പാക്കി.

നവകേരള കര്‍മപദ്ധതിയുടെയും മിഷനുകളുടെയും ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നതാണ് കൊവിഡ് കാലത്തെ നമ്മുടെ അതിജീവന അനുഭവങ്ങള്‍. ലൈഫ് മിഷനു കീഴില്‍ 2,19,154 വീടുകളുടെ നിര്‍മാണമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കായി മാറിയിരിക്കുന്നു. 45,000 ക്ലാസ്മുറികള്‍ ഇന്ന് ഹൈടെക്കാണ്. ആയിരം സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായി.
390 കിലോമീറ്റര്‍ നീളത്തില്‍ പുഴകളും 36,000 കിലോമീറ്റര്‍ നീര്‍ച്ചാലുകളും പുനരുജ്ജീവിച്ചതുള്‍പ്പെടെ കേരളത്തിന്റെ പച്ചത്തുരുത്തുകള്‍ തിരിച്ചുപിടിക്കാനുള്ള മുന്നേറ്റമാണ് ഹരിതകേരളം മിഷനിലൂടെ സാധ്യമായത്. തരിശുരഹിതമായ 26 ഗ്രാമങ്ങളും മൂന്നര ലക്ഷം ടണ്‍ പച്ചക്കറിയുടെ അധിക ഉല്‍പാദനവും ഈ മിഷന്റെ നേട്ടങ്ങളാണ്.
ഇന്ത്യയില്‍ ആദ്യ കൊവിഡ് ബാധ ഉണ്ടായത് കേരളത്തിലാണ്. ഉയര്‍ന്ന ജനസാന്ദ്രതയും പ്രവാസി കേരളീയരുടെ എണ്ണക്കൂടുതലും ഇവിടെ കൂട്ടമായി പാര്‍ക്കുന്ന അതിഥി തൊഴിലാളികളും- ഇങ്ങനെ രോഗബാധ പടരുന്നതിനുള്ള എല്ലാ സാഹചര്യവുമുള്ള സംസ്ഥാനമാണ് നമ്മുടേത്. അത്തരമൊരു അപകടത്തില്‍നിന്ന് നാടിനെ സംരക്ഷിക്കാന്‍ നമുക്ക് വലിയ ഒരളവില്‍ സാധിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും ഒന്നിച്ച് ജാഗ്രതയോടെ ഇടപെട്ടു.

സെക്രട്ടേറിയറ്റിലെ വാര്‍ റൂം മുതല്‍ വീടുകളില്‍ കഴിയുന്ന വയോജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ വരെ അവിശ്രമം കൊവിഡിനെതിരേ പോരാടി. ആ പോരാട്ടം തുടരുകയാണ്.
ആര്‍ദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെ നാം ഉന്നത നിലവാരത്തിലെത്തിച്ചു. ആരോഗ്യ സൂചികകളില്‍ ആഗോള നിലവാരത്തിലേക്ക് കേരളം ഉയര്‍ന്നു. അതിന്റെ തുടര്‍ച്ചയാണ് കൊവിഡ് പ്രതിരോധത്തില്‍ ലോകം മുഴുവന്‍ ആദരവോടെ വീക്ഷിക്കുന്ന നിലയിലേയ്ക്ക് നമുക്ക് മുന്നേറാന്‍ കഴിഞ്ഞത്. നമ്മുടെ സാമൂഹ്യ സന്നദ്ധസേനയും പൊലിസും അഗ്നിരക്ഷാ സേനയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ സംവിധാനങ്ങളാകെയും ഒരേ ചരടില്‍ കോര്‍ത്തതു പോലെയാണ് കൊവിഡ് പ്രതിരോധത്തില്‍ അണിചേര്‍ന്നത്.

കൊവിഡ് വൈറസ് ബാധയ്ക്കു മുന്നില്‍ നാം നിസ്സംഗരായില്ല. കേരളമാണ് ഈ ദുരിതകാലത്തെ അതിജീവിക്കാനുള്ള 20,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് രാജ്യത്താദ്യമായി പ്രഖ്യാപിച്ചത്. സമൂഹ അടുക്കളകളിലൂടെയുള്ള ഭക്ഷണവിതരണവും സൗജന്യ രോഗചികിത്സയും കൊവിഡ് ആശുപത്രികളുടെ അതിവേഗത്തിലുള്ള സജ്ജീകരണവും കേരളത്തിന്റെ സവിശേഷ നേട്ടങ്ങളാണ്.
ഒരു പ്രതിസന്ധിക്കു മുന്നിലും തളരാന്‍ നാം തയ്യാറല്ല. പ്രളയം നാശം വിതച്ചപ്പോള്‍ പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള സമഗ്ര പദ്ധതിക്കാണ് നാം രൂപം നല്‍കിയത്. സാമ്പത്തിക ഞെരുക്കവും അര്‍ഹതപ്പെട്ടതു ലഭിക്കാത്ത സ്ഥിതിയും വികസന സ്തംഭനത്തിലേക്ക് നയിച്ചേക്കും എന്ന സാഹചര്യത്തിലാണ് നമ്മുടേതായ മാര്‍ഗങ്ങളിലൂടെ വിഭവങ്ങള്‍ കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയത്.
50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസനം ബജറ്റിനു പുറത്ത് പണം കണ്ടെത്തി നടപ്പാക്കാന്‍ കേരളം ആവിഷ്‌കരിച്ച ‘കിഫ്ബി’ നമ്മുടെ പുനരുജ്ജീവനത്തിന്റെ തനതുവഴിയാണ്. 40402.84 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് കിഫ്ബി വഴി ഇതുവരെ അനുവാദം നല്‍കിയത്. ബജറ്റിനു പുറത്തുള്ള ധനസമാഹരണത്തിന്റെ ഭാഗമായി മസാല ബോണ്ടുകള്‍ വഴി 2150 കോടി രൂപ നാം സമാഹരിച്ചു. കിഫ്ബി മുഖേന നമുക്ക് സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റമുണ്ടാക്കാനാണ് സാധിക്കുന്നത്.

കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ളതാണ് ‘സുഭിക്ഷ കേരളം’ പദ്ധതി. 3860 കോടി രൂപ ചെലവില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇതു നടപ്പാക്കും. കൃഷി, മൃഗസംരക്ഷണ, ക്ഷീര വികസന, മത്സ്യബന്ധന വകുപ്പുകളുടെ ഇതിലെ പങ്കാളിത്തം യഥാക്രമം 1449, 118, 215, 2078 കോടി രൂപയുടേതാണ്. 25,000 ഹെക്ടറോളം തരിശുഭൂമിയില്‍ പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കും. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും ചെറുപ്പക്കാരെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
കേരളത്തിന്റെ ഇന്നത്തെ പുരോഗതിക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ പ്രവാസി സമൂഹം എല്ലാ പ്രതിസന്ധിഘട്ടത്തിലും നമുക്ക് താങ്ങും തണലുമായി നിന്നവരാണ്. അവര്‍ക്ക് സുരക്ഷിതത്വം ഒരുക്കാനും തുടര്‍ന്നങ്ങോട്ടുള്ള ജീവിതത്തിന് പിന്തുണ നല്‍കാനുമുള്ള ശ്രമങ്ങളാണ് നാം ഇപ്പോള്‍ നടത്തുന്നത്.

പ്രതിസന്ധികളില്‍ കാലിടറാതെ ദുരന്തങ്ങളെ അതിജീവിച്ചാണ് സര്‍ക്കാര്‍ നാലുവര്‍ഷം പിന്നിട്ടത്. നമ്മുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്ന് പിന്നോട്ടടിപ്പിക്കാന്‍ ഒരു ദുരന്തത്തിനും സാധ്യമായില്ല. എതിര്‍പ്പിനു വേണ്ടിയുള്ള എതിര്‍പ്പും കുപ്രചാരണങ്ങളും സര്‍ക്കാരിന്റെ പ്രയാണത്തെ തളര്‍ത്തിയില്ല.

ക്ഷേമനിധി ആനുകൂല്യം ലഭ്യമല്ലാത്തവരെയും അതിഥി തൊഴിലാളികളെയും അഗതികളെയുമടക്കം എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടാണ് കൊവിഡ് പ്രതിസന്ധിയെ നാം അഭിമുഖീകരിക്കുന്നത്. ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവുമുള്ള നവകേരളമാണ് നമ്മുടെ ലക്ഷ്യം. ഈ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ നവകേരള സൃഷ്ടിക്കായുള്ള പ്രതിജ്ഞയും പ്രതിബദ്ധതയും ആവര്‍ത്തിച്ചുറപ്പിച്ച് നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം- ഒന്നാമതായി തന്നെ നിലകൊള്ളാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.