2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ആദ്യ അലോട്ട്‌മെന്റ് പ്രവേശനം പൂര്‍ത്തിയായി: 49,855 വിദ്യാര്‍ഥികള്‍ ഇപ്പോഴും പുറത്തുതന്നെ

മലപ്പുറം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ആദ്യ അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ പ്രവേശനം ലഭിക്കാതെ ജില്ലയില്‍ പുറത്തുനില്‍ക്കുന്നത്് 49,855 പേര്‍. 81,895 വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയ ജില്ലയില്‍ ആദ്യ അലോട്ടമെന്റില്‍ ഇടംപിടിച്ചത്് 32,040 പേര്‍ മാത്രമാണ്. പുറത്തുനില്‍ക്കുന്ന 49,855 അപേക്ഷകര്‍ക്കായി ജില്ലയില്‍ ഇനി ബാക്കിയുള്ളത് 8,127 സീറ്റും സര്‍ക്കാരിന്റെ പത്തു ശതമാനം വര്‍ധനവും മാത്രം.
ജില്ലയില്‍ ആകെയുള്ള 40,167 മെറിറ്റ് സീറ്റുകളിലേക്കാണ് ഏകജാലക രീതിയില്‍ പ്രവേശനം നല്‍കുന്നത്. ജനറല്‍ വിഭാഗത്തില്‍ ജില്ലയിലുള്ള 21,510 സീറ്റുകളിലേക്കും ആദ്യ ഘട്ടത്തില്‍തന്നെ അലോട്ട്‌മെന്റ് നടന്നപ്പോള്‍ ഇനിയുള്ളതു സംവരണ സീറ്റുകള്‍ മാത്രമാണ്. സംവരണ വിഭാഗങ്ങള്‍ക്കായി മാറ്റിവച്ച അപേക്ഷകരില്ലാത്ത സീറ്റുകള്‍ അടുത്തഘട്ടത്തില്‍ മറ്റു വിഭാഗങ്ങള്‍ക്കു നല്‍കും. ഇത്തരത്തിലുള്ള 8,127 സീറ്റുകള്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതെ ഒഴിവുവരുന്ന സീറ്റുകള്‍ക്കും പുറമേ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ധിപ്പിച്ച പത്തു ശതമാനം സീറ്റുകളുമാണ് ഇനിയുള്ളത്.
പുതിയ തീരുമാനപ്രകാരം 4,120 സീറ്റുകള്‍ മാത്രമാണ് ജില്ലയില്‍ വര്‍ധിക്കുക. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം അപേക്ഷകരുള്ള ജില്ലയാണ് മലപ്പുറം. അപേക്ഷകരുള്ളതിനാല്‍ സംവരണ വിഭാഗങ്ങളായ മുസ്‌ലിം, ഈഴവ, തിയ്യ, ബില്ലവ, വിശ്വകര്‍മ വിഭാഗങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും ആദ്യ അലോട്ട്‌മെന്റില്‍തന്നെ പ്രവേശനം നല്‍കിയിട്ടുണ്ട്. മുസ്‌ലിം സംവരണം 1,754, ഈഴവ, തിയ്യ, ബില്ലവ 2,161, വിശ്വകര്‍മ 449 എന്നീ സീറ്റുകളിലേക്കാണ് മുഴുവന്‍ അലോട്ട്‌മെന്റ് നടന്നത്.
എല്‍.സി ആംഗ്ലോ ഇന്ത്യന്‍ (817), ക്രിസ്ത്യന്‍ ഒ.ബി.സി (276), ഹിന്ദു ഒ.ബി.സി (230), പട്ടികജാതി (1,331), പട്ടികവര്‍ഗം (3,864), ഭിന്നശേഷി (482), കാഴ്ച ശേഷിയില്ലാത്തവര്‍ (142), ദേവര (442), കുശവന്‍ (222), കുടുംബി (321) സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
ആദ്യ അലോട്ട്‌മെന്റില്‍ ഇടംപിടിച്ചവര്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ഇന്നലെ വൈകിട്ട് അഞ്ചിനകം പ്രവേശനം നേടണമെന്നായിരുന്നു നിര്‍ദേശം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.