2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഒന്നാംനിരക്കാര്‍ ഓടിനടക്കുന്നു; ജയിപ്പിക്കാനും ജയിക്കാനും

ജലീല്‍ അരൂക്കുറ്റി

കൊച്ചി: സ്വന്തം മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ മാത്രം പോര മറ്റുള്ളവരുടെ വിജയം ഉറപ്പാക്കുകയും വേണം. സംസ്ഥാന രാഷ്ട്രീത്തിലെ പ്രമുഖര്‍ ഇക്കുറി നേരിടേണ്ടിവരുന്നത് ഇരട്ടവെല്ലുവിളിയാണ്. മൂന്ന് മുന്നണികളിലെയും മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ മത്സരരംഗത്ത് വരുന്നത് ഇക്കുറിയാണ്. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നേതാക്കള്‍ തങ്ങളുടെ മണ്ഡലത്തില്‍ സജീവസാന്നിധ്യം അറിയിക്കുന്നതിനും ഒപ്പം സംസ്ഥാനതലത്തില്‍ പ്രചാരണത്തിനിറങ്ങുന്നതിനും ഓരേപോലെ സമയം കണ്ടെത്തേണ്ടിവന്നിരിക്കുകയാണ്. സംസ്ഥാന പര്യടനം ആരംഭിച്ചിരിക്കുന്ന നേതാക്കളെല്ലാം മണ്ഡലങ്ങളിലേക്ക് പ്രത്യേകം ദിവസങ്ങള്‍ നീക്കിവച്ചുകൊണ്ടാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. പഴയരീതിയില്‍ നിന്ന വ്യത്യസ്തമായി കുത്തക സീറ്റുകളില്‍പോലും കടുത്തമല്‍സരം വരുന്നതും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി സമയം കുടുതല്‍ നീക്കിവെയ്ക്കണമെന്ന ആവശ്യം ഉയരുന്നതും നേതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. വിശ്വസ്തരെ മണ്ഡലത്തിന്റെ പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചുകൊണ്ട്് മൊബൈലിലൂടെയാണ് പ്രമുഖ നേതാക്കളെല്ലാം മണ്ഡലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നടത്തുന്നത്.സംസ്ഥാന ക്യാംപയിനിടയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനും മണ്ഡലംതല ജാഥകള്‍ക്കുമായി നേതാക്കള്‍ സമയം നീക്കിവെച്ചിട്ടുണ്ട്്.

കോണ്‍ഗ്രസില്‍ നിന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ മത്സരിക്കുന്നില്ലെങ്കിലും ഇരുഗ്രൂപ്പുകളുടെയും നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കുറിയും മത്സരരംഗത്താണ്. സിറ്റിങ് സീറ്റുകളായ പുതുപ്പള്ളിയിലും ഹരിപ്പാടുമാണ് ഇരുവരും വീണ്ടും ജനവിധി തേടുന്നത്്. ഇരുവരും തങ്ങളുടെ മണ്ഡലത്തിന് പുറമേ 139 മണ്ഡലങ്ങളിലും ഓടിയെത്താനുള്ള ശ്രമത്തിലാണ്. സി.പി.എമ്മില്‍ നിന്ന് ഇത്തവണ പ്രതിപക്ഷനേതാവ് വി.എസ് അച്യൂതാനന്ദന് പുറമേ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മല്‍സരംഗത്തുണ്ട്്്. ഇടതുമുന്നണിയുടെ പ്രധാനപ്രചാരകരായ ഇരുവര്‍ക്കും സ്വന്തം മണ്ഡലത്തിലും സമയം കണ്ടെത്താതെ വയ്യ. പ്രതിപക്ഷനേതാവ് വി.എസ് മലമ്പുഴയില്‍ കുടുതല്‍ ദിവസം വിനിയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്്. പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ രണ്ട് തവണ പര്യടനം നടത്തിയശേഷമാണ് സംസ്ഥാന പര്യടനത്തിന് ഇറങ്ങിയിരിക്കുന്നത്്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മത്സരരംഗത്ത് നിന്ന് ഇക്കുറി പിന്‍മാറിയതിനാല്‍ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം മാത്രം ഇക്കുറി ഏറ്റെടുത്താല്‍ മതി. എന്നാല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഇക്കുറി അഭിമാനപോരാട്ടമാണ്. സംസ്ഥാന അധ്യക്ഷന്‍ പദവി ഏറ്റെടുത്ത് സംസ്ഥാനരാഷ്ട്രീയത്തിന്റെ മുഖ്യനിരയിലേക്ക് എത്തിയ കുമ്മനത്തിന് സ്വന്തം മണ്ഡലത്തിലെ പോരാട്ടത്തേക്കാള്‍ വലുതാണ് മറ്റ് സീറ്റുകളിലെ ബി.ജെ.പി- ബി.ജെ.ഡി.എസ് സ്ഥാനാര്‍ത്ഥികളുടെ വിജയം.

ബി.ജെ.പിയിലെ ഒട്ടുമിക്ക നേതാക്കളും മത്സരരംഗത്തുള്ളതും സംഘടാനരംഗത്തെ സജീവമാക്കുന്നതിന് തടസമായിട്ടുണ്ട്്. മുന്‍സംസ്ഥാന പ്രസിഡന്റുമാരായ ഒ.രാജഗോപാല്‍, വി.മുരളീധരന്‍, പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭന്‍ എന്നിവരും മല്‍സരംഗത്താണ്്. മുസ്‌ലിം ലീഗ്, സി.പി.ഐ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും മത്സരരംഗത്ത് ഇല്ലാത്തത് വ്യത്യസ്തത പുലര്‍ത്തുകയാണ്. മുസ്‌ലിം ലീഗില്‍ വേങ്ങരയില്‍ വീണ്ടും ജനവിധി തേടുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കാണ് പ്രധാനമായും സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളില്‍ കൂടി ശ്രദ്ധനല്‍കേണ്ടിവരുന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍സെക്രട്ടറി കെ.പി.എ മജീദ് എന്നിവര്‍ക്ക് പ്രചാരണത്തിന് നേതൃത്വം നല്‍കിയാല്‍ മാത്രം മതി. സി.പി.ഐയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ കാനം രാജേന്ദ്രന്‍, കെ.ഇ ഇസ്മയില്‍, ബിനോയ് വിശ്വം, കെ.പി രാജേന്ദ്രന്‍ എന്നിവരൊന്നും മത്സരരംഗത്തില്ല. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിക്ക് പാലയിലെ മത്സരത്തിനൊപ്പം തങ്ങളുടെ സ്ഥാനാര്‍ഥികളുടെ സീറ്റുകളില്‍ ഉള്‍പ്പടെ യു.ഡി.എഫിന് വേണ്ടി പ്രചാരണത്തിനിറങ്ങാതെ പറ്റില്ല. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് , കോണ്‍ഗ്രസ് എസ് നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയ ഇരുമുന്നണികളിലെയും ഘടകകക്ഷിനേതാക്കള്‍ക്കും മത്സരത്തിനൊപ്പം പ്രചാണത്തിനും ഇറങ്ങേണ്ട അവസ്ഥയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.