2018 August 14 Tuesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ഒടുവില്‍ സാംസങ് കീഴടങ്ങി

ഏഴുവര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ലോകോത്തര ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ് ആപ്പിളിന് മുന്നില്‍ കീഴടങ്ങി. ഫിംഗര്‍പ്രിന്റ് ലോക്കിങ് സംവിധാനമടക്കമുള്ള അഞ്ച് കാര്യങ്ങളിലെ പാറ്റന്റുമായി ബന്ധപ്പെട്ട കേസിലാണ് സാംസങ്ങിന് തോല്‍വി നേരിടേണ്ടി വന്നത്.
539 മില്ല്യന്‍ ഡോളര്‍ നഷ്ടപരിഹാരമായി ആപ്പിളിന് നല്‍കാന്‍ സാംസങ്ങിനോട് കോടതി ഉത്തരവിട്ടു.
കാലിഫോര്‍ണിയയിലെ സാന്‍ജോസ് ഫെഡറല്‍ കോടതിയാണ് ഇതുസംബന്ധിച്ച് വിധി പ്രസ്താവിച്ചത്. 2010-11 വര്‍ഷത്തില്‍ സാംസങ് ഇറക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട അഞ്ച് സാങ്കേതികവിദ്യ കോപ്പിയടിച്ചതായി വ്യക്തമാക്കി ആപ്പിള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഏഴുവര്‍ഷത്തിനു ശേഷം അന്തിമവിധി വന്നത്.
ആപ്പിളിന്റെ മൂന്നു പേറ്റന്റുകള്‍ ലംഘിച്ചതിനാണ് നഷ്ടപരിഹാരത്തിന്റെ ഭൂരിഭാഗവും നല്‍കാന്‍ കോടതി വിധിച്ചത്. സാംസങ് ആപ്പിളിന്റെ ചില പേറ്റന്റുകള്‍ ലംഘിച്ചതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ നഷ്ടപരിഹാര തുകയുടെ പേരിലാണ് കേസ് നീണ്ടുപോയത്.
2.5 ബില്ല്യന്‍ യു.എസ് ഡോളര്‍ നഷ്ടപരിഹാരമായി വേണമെന്നായിരുന്നു ആപ്പിള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ 28 മില്ല്യന്‍ യു.എസ് ഡോളര്‍ മാത്രമേ നല്‍കുകയുള്ളൂവെന്ന് സാംസങ്ങും വാദിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന നിയമപോരാട്ടത്തിലാണ് 539 മില്ല്യന്‍ നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
അതേസമയം ഐഫോണിന്റെ സാങ്കേതികവിദ്യ പകര്‍ത്തുകയും അവ ഉപയോഗിക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ സാംസങ് ലോകത്തെ മുന്‍നിര വില്‍പ്പനക്കാരായി മാറില്ലായിരുന്നുവെന്ന് ആപ്പിള്‍ ആരോപിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.