2020 June 03 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഒടുവില്‍ റയല്‍ കീഴടങ്ങി

മാഡ്രിഡ്: തുടര്‍ച്ചയായ 16 മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ച റയല്‍ മാഡ്രിഡ് സ്പാനിഷ് ലാ ലിഗയില്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി. 17ാം മത്സരത്തിനിറങ്ങിയ റയലിനെ സ്വന്തം തട്ടകത്തില്‍ സെവിയ്യയാണ് വീഴ്ത്തിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് സെവിയ്യ വിജയം പിടിച്ചത്.
ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയുടെ 67ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനു ആദ്യ ഗോള്‍ സമ്മാനിച്ചു. എന്നാല്‍ 85ാം മിനുട്ടില്‍ റയല്‍ നായകന്‍ സെര്‍ജിയോ റാമോസിന്റെ സെല്‍ഫ് ഗോള്‍ സെവിയ്യക്ക് അപ്രതീക്ഷിത സമനില സമ്മാനിച്ചു. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ പകരക്കാരന്‍ സ്റ്റീവന്‍ ജോവറ്റിക്ക് സെവിയ്യയുടെ വിജയ ഗോള്‍ നേടി. ഇന്റര്‍ മിലാനില്‍ നിന്നു ലോണില്‍ സെവിയ്യയുടെ കൂടാരത്തിലെത്തിയ ജോവറ്റിക്ക് സെവിയ്യക്കായി ആദ്യ മത്സരത്തിനിറങ്ങി നിര്‍ണായക ഗോളോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി.
മറ്റു മത്സരങ്ങളില്‍ വലന്‍സിയ 2-1നു എസ്പാന്യോളിനേയും എയ്ബര്‍ 3-2നു സ്‌പോര്‍ടിങ് ഗിജോണിനെയും പരാജയപ്പെടുത്തി. വിയ്യാറല്‍- ഡിപോര്‍ടീവോ ലാ കൊരുണ പോരാട്ടം ഗോള്‍രഹിത സമനില.
റയലിന്റെ അപരാജിത കുതിപ്പിനു വിരാമമായതോടെ അതിന്റെ അനുരണനങ്ങള്‍ പോയിന്റ് പട്ടികയിലും പ്രതിഫലിക്കുന്നു. പട്ടികയില്‍ റയല്‍ തന്നെ 40 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും 39 പോയിന്റുമായി സെവിയ്യ രണ്ടാമതും 38 പോയിന്റുമായി ബാഴ്‌സലോണ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. സീസണിന്റെ തുടക്കത്തിലെ തപ്പിത്തടയലിനു ശേഷം അത്‌ലറ്റിക്കോ മാഡ്രിഡും ട്രാക്കിലാണ്. 34 പോയിന്റുമായി നാലാമതുള്ള അവരെയും എഴുതി തള്ളാന്‍ കഴിയില്ല.

യുവന്റസിനെ ഫിയോരെന്റിന അട്ടിമറിച്ചു
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്തുള്ള യുവന്റസിനെ ഫിയോരെന്റിന അട്ടിമറിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഫിയോരെന്റിന വിജയിച്ചത്. കലിനിക്ക്, ബഡെല്‍ജ് എന്നിവരുടെ ഗോളില്‍ മുന്നിലെത്തിയ ഫിയോരെന്റിനക്കെതിരേ ഹിഗ്വെയ്ന്‍ നേടിയ ഗോളില്‍ ലീഡ് കുറയ്ക്കാന്‍ നിലവിലെ ചാംപ്യന്‍മാര്‍ക്ക് സാധിച്ചെങ്കിലും പിന്നീട് ഗോള്‍ വഴങ്ങാതെ ഫിയോരെന്റിന മത്സരം സ്വന്തമാക്കി.
മറ്റു മത്സരങ്ങളില്‍ റോമ 1-0ത്തിനു ഉദീനിസയേയും ഇന്റര്‍ മിലാന്‍ 3-1നു ചീവോയേയും ലാസിയോ 2-1നു അറ്റ്‌ലാന്‍ഡയേയും നാപോളി 3-1നു പെസ്‌ക്കാരയേയും പരാജയപ്പെടുത്തി.
അപ്രതീക്ഷിത തോല്‍വി ഒന്നാമതുള്ള യുവന്റസിനു ഭീഷണിയായിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള റോമ ഒരു പോയിന്റ് മാത്രം പിന്നിലാണിപ്പോള്‍. യുവന്റസിനു 45ഉം റോമയ്ക്ക് 44ഉം പോയിന്റ്. മൂന്നാം സ്ഥാനത്തുള്ള നാപോളിയ്ക്ക് 41 പോയിന്റുകള്‍.

മൊണാക്കോ തലപ്പത്ത്
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ മൊണാക്കോ ഒന്നാം സ്ഥാനത്ത്. ഒളിംപിക്ക് മാഴ്‌സില്ലയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് മൊണാക്കോ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. രണ്ടാമതുള്ള നീസിനും 45 പോയിന്റുകളാണെങ്കിലും ഗോള്‍ ശരാശരിയില്‍ മൊണാക്കോ ബഹുദൂരം മുന്നില്‍. ബെര്‍ണാര്‍ഡോ സില്‍വയുടെ ഇരട്ട ഗോളുകളും റഡാമല്‍ ഫാല്‍ക്കാവോ, ലെമര്‍ എന്നിവരുടെ ഗോളുകളുമാണ് മൊണാക്കോയ്ക്ക് വിജയം സമ്മാനിച്ചത്. നിലവിലെ ചാംപ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.

ക്ലാസ്സിക്ക് സമനില
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും തമ്മിലുള്ള ക്ലാസ്സിക്ക് പോരാട്ടം 1-1നു സമനില. മില്‍നറുടെ ഗോളില്‍ ലീഡെടുത്ത ലിവര്‍പൂളിനെ 84ാം മിനുട്ടില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച് നേടിയ ഗോളിലാണ് റെഡ് ഡെവിള്‍സ് സമനിലയില്‍ തളച്ചത്.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.