2018 June 20 Wednesday
ഇത് നിന്റെ പാത. നീ തനിച്ചും. മറ്റുള്ളവര്‍ ഒപ്പം നടന്നേക്കാം. എന്നാല്‍ നിനക്കുവേണ്ടി നടക്കാന്‍ നിനക്കല്ലാതെ മറ്റാര്‍ക്ക് കഴിയും
-ജലാലുദ്ദീന്‍ റൂമി

ഒടുവില്‍ മോചിതന്‍

സന്‍ആ: യമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിനെ(57) മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഇന്നലെ പുലര്‍ച്ചെയാണ് കോട്ടയം രാമപുരം സ്വദേശിയായ ഉഴുന്നാലില്‍ മോചിപ്പിക്കപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കു ശേഷം ഒമാന്‍ മാധ്യമങ്ങളാണു വാര്‍ത്ത പുറത്തുവിട്ടത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

യമനില്‍നിന്ന് മസ്‌കത്തിലെത്തിയ ഫാ. ടോം വത്തിക്കാനിലേക്കു പോയി. കുറച്ചുനാളത്തെ ചികിത്സയ്ക്കുശേഷമേ നാട്ടിലേക്കു തിരിക്കുകയുള്ളൂവെന്ന് റഷ്യന്‍ സെലേഷ്യന്‍ സഭ അറിയിച്ചു. മോചിതനായ വൈദികന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടാണ് ഉഴുന്നാലിലിന്റെ മോചനം സാധ്യമാക്കിയതെന്നാണു വിവരം. അതേസമയം, വത്തിക്കാന്റെ ഇടപെടലാണു മോചനത്തിനു പിന്നിലെന്നും പ്രചാരണമുണ്ട്.
18 മാസം മുന്‍പാണ് ഫാ. ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. മദര്‍ തെരേസ രൂപംകൊടുത്ത ‘ഉപവിയുടെ സഹോദരിമാര്‍’ (മിഷനറീസ് ഓഫ് ചാരിറ്റി) സന്ന്യാസിനീ സമൂഹം യമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാര്‍ച്ച് നാലിനു ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകള്‍, ആറ് എത്യോപ്യക്കാര്‍, ആറ് യമന്‍കാര്‍ എന്നിവരെ വധിച്ച ശേഷമായിരുന്നു ഇത്. തുടര്‍ന്ന് ഇദ്ദേഹത്തെ മോചിപ്പിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ശ്രമം നടന്നുവരികയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരെല്ലാം പ്രശ്‌നത്തില്‍ ഇടപെട്ടു.

ഇതിനുശേഷം ടോമിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. വൈദികനുമായി ബന്ധപ്പെടാനോ അദ്ദേഹം എവിടെയാണുള്ളതെന്ന് സ്ഥിരീകരിക്കാനോ ആര്‍ക്കും സാധിച്ചിരുന്നില്ല. ടോം കൊല്ലപ്പെട്ടതായും ഇടക്കാലത്ത് വാര്‍ത്തയുണ്ടായിരുന്നു. അതിനിടെ, തന്റെ മോചനത്തിനായി ക്രിസ്ത്യന്‍സഭയോ കേന്ദ്ര സര്‍ക്കാരോ ഇടപെടുന്നില്ലെന്ന് ആരോപിച്ചുള്ള ഫാ. ടോമിന്റെ വിഡിയോ ഒരു ക്രിസ്മസ് ദിനത്തില്‍ പുറത്തുവരികയും ചെയ്തിരുന്നു. മാര്‍പ്പാപ്പയോടും തന്റെ കാര്യത്തില്‍ ഇടപെടണമെന്ന് അദ്ദേഹം വിഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രമന്ത്രി സുഷമാ സ്വരാജിനു പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന്റെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തി.

കോട്ടയം ജില്ലയില്‍ രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനാണ് ടോം. മാത്യു (ഗുജറാത്ത്), ജോഷി, ഡേവിഡ്, റോസമ്മ (മൂവരും യു.എസ്), മേരി (മണ്ണാര്‍കാട്), പരേതനായ ആഗസ്തിക്കുഞ്ഞ് എന്നിവരാണു സഹോദരങ്ങള്‍.

 

ദൈവത്തിന് നന്ദി: ഫാ. ടോം ഉഴുന്നാലില്‍

മസ്‌ക്കറ്റ്: ഭീകരരില്‍ നിന്ന് മോചിതനായതില്‍ ദൈവത്തിന് നന്ദിയെന്ന് ഫാ.ടോം ഉഴുന്നാലില്‍. മസ്‌ക്കറ്റിലെത്തിയശേഷം ഒമാന്‍ ചാനലുകേളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ രക്ഷിക്കാന്‍ പരിശ്രമിച്ച ഒമാന്‍ രാജാവിന് നന്ദിയറിച്ച ഉഴുന്നാലില്‍ അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യവും നേര്‍ന്നു. തന്റെ സുരക്ഷിതത്വത്തിനും മോചനത്തിനുമായി പ്രാര്‍ഥിച്ച എല്ലാ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹോദരി സഹോദരന്മാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.