2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഒടുവില്‍ ബാബുവിനെ പിന്തുണച്ച് സുധീരന്‍

തിരുവനന്തപുരം: അഴിമതി കേസുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍മന്ത്രി കെ.ബാബുവിനെ പരസ്യമായി പിന്തുണച്ച് ഒടുവില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും. സര്‍ക്കാര്‍ രാഷ്ട്രീയമായി പകപോക്കുകയാണെന്നും ബാബുവിനെതിരേ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ ഹാജരാക്കാന്‍ വിജിലന്‍സിന് സാധിച്ചിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി 23 ദിവസത്തിനുശേഷമാണ് സുധീരന്റെ പ്രതികരണം.
സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ ആദ്യ യോഗത്തിന് ശേഷം തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സുധീരന്‍. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു സുധീരന്‍ പത്രസമ്മേളനത്തിന് എത്തിയത്. വിഷയവുമായി ബന്ധപ്പെട്ടു കൃത്യതയോടെ പ്രതികരിക്കുന്നതിനാണു കാത്തിരുന്നതെന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
അഴിമതിക്കെതിരേയുള്ള ഏത് അന്വേഷണത്തേയും സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. അതേസമയം രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേ ശത്രുതാപരമായി കേസെടുക്കുന്നതിനെ ശക്തമായി നേരിടും. കെ. ബാബുവിനെതിരായ അന്വേഷണങ്ങളില്‍ ഒട്ടേറെ കോലാഹലങ്ങള്‍ നടത്തി. പക്ഷേ വിജിലന്‍സിന് കാര്യമായ ഒരു തെളിവും ശേഖരിക്കാനായില്ല. കെ. ബാബുവിനെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് രാഷ്ട്രീയകാര്യസമിതിയില്‍ ഏകകണ്ഠമായ വിലയിരുത്തല്‍ ഉണ്ടായതായും സുധീരന്‍ പറഞ്ഞു. രാഷ്ട്രീയകാര്യസമിതിയില്‍ ഏകകണ്ഠമായാണ് ബാബുവിനെ പിന്തുണക്കാനുളള തീരുമാനം എടുത്തതെന്നു രമേശ് ചെന്നിത്തലയും പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News