2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഒടുവില്‍ നീലക്കുറുക്കന്‍മാര്‍ ചിരിക്കുന്നു

രഞ്ജിത്ത് തൃക്കുറ്റിശ്ശേരി

കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ പരിശീലകന്റെ ഭാരങ്ങളില്ലാതെ ഇറ്റലിയിലെ തന്റെ വസതിയില്‍ ഒഴിവുകാലമാഘോഷിക്കുകയായിരുന്നു ക്ലൗഡിയോ റനിയേരി. ആ സന്ദര്‍ഭത്തില്‍ റനിയേരിയെ തേടിയെത്തിയ സ്റ്റീവ് കട്‌നറെന്ന ഫുട്‌ബോള്‍ ഏജന്റിന്റെ ഫോണ്‍ കോള്‍ ഇംഗ്ലീഷ് ഫുട്‌ബോളിന്റെ മുഖം മാറ്റാനുള്ള നിയോഗത്തിനു തുടക്കമിടുകയായിരുന്നുവെന്നു അന്നാരും സങ്കല്‍പ്പിച്ചു കാണില്ല.
കട്‌നര്‍ ലെയ്സ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ് ഡയറക്ടര്‍ ജോണ്‍ റഡ്കിനുമായി ചര്‍ച്ച ചെയ്ത് റനിയേരിയെ ലെയ്സ്റ്റര്‍ സിറ്റിയുടെ പരിശീലകനായി കൊണ്ടു വന്നു. ലോകത്തിലെ പല വമ്പന്‍ ക്ലബുകളേയും പരിശീലിപ്പിച്ച പരിചയ സമ്പത്ത് റനിയേരിയ്ക്കുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഇറ്റാലിയന്‍ ശൈലി ഇംഗ്ലീഷ് ക്ലബില്‍ ഫലവത്താവുമോയെന്നന്ന് പലരും സംശയിച്ചു. 2000- 2004 കാലഘട്ടത്തില്‍ ചെല്‍സിയെ പരിശീലിപ്പിച്ച് ഇംഗ്ലണ്ടിലെ സാഹചര്യം റനിയേരിക്ക് നന്നായി പരിചയമുണ്ടായിരുന്നെങ്കിലും വിമര്‍ശകര്‍ അതു കാര്യമാക്കിയില്ല. പക്ഷേ ലെയ്സ്റ്റര്‍ റനിയേരിയെ തന്നെ കോച്ചായി നിയമിച്ചു. ലെയ്സ്റ്റര്‍ സിറ്റി ക്ലബിന്റെ അധികൃതര്‍ അന്നെടുത്ത ഇച്ഛാശക്തി നിറഞ്ഞ തീരുമാനം ഇന്നു നീലക്കുറുക്കന്‍മാരുടെ കിരീട വിജയമെന്ന പുതു ചരിത്രത്തിനാണ് പിറവി നല്‍കിയത്.
1884ലാണ് ലെയ്സ്റ്റര്‍ സിറ്റിയെന്ന ഫുട്‌ബോള്‍ ക്ലബ് രൂപം കൊണ്ടത്. 132 വര്‍ഷത്തെ നീണ്ട ചരിത്രമാണ് അവര്‍ക്ക് ഇംഗ്ലീഷ് ക്ലബ് ഫുട്‌ബോളില്‍ അവകാശപ്പെടാനുള്ളത്. എന്നാല്‍ കളിക്കളത്തിലെ പ്രകടനത്തിന്റെ പിന്‍ബലം ഇക്കാര്യത്തിലില്ലെന്നു മാത്രം.
1992ല്‍ ആരംഭിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 2004ലാണ് അവര്‍ ആദ്യമായി കളിക്കുന്നത്. പിന്നീടു പത്തു വര്‍ഷങ്ങള്‍ക്കു ശേഷം 2014ല്‍ വീണ്ടും പ്രീമിയര്‍ ലീഗിലെത്തി. വിഖ്യാതമായ ഒരു തിരിച്ചു വരവ് അടയാളപ്പെടുത്തിയ ഒറ്റ മത്സരത്തിലൂടെ അവര്‍ ലോകത്തിന്റെ ശ്രദ്ധയിലെത്തി. സ്വന്തം മൈതാനമായ കിങ് പവര്‍ സ്റ്റേഡിയത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ 3-1നു പിന്നില്‍ നിന്ന ശേഷം 30 മിനുട്ടിനിടെ നാലു ഗോളുകള്‍ തിരിച്ചടിച്ച് 5-3നു മത്സരം വിജയിച്ച് അവര്‍ ലോകത്തെ ഞെട്ടിച്ചു.
രണ്ടു ഗോള്‍ വ്യത്യാസത്തില്‍ നില്‍ക്കെ ഒരു ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തുന്നത് ചരിത്രത്തില്‍ ആദ്യമായിരുന്നു. പക്ഷേ ആ മികവ് ആവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. തുടര്‍ തോല്‍വികള്‍ നേരിട്ട് തരംതാഴ്ത്തല്‍ ഭീഷണിയിലെത്തിയ ലെയ്സ്റ്റര്‍ ഒന്‍പതില്‍ ഏഴു മത്സരങ്ങള്‍ വിജയിച്ച് പട്ടികയില്‍ 14ാം സ്ഥാനത്തെത്തി അടുത്ത സീസണിലേക്കുള്ള ടിക്കറ്റ് കഷ്ടിച്ചു വാങ്ങി രക്ഷപ്പെടുകയായിരുന്നു.
നൈജല്‍ പിയേഴ്‌സനെന്ന കോച്ചിനെ പുറത്താക്കി 2015-16 സീസണിലേക്ക് റനിയേരിയുമായി ക്ലബ് കരാറിലെത്തി. അതോടെ അവരുടെ മട്ടും ഭാവവും കളിയും മാറി. ആക്രമണവും പ്രതിരോധവും മധ്യനിര കേന്ദ്രീകരിച്ചുള്ള പാസിങ് രീതികളുമെല്ലാം ചേര്‍ന്നു ലെയ്സ്റ്റര്‍ 2015ല്‍ പ്രയാണമാരംഭിച്ചു.
ജാമി വാര്‍ഡിയേയും റിയാദ് മെഹ്‌റസിനേയും മുന്നില്‍ നിര്‍ത്തി റനിയേരി നടപ്പാക്കിയ തന്ത്രം തുടക്കം മുതല്‍ ഒടുക്കം വരെ വമ്പന്‍ വിജയമായി. തുടര്‍ച്ചയായി 11 കളികളില്‍ നിന്നു 13 ഗോളുകള്‍ നേടി വാര്‍ഡി നിസ്റ്റല്‍റൂയിയുടെ പേരിലുണ്ടായിരുന്ന പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കി മുന്നില്‍ നിന്നു നയിച്ചു. സീസണില്‍ വാര്‍ഡി 22 ഗോളുകളും മെഹ്‌റസന്‍ 17 ഗോളുകളുമാണ് അടിച്ചുകൂട്ടിയത്.
ഇംഗ്ലീഷ് താരം ഡാനി ഡ്രിങ്ക്‌വാട്ടറെ മധ്യനിരയുടെ കുന്തമുനയാക്കി നിര്‍ത്തിയാണ് റനിയേരി ലെയ്സ്റ്ററിന്റെ വിജയ ഫോര്‍മുലയ്ക്ക് രൂപം നല്‍കിയത്. മെഹ്‌റസിന്റെ അവസരം സൃഷ്ടിക്കുന്നതിലുള്ള കഴിവും ചെറിയ പഴുതില്‍ പോലും ഗോള്‍ കണ്ടെത്താനുള്ള വാര്‍ഡിയുടെ മികവും ഒപ്പം ടീമിലെ ഏറ്റവും വിലപിടിച്ച താരങ്ങളായ ജപ്പാന്റെ ഷിന്‍ജി ഒകസാകി, ലിയനാര്‍ഡോ ഉല്ല എന്നിവരുടെ മുന്നേറ്റത്തിലെ സാന്നിധ്യവും നിര്‍ണായകമായി. നായകന്‍ വെസ് മോര്‍ഗന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ഏതു മുന്നേറ്റത്തിനും ഭീഷണിയായി നിന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ ഗോള്‍ കീപ്പറായിരുന്ന പീറ്റര്‍ ഷ്‌മൈഷേലിന്റെ മകന്‍ കസ്പര്‍ ഷ്‌മൈഷേലാണ് ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായി അവരുടെ വല കാത്തത്. ലീഗിലുടനീളം 4-4-2 ഫോര്‍മേഷനിലാണ് റനിയേരി ടീമിനെ വിന്ന്യസിപ്പിച്ചത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ആഴ്‌സണല്‍, ലിവര്‍പൂള്‍ തുടങ്ങിയ ലീഗിലെ ബിഗ് ഫൈവ് ടീമുകള്‍ക്കപ്പുറത്തേക്ക് ഇംഗ്ലീഷ് ഫുട്‌ബോളിനെ നയിക്കാന്‍ റനിയേരിക്കും 27 കളിക്കാര്‍ക്കും സാധിച്ചു.
ഒപ്പം വണ്‍ മാന്‍ ഷോ, രണ്ടും മൂന്നും താരങ്ങളുടെ മികവിനെ ആശ്രയിക്കല്‍ തുടങ്ങിയ രീതികളൊന്നുമല്ല ഫുട്‌ബോളില്‍, സംഘ ബലമാണ് ഏറ്റവും വലിയ ശക്തിയെന്നു ലെയ്സ്റ്റര്‍ സിറ്റി ലളിത സുന്ദരമായി തന്നെ ലോകത്തെ ബോധ്യപ്പെടുത്തി എന്നതാണ് ഈ കിരീട നേട്ടം കാണിച്ചു തരുന്നത്. അസാധ്യമായി ഒന്നുമില്ലെന്ന തത്വവും ഈ വിജയങ്ങളില്‍ നിന്നു വായിച്ചെടുക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.