2017 September 21 Thursday
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ ലവനിയിലാദിമമായൊരാത്മരൂപം; അവനവനാത്മസുഖത്തിനാചരിക്കു ന്നവയപരന്നു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

ഒക്ടോബര്‍ 11ന് വേങ്ങര പോളിങ് ബൂത്തില്‍ വോട്ടെണ്ണല്‍ 15ന് വോട്ടെടുപ്പിന് വിവിപാറ്റ് യന്ത്രം

യു.എം മുഖ്താര്‍

 

ന്യൂഡല്‍ഹി: മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ജില്ലയിലെ വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. അടുത്തമാസം 11നാണ് വോട്ടെടുപ്പ്.
15ന് വോട്ടെണ്ണും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് വെള്ളിയാഴ്ച വിജ്ഞാപനമിറങ്ങും. ഈ മാസം 22നാണ് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തിയ്യതി. സൂക്ഷ്മ പരിശോധന 25ന് നടക്കും പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി 27 ആണ്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയതോടെ വേങ്ങര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റംച്ചട്ടം നിലവില്‍ വന്നു.
ബി.ജെ.പിയുടെ സിറ്റിങ് എം.പി.വിനോദ് ഖന്ന മരിച്ചതിനെത്തുടര്‍ന്നു ഒഴിവുവന്ന പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലും 11നു തന്നെ വോട്ടെടുപ്പു നടക്കും. വോട്ടെണ്ണലും 15നു തന്നെയാണ്. മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് മത്സരിക്കാനാണ് കുഞ്ഞാലിക്കുട്ടി രാജിവച്ചത്.
വിവിപാറ്റ് സംവിധാനത്തോടെ നടക്കുന്ന വോട്ടെടുപ്പ് എന്ന പ്രത്യേകതയും വേങ്ങര ഉപതെരഞ്ഞെടുപ്പിനുണ്ടാവും. വോട്ടിങ് യന്ത്രത്തില്‍ ഒരാള്‍ ആര്‍ക്കാണോ വോട്ട്‌ചെയ്തത് അതു രേഖപ്പെടുത്തിയതിന്റെ സ്ലിപ് പ്രിന്റ് ആയി വരുന്ന സംവിധാനമാണ് വോട്ടര്‍ വെരിഫൈഡ് ഓഡിറ്റ് ട്രയല്‍ അഥവാ വിവിപാറ്റ്. പ്രിന്റ് ആയി വന്ന റസിപ്റ്റ് പിന്നീട് യന്ത്രത്തിനടുത്തുള്ള ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കപ്പെടും. വോട്ടിങ് യന്ത്രത്തെ കുറിച്ചു ഭാവിയില്‍ സംശയം ഉയര്‍ന്നാല്‍ ബാലറ്റ് പെട്ടിയിലെ സ്ലിപ്പ് എണ്ണിനോക്കിയാലും വോട്ടുകള്‍ അറിയാം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.